UPDATES

ട്രെന്‍ഡിങ്ങ്

നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; ഇന്ത്യക്ക് കൈമാറാന്‍ വൈകും

ഇന്ത്യക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ നടപടികള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്.

വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ നിരവ് മോദിയെ ഹാജരാക്കും. കഴിഞ്ഞ ദിവസം കോടതി നിരവ് മോദിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം ഇന്ത്യക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ നടപടികള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജ്വല്ലറി വ്യാപാരികളായ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും വിദേശത്തേയ്ക്ക് കടന്നത്. നിരവ് മോദി വിദേശത്ത് സ്വതന്ത്രവിഹാരം നടത്തുകയായിരുന്നു.

നിരവ് മോദിയും വിജയ് മല്യയുമെല്ലാം വിദേശത്ത് ഇത്തരത്തില്‍ സ്വതന്ത്ര വിഹാരം നടത്തുന്നത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും സഹായവും കൊണ്ടാണ് എന്ന് പ്രതിപക്ഷം വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിരവ് മോദിയെ വിട്ടുകിട്ടാനായി ഇന്ത്യ യുകെയ്ക്ക് അപേക്ഷ നല്‍കിയത്. അതേസമയം നിരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് യുകെ ഇന്ത്യയോട് രേഖകള്‍ ആവശ്യപ്പെടുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചില്ലെന്നത് വിവാദമായിരുന്നു.

മെഹുല്‍ ചോക്‌സി യുഎസിലേയ്ക്ക് കടന്നത് സംബന്ധിച്ച് സിബിഐ അടക്കമുള്ള ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ യുഎസ് അധികൃതര്‍ നല്‍കിയിട്ടും ചോക്‌സി ആന്റിഗ്വയിലേയ്ക്ക് പോയി പൗരത്വവും നേടിയ ശേഷമാണ് ഇന്ത്യ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയത്. ഇന്ത്യയിലെ മോശമായ ജയില്‍ സൗകര്യങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ വിജയ് മല്യ അടക്കമുള്ള വായ്പാ തട്ടിപ്പുകാര്‍ ഉന്നയിച്ചിരുന്നു. നിരവ് മോദിയും ഇത് ഉന്നയിക്കാനിടയുണ്ട്. അതേസമയം നിരവ് മോദിയുടെ അറസ്റ്റ് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ആശ്വാസവും പ്രചാരണവിഷയവുമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍