മുട്ടത്തറ ഫ്ളാറ്റ് മൽസ്യത്തൊഴിലാളി പുനരധിവാസ പദ്ധതി ധന സ്രോതസ്സ് സംസ്ഥാന സർക്കാരിന്റെ മാത്രം
മുട്ടത്തറ ഫ്ളാറ്റ് മൽസ്യത്തൊഴിലാളി പുനരധിവാസ പദ്ധതി ധന സ്രോതസ്സ് സംസ്ഥാന സർക്കാരിന്റെ മാത്രമായിരിക്കെ അവസാന നിമിഷം പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിന് നൽകുന്നവർ ജനങ്ങളുടെ മുന്നിൽ സ്വയം അപഹാസ്യരാവുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. കേരള സർക്കാർ ഏറെ ആർജ്ജവത്തോടെ നടപ്പിലാക്കിയ മുട്ടത്തറ ഫ്ളാറ്റ് മൽസ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ ശോഭ കെടുത്തുന്ന രീതിയിലുള്ള നുണപ്രചരണങ്ങൾ നടത്തുന്നവർ പ്രബുദ്ധരായ കേരള ജനതയക്ക് മുൻപിൽ പരിഹാസരാവുക തന്നെ ചെയ്യും.. ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതായി തിരുവനന്തപുരം മുട്ടത്തറയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ വിതരണം മുഖ്യന്ത്രി പിണറായി വിജയൻ ഒക്ടോബർ 31 നു ആണ് നടത്തിയത്. 016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ‘പ്രതീക്ഷ’ എന്ന പേരില്‍ ഫിഷറീസ് വകുപ്പ് വീടുകള്‍ നിര്‍മിച്ച നല്‍കിയത്.
എന്നാൽ മുട്ടത്തറയിലെ ഈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്ര സർക്കാർ ആണെന്ന തരത്തിൽ സൈബർ ഇടങ്ങളിൽ വലിയ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജെ മെഴ്സിക്കുട്ടിയമ്മയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
മുട്ടത്തറ ഫ്ളാറ്റ് മൽസ്യത്തൊഴിലാളി പുനരധിവാസ പദ്ധതി ധന സ്രോതസ്സ് സംസ്ഥാന സർക്കാരിന്റെ മാത്രം……
2016 മെയ് മാസത്തിൽ അധികാരത്തിൽ വന്ന LDF സർക്കാർ സംസ്ഥാനത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ കൈക്കൊണ്ടിരുന്നു.
സർക്കാർ അധികാരത്തിലെത്തുന്ന സമയത്ത് സംസ്ഥാനത്തെ ഭവന രഹിതരായ മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭവനം നിർമ്മിക്കുന്നതിനുള്ള ധനസഹായം 2 ലക്ഷം രൂപയായിരുന്നു. 2016-17 സാമ്പത്തീക വർഷത്തിൽ 3600 ഭവനരഹിതരായ മൽസ്യത്തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതം 72 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്നും അനുവദിക്കുകയുണ്ടായി.
2016-17ൽ തന്നെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഭൂരഹിതരായ മൽസ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതിനുള്ള പദ്ധതിയ്ക്ക് രൂപംനൽകി. ഈ പദ്ധതി പ്രകാരം 800 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് 48 കോടി രൂപ അനുവദിച്ച് ഉത്തരവായി.
സ.ഉ.(സാധാ) നം. 525/2016. മ.തു.വ, തീയതി 18/08/2016.
തീരദേശത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായി സമഗ്ര പദ്ധതിയ്ക്ക് രൂപം കൊടുക്കുന്ന നടപടികളാണ് ഫിഷറീസ് വകുപ്പ് തുടർന്ന് കൈക്കൊണ്ടത്.
ഭവനരഹിതർക്കുള്ള ധനസഹായം 2 ലക്ഷം രൂപയിൽ നിന്നും 4 ലക്ഷം രൂപയാക്കി ഉയർത്തി. ഭൂരഹിത – ഭവന രഹിത മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ചരിത്രത്തിലാദ്യമായി ഭുമിയും വീടും നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഭൂമി വാങ്ങുന്നതിന് 6 ലക്ഷവും, ഭവന നിർമ്മാണത്തിന് 4 ലക്ഷവും ഉൾപ്പെടെ ഓരോ കുടംബത്തിനും 10 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയാണിത്.
200 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം 20 കോടി രൂപ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. GO (Rt) no. 276/2017/F&PD; dated – 01/04/2017.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം ജില്ലയിലെ വലിയ തുറ, ചെറിയതുറ, വലിയ തോപ്പ്, കൊച്ചു തോപ്പ് എന്നീ മൽസ്യ ഗ്രാമങ്ങളിൽ നിന്നും കടലാക്രമണ ഭീഷണിമൂലം ആറ് വർഷത്തോളമായി വിവിധ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കും, തീരത്തിനടുത്ത് വീടുകൾ പൂർണ്ണമായും / ഭാഗീകമായും തകർന്നവർക്കും, ഓഖി ദുരന്തത്തിൽ ഗൃഹനാഥൻ നഷ്ടപ്പെട്ട നാല് കുടുംബക്കൾക്കും ഉൾപ്പെടെ ‘192 ‘മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യമായി ഫ്ളാറ്റ് നിർമ്മിച്ചു നൽകിയത്.
ഫ്ളാറ്റ് സമുച്ചയത്തിനകത്ത് വൈദ്യുതി, കുടിവെള്ളം, സീവേജ്, റോഡുകൾ, ചുറ്റുമതിൽ, പമ്പ് ഹൗസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി 2.25 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
സ.ഉ.(സാധാ)നം.243/2018/മ.തു.വ, തീയതി- 27/3/2018.
ഫ്ളാറ്റ് സമുച്ചയത്തിനുള്ളിൽ കമ്യൂണിറ്റി ഹാൾ, അങ്കൻ വാടി, തൊഴിൽ പരിശീലന കേന്ദ്രം, തീര മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള കോമൺഫെസിലിറ്റി സെന്ററുകൾ നിർമ്മിക്കുന്നതിന് 3.10 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ.ഉ (സാധാ)നം.830/2018/മ.തു.വ, തീയതി-17/10/2018.
മുട്ടത്തറ ഫ്ളാറ്റ് സമുച്ചയം കേന്ദ്ര ഫണ്ടാണെന്ന് മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്,
“LDF സർക്കാർ 2016-17 കാലയളവിൽ 3600 കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നൽകിയപ്പോൾ കേന്ദ്ര സർക്കാർ 299 യൂണിറ്റുകൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയിൽ 60,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി തുക സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നുമാണ് ചിലവഴിച്ചിട്ടുള്ളത്. 2017-18, 2018-19 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പൂർണ്ണമായും അവഗണനയാണ് സംസ്ഥാന ഫിഷറീസ് മേഖല നേരിടുന്നത്
വസ്തുതകൾ ഇതായിരിക്കെ കേരള സർക്കാർ ഏറെ ആർജ്ജവത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ശോഭ കെടുത്തുന്ന രീതിയിലുള്ള നുണപ്രചരണങ്ങൾ നടത്തുന്നവർ പ്രബുദ്ധരായ കേരള ജനതയക്ക് മുൻപിൽ പരിഹാസരാവുക തന്നെ ചെയ്യും..
3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം