നല്ല നീന്തല്ക്കാരനായിട്ട് പോലും ഇയാളെ തിരിച്ച് കരക്കെത്തിക്കാന്‍ രാഹുല്‍ അര മണിക്കൂറെടുത്തു. കടല്‍ അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു.
കൊച്ചി വൈപ്പിന്‍ ബീച്ചില്‍ കടലില്‍ മുങ്ങിയ ആളെ നേവി ഉദ്യോഗസ്ഥന് രക്ഷിച്ചു. നാവിഗേറ്റിംഗ് ഓഫീസറായ രാഹുല്‍ ദുലാല്‍ ആണ് മുങ്ങുകയായാളെ രക്ഷിച്ചത്. ഈ സമയം ഐഎന്‍എസ് സത്ലജി വൈപ്പിനിലുണ്ടായിരുന്നു. ഭാര്യയ്ക്കൊപ്പം വൈകുന്നേരം കാഴ്ചകള്‍ കണ്ടുനില്‍ക്കുകയായിരുന്നു നേവി ഉദ്യോഗസ്ഥന്. അപ്പോളാണ് ഒരാള്‍ വെള്ളത്തില്‍ നീന്താന്‍ കഴിയാതെ മുങ്ങുന്നതായും സഹായം അഭ്യര്‍ത്ഥിച്ച് ഉറക്കെ വിളിച്ചുപറയുന്നതും ശ്രദ്ധയില്‍പെട്ടത്. ഒരു ആള്‍ക്കൂട്ടം അവിടെയുണ്ടായിരുന്നെങ്കിലും അവര്‍ക്ക് അയാളെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഉടന്‍ തന്നെ രാഹുല്‍ കടലിലേയ്ക്ക് ചാടി.
വളരെ വേഗം മുങ്ങുന്നയാളിനടുത്തെത്തി. എന്നാല്‍ നല്ല നീന്തല്ക്കാരനായിട്ട് പോലും ഇയാളെ തിരിച്ച് കരക്കെത്തിക്കാന്‍ അര മണിക്കൂറെടുത്തു. കടല്‍ അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു. മുങ്ങിയ ആള് മരണവെപ്രാളത്തില്‍ നേവി ഉദ്യോഗസ്ഥനെ പിടിച്ചുവലിച്ചത് ഇരുവരുടേയും ജീവിനെ അപകടത്തിലാക്കി. അത്യാവശ്യം നല്ല ശരീരഭാരമുള്ള ഇയാളെയും വഹിച്ച് രാഹുല്‍ നീന്തി കരക്കറിങ്ങി. നാട്ടുകാരും സഹായത്തിനുണ്ടായിരുന്നു. അപ്പോളേയ്ക്ക് മുങ്ങിയ ആള്‍ക്ക് ബോധം നഷ്ടപ്പെടുകയും ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. ഇയാളുടെ വായില്‍ കണ്ടല്‍ ചെടികള്‍ പെട്ടിരുന്നു. കരയിലെത്തിച്ച ശേഷം പൊലീസിനെ വിവരമറിയിച്ചു. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് അയാളെ മാറ്റി.