UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുപ്രവര്‍ത്തകരുടെ അറസ്റ്റ്: മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി

ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൂനെ പൊലീസിന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കമ്മീഷന്റെ നടപടി. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭീമ കൊറിഗാവില്‍ കലാപത്തിന് പ്രേരണ നല്‍കിയതായും മാവോയിസ്റ്റ് ബന്ധമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമെല്ലാം ആരോപിച്ചാണ് ജൂണിലും ഓഗസ്റ്റ് 28നുമായി സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ജൂണിലെ അറസ്റ്റുമായി ബന്ധപ്പെട്ട് ജൂണ്‍ 29ന് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ നോട്ടീസും നാലാഴ്ചയ്ക്കകം മറുപടി അറിയിക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ്. എന്നാല്‍ ഇതിലും മറുപടി വന്നിട്ടില്ല.

വീട്ടുതടങ്കലിലായിക്കിയിരിക്കുന്ന ഡല്‍ഹിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ പൂനെയിലേയ്ക്ക് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കീഴ്‌ക്കോടതിയുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. തന്നെ പൂനെയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഫരീദാബാദ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ട്രാന്‍സിറ്റ് റിമാന്‍ഡിനെതിരെ സുധ ഭരജ്വാജ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്ക് യാതൊരു ബന്ധവുമില്ലാ ഒരു സംഭവത്തിന്റെ പേരിലാണ് അറസ്റ്റെന്ന് സുധ ഭരദ്വാജ് കോടതിയെ അറിയിച്ചു. തനിക്കെതിരെ എഫ്‌ഐആര്‍ പൊലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്റെ ആശയങ്ങളുടെ പേരിലാണ് പീഡിപ്പിക്കുന്നതും കസ്റ്റഡിയിലെടുത്തതെന്നും സുധ ഭരദ്വാജ് ആരോപിച്ചു. ഗൗതം നവ്‌ലാഖയുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് അംഗീകരിച്ച സാകേത് കോടതി നടപടിയെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍