UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കപ്പല്‍ നിര്‍മ്മാണം വൈകി; അനില്‍ അംബാനിയുടെ കമ്പനിയില്‍ നിന്ന് നേവി ബാങ്ക് ഗാരണ്ടി വാങ്ങി

ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം റിലൈന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ നിന്ന് സേനയെ വിലക്കുന്നുണ്ടോ എന്ന ചോദ്യം അഡ്മിറല്‍ നേരിട്ടിരുന്നു.

കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കിയിട്ടും നിര്‍മ്മാണം നീണ്ടുപോയ സാഹചര്യത്തില്‍ അനില്‍ അംബാനിയുടെ റിലൈന്‍സ് നേവല്‍ എഞ്ചിനിയറിംഗ് ലിമിറ്റഡില്‍ നിന്ന് ഇന്ത്യന്‍ നേവി ബാങ്ക് ഗാരണ്ടി വാങ്ങി. അഞ്ച് പട്രോളിംഗ് ഷിപ്പുകള്‍ക്കായി 3000 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചിരുന്നത്. റിലൈന്‍സിനെതിരായ നടപടികള്‍ തുടരുകയാണെന്നും നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം റിലൈന്‍സിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ നിന്ന് സേനയെ വിലക്കുന്നുണ്ടോ എന്ന ചോദ്യം അഡ്മിറല്‍ നേരിട്ടിരുന്നു. അതേസമയം കരാര്‍ റദ്ദാക്കുന്നില്ലെന്നും പരിശോധിച്ചുവരുകയാണെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അഡ്മിറല്‍ പറഞ്ഞു. അഡ്മിറലിന്റെ പ്രസ്താവനയോട് ആര്‍എന്‍ഇഎല്‍ പ്രതികരിച്ചിട്ടില്ല.

58,000 കോടി രൂപയുടെ റാഫേല്‍ കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയായി, പ്രതിരോധ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതി ആരോപണങ്ങളും സജീവമായി നില്‍ക്കുന്നതിനിടെയാണ് നേവിയുടെ നടപടി. അഞ്ച് നേവല്‍ ഓഫ് ഷോര്‍ പട്രോള്‍ വെസല്‍സിനുള്ള കരാര്‍ 2011ല്‍ നേടിയത് പിപാവാവ് ഡിഫന്‍സ് ആന്‍ഡ് ഓഫ് ഷോര്‍ എഞ്ചിനിയറിംഗ് എന്ന കമ്പനിയായിരുന്നു. 2016ല്‍ ഈ കമ്പനിയെ അനില്‍ അംബാനി ഗ്രൂപ്പ് വാങ്ങി. പട്രോളിംഗ് ഷിപ്പുകളില്‍ 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് ആയുധ സംവിധാനമുണ്ടായിരിക്കും. എക്‌സ്‌ക്ലൂസിവ് എക്കണോമിക് സോണ്‍ മേഖലയിലെ നിരീക്ഷണമാണ് പ്രധാന ഉദ്ദേശ്യം, ആന്റി പൈറസി പട്രോളുകള്‍, ഫ്‌ളീറ്റ് സപ്പോര്‍ട്ട് ഓപ്പറേഷനുകള്‍, സമുദ്ര സുരക്ഷ തുടങ്ങിയവയ്ക്കും ഇത് ഉപയോഗിക്കും.

കരാര്‍ തുകയുടെ 10 ശതമാനമാണ് ബാങ്ക് ഗാരണ്ടി വരുന്നത്. ഒറിജിനല്‍ കരാര്‍ പ്രകാരം ആദ്യ ഷിപ്പ് 2015ല്‍ പണി പൂര്‍ത്തിയാക്കി നല്‍കേണ്ടതായിരുന്നു. എന്നാല്‍ സമയപരിധി പലതവണ മാറി. കഴിഞ്ഞ വര്‍ഷം ശചി, ശ്രുതി എന്നീ രണ്ട് ഷിപ്പുകള്‍ ഗുജറാത്തിലെ പിപാവാവിലുള്ള റിലൈന്‍സ് ഷിപ്പ് യാര്‍ഡില്‍ പുറത്തിറക്കിയിരുന്നു. പട്രോള്‍ ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ ആദ്യമായി ലൈസന്‍സും കരാറും നേടിയ സ്വകാര്യ കമ്പനി ആര്‍എന്‍ഇഎല്ലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍