UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജിഹാദ്’ ഇല്ല, ‘ലവ്’ മാത്രം: ഹാദിയ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് എന്‍ഐഎ

കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു.

ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനത്തിന്റേയാേ ഇടപെടലുകളുടെയോ തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്ന് എന്‍ഐഎ. കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. ഇനി ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. 11 മിശ്രവിവാഹങ്ങളും മതപരിവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചത്. മൊത്തം 89 മിശ്രവിവാഹ കേസുകളില്‍ നിന്നാണ് ഈ 11 എണ്ണം എന്‍ഐഎ തിരഞ്ഞെടുത്തത്.

പിതാവ് അശോകന്റെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഹാദിയയുടേയും ഷഫിന്‍ ജഹാന്റേയും വിവാഹം റദ്ദാക്കുകയും പിന്നീട് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ടും പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശവും മൗലികാവകാശങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍ ഷഫിന്‍ ജഹാന് നേരെ ആരോപിക്കപ്പെട്ടിരുന്ന തീവ്രവാദ ബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ അന്വേഷണം തുടരുകയായിരുന്നു. കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച കേസാണ് ഹാദിയ കേസ്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സമാനചിന്താഗതിക്കാരും ഹാദയയ്്ക്കും ഷഫിന്‍ ജഹാനും സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ പ്രകാരം എന്തെങ്കിലും കുറ്റം ചുമത്താനുള്ള തെളിവുകള്‍ ഇവര്‍ക്കെതിരെ കിട്ടിയിട്ടില്ല. ലവ് ജിഹാദ് ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. അതേസമയം പോപ്പുലര്‍ ഫ്രണ്ടിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കുന്നില്ല. കൊലപാതകങ്ങളടക്കം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ള സംഘടനയാണ് പിഎഫ്‌ഐ എന്നും ഇത്തരം കേസുകളിലെല്ലാം സംഘടനയ്‌ക്കെതിരെ അന്വേഷണം തുടരേണ്ടതുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

ഹാദിയ-ഷെഫീൻ ജഹാൻ, വിവാഹാശംസകൾ: സുപ്രീം കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍