പത്തു മാസങ്ങള്‍ക്കു മുന്‍പ് കാണാതായ ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കര്‍ണാടക പൊലീസ് കൈമാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ മാധ്യമങ്ങള്‍ വഴി പുറത്തു വന്നിരുന്നു
2018 മാര്‍ച്ച് 22ന് കോട്ടയത്തു നിന്നും കാണാതായ ജെസ്‌നയെക്കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നും, അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അന്വേഷണ സംഘം. ജെസ്‌നയെക്കുറിച്ച് അത്തരത്തിലൊരു വാര്‍ത്തയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അന്വേഷണം പുരോഗമിച്ചു വരികയാണെന്നുമാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പത്തു മാസങ്ങള്‍ക്കു മുന്‍പ് കാണാതായ ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കര്‍ണാടക പൊലീസ് കൈമാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ മാധ്യമങ്ങള്‍ വഴി പുറത്തു വന്നിരുന്നു.
മുണ്ടക്കയത്തുള്ള മാതൃസഹോദരിയുടെ വീട്ടിലേക്കു പോകാനായിറങ്ങിയ ജെസ്‌ന മരിയ ജെയിംസിനെ എരുമേലിയില്‍ കണ്ടതായി വരെ സാക്ഷിമൊഴികളുണ്ട്. എരുമേലിയെത്തിയ ശേഷം ജെസ്‌ന എങ്ങോട്ടു പോയി എന്നതിന് വ്യക്തമായ തെളിവുകളില്ല. കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിതാവ് ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും, സൈബര്‍ സെല്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ജെസ്‌ന അവസാനമായി മെസേജുകളയച്ച സുഹൃത്തിലേക്കും ജെസ്‌നയുടെ പിതാവിലേക്കും വരെ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലായി സംശയം നീണ്ടിരുന്നു. ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ നിന്നും സംസ്ഥാനത്തിനകത്ത് പലയിടങ്ങളില്‍ നിന്നും ജെസ്‌നയോടു സാമ്യമുള്ളവരെ കണ്ടതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍, ജെസ്‌നയുടെ തിരോധാനത്തിന് ഒരു വര്‍ഷം തികയാന്‍ അല്പകാലം മാത്രം ബാക്കി നില്‍ക്കുമ്പോഴും, കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
താന്‍ മരിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ജെസ്‌ന മുന്‍പ് സുഹൃത്തിന് അയച്ചിരുന്നത്. ഇതിന്റെ ചുവടു പിടിച്ചാണ് ജെസ്‌ന മരിച്ചിരിക്കാം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ മാധ്യമങ്ങളില്‍ വന്നിരുന്നതും. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ വളരെക്കാലം മുന്‍പ് അയച്ചിരുന്നതാണെന്നും, ഈ അവസരത്തില്‍ അതു കണക്കിലെടുത്ത് അത്തരമൊരു തീരുമാനത്തിലെത്തേണ്ടതില്ലെന്നുമാണ് ജെസ്‌നയുടെ കുടുംബത്തിന്റെ വിശദീകരണം. കാണാതായ ദിവസം ഒന്‍പതേ മുപ്പതിനുള്ള ബസ്സില്‍ ജെസ്‌ന മുണ്ടക്കയത്തു നിന്നും കയറിയിട്ടുണ്ടെന്നു തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളുണ്ട്. എരുമേലിയിലെത്തിയതായ സാക്ഷിമൊഴികളുമുണ്ട്. ജെസ്‌നയുടെ ഫോണിലേക്കു വന്നിരുന്ന കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു ഏറിയ പങ്കും അന്വേഷണം നടന്നിരുന്നത്. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും മാറി മാറി പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്ന വാര്‍ത്തകളാണ് അതിനിടെ വന്നു കൊണ്ടിരുന്നത്.
തമിഴ്‌നാട്, കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ജെസ്‌നയോട് സാമ്യമുള്ള ചിത്രങ്ങളും അന്വേഷണത്തിന് ആധാരമായി. ഒടുവില്‍ ജെസ്‌ന മനഃപൂര്‍വം മാറിനില്‍ക്കുകയാണെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്നിരുന്ന ഊഹാപോഹങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമായിരുന്നു താനും. അതേ തരത്തിലാണ് ഇപ്പോള്‍ ജെസ്‌നയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും പൊലീസ് അന്വേഷണം നിര്‍ത്തുന്നതായും വന്നിരിക്കുന്ന വാര്‍ത്തകളും എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.