UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അവ്യക്തതകളില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കാര്യക്ഷമമായി ഉപയോഗിക്കും’ : തോമസ് ഐസക്

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിൻവലിച്ചത് ദുരൂഹം ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനു ചിലര്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സി എം ഡി ആർ എഫിലേക്ക് പൊതു ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്ന സമ്പ്രദായത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നു അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പിൽ അറിയിച്ചു.

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന തുകയെല്ലാം പ്രത്യേക അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിൻവലിച്ചത് ദുരൂഹം ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ഏറ്റവും കാര്യകാര്യക്ഷമമായി വിനിയോഗിക്കാന്‍ എല്ലാ ശ്രദ്ധയും സര്‍ക്കാര്‍ പുലര്‍ത്തും എന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസക്കിന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

CMDRF കാലാ കാലങ്ങളായി ട്രഷറിക്ക് പുറത്ത് SBI യുടെ savings ബാങ്ക് അക്കൌണ്ടില്‍ ആണ് നിക്ഷേപിക്കുന്നത്. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് എമ്പാടുമുള്ള മലയാളികളും കേരളത്തെ സ്നേഹിക്കുന്ന മറ്റു വ്യക്തികളും സ്ഥാപനങ്ങളും കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമത്തില്‍ പങ്കാളികളാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. എല്ലാവര്ക്കും തടസ്സ രഹിതമായി CMDRFല്‍ സംഭാവന അടയ്ക്കുന്നതിനായി വിവിധ payment options നല്‍കുന്നതിനായി മറ്റു ബാങ്കുകളില്‍ 15 പുതിയ അക്കൌണ്ടുകള്‍ കൂടി ആരംഭിച്ചു.

ആഗസ്റ്റ്‌ 8നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രളയം നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന അഭ്യര്‍ഥിച്ചത്. ആഗസ്റ്റ്‌ 9 മുതലുള്ള ഈ മുഴുവന്‍ അക്കൌണ്ടുകളിലും എത്തുന്ന തുക പ്രളയ ദുരിതാശ്വാസ നിധിയായിട്ടാണ് കണക്കിലെടുക്കുന്നത്.ധനകാര്യ വകുപ്പിന്‍റെയും CMDRFന്‍റെയും വെബ്സൈറ്റില്‍ ദിനം പ്രതിയുള്ള വരവ് കണക്കുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഓഖി സമയത്ത് CMDRFല്‍ ലഭിച്ച തുക ഓഖി ദുരിതാശ്വാസമായി കണക്കാക്കി അതിന് പ്രത്യേക കണക്കു സൂക്ഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതേ രീതിയാണ് ഇപ്പൊ പ്രളയ ദുരിതാസ്വശ്വാസത്തിലും സ്വീകരിക്കുന്നത്. സാധാരണ സമയങ്ങളില്‍ ഈ നിധിയുടെ പ്രധാന വരുമാനം സംസ്ഥാന ബജറ്റില്‍ നിന്നും ഇതിലേക്ക് മാറ്റുന്ന തുകയാണ്. 2015-16 ല്‍346 കോടി രൂപയും 16-17ല്‍ 200 കോടി രൂപയുമാണ് CMDRFലേക്ക് ബജറ്റില്‍ നിന്നും നിക്ഷേപിച്ചത്.എന്നാല്‍ ഇപ്പോള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവനയാണ് മുഖ്യ സ്രോതസ്. ഇതെല്ലാം ട്രഷറിക്ക് പുറത്ത് പ്രത്യേക ബാങ്ക് അക്കൌണ്ടുകളില്‍ ആണ് സൂക്ഷിക്കുന്നത്.

ട്രഷറിയില്‍ തുറന്ന പുതിയ SB അക്കൌണ്ടിനെ മുന്നിര്‍ത്തിയുള്ള ആശന്കയ്ക്കു അടിസ്ഥാനമില്ല. എന്താണീ ട്രഷറി അക്കൗണ്ട് സംബന്ധിച്ച പ്രശ്നമെന്നു നോക്കാം.
സാധാരണയിൽ നിന്നു ഭിന്നമായി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ ജീവനക്കാരുടെ ഓണ അലവൻസ് CMDRFലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇത് ബന്ധപ്പെട്ട ബജറ്റ് കണക്കിൽ കുറവ് ചെയ്ത് CMDRF ഫണ്ടിലേക്ക് മാറ്റുകയാണ് വേണ്ടത്. ഇതിനായി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ ഒരു ട്രഷറി SB അക്കൌണ്ട് തുടങ്ങുകയാണ് ചെയ്തത്. ഈ അക്കൗണ്ട് തുറക്കണമെങ്കിൽ ഒരു സർക്കാർ ഉത്തരവ് വേണം. . മറ്റു സംഭാവന തുകകളും കൂടി ഇതിൽ ഒടുക്കാം എന്നത് സൃഷ്ട്ടിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇറക്കിയ തിരുത്തല്‍ മാത്രമാണ് രണ്ടാമത്തെ ഉത്തരവ്. ഇത് പ്രകാരം സർക്കാർ ജീവനക്കാരുടെയും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെയും സംഭാവനകള്‍ മാത്രം ഈ ട്രഷറി SB യിൽ ഇട്ടാൽ മതി എന്ന് ഉത്തരവായി. അതായത്, പൊതുജനങ്ങളും സ്ഥാപനങ്ങളും എല്ലാം തരുന്ന സംഭാവന നേരത്തെ തന്നെയുള്ള വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ നേരത്തെയുള്ള രീതി പ്രകാരം തന്നെ ആണ് നിക്ഷേപിക്കുക എന്ന് വ്യക്തമാക്കി എന്നര്‍ത്ഥം.

ഈ ബാങ്ക്അക്കൌണ്ടിലും മേല്‍പ്പറഞ്ഞ ട്രഷറി SBയിലും വരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംസ്ഥാന സഞ്ചിത നിധിയിലല്ല എന്നത് എല്ലാവരും മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ധന കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. ഇത് അഡ്മിനിസ്റ്റർ ചെയ്യുന്നത് റവന്യൂ ഡിപ്പാർട്ട് മെന്റാണ്. എന്നുവെച്ചാൽ സാധാരണ ബജറ്റ് ചെലവുകൾക്ക് ഒരു ബജറ്റ് കണക്ക് ശീർഷകത്തിൽ നിന്ന് ട്രഷറി വഴി ഈ പണം എടുക്കാൻ കഴിയില്ല എന്നര്‍ത്ഥം. പ്രധാന ചെലവുകൾക്കെല്ലാം മന്ത്രിസഭ തീരുമാനിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കണം.മൂന്നു ലക്ഷം രൂപവരെയാണ് മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്ന പരിധി.അതിന് മുകളില്‍ മന്ത്രിസഭയ്ക്കാണ് അല്ലാതെ CMDRF ൽ നിന്നും പണം സാധാരണ പോലെ മറ്റു ചെലവുകൾക്ക് എടുത്ത് വകമാറ്റാൻ കഴിയില്ല.

ഇപ്പോൾ ദൈനം ദിന വരുമാനം പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതെല്ലാം ബാങ്കുകളിൽ എത്ര തുക വീതം എന്ന് പരസ്യമായി പ്രസിദ്ധീകരിക്കുന്നു. അധികാരമുള്ളത്.CMDRFലെ പൊതു സംഭാവനയെല്ലാം ഇങ്ങനെ പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലാണ്.പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന സഹായം പൊതുജനങ്ങള്‍ക്കു മുന്നില്‍ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഏതാണ്ട് ഇപ്പോൾ ലഭിച്ച 1200 ¬-1300 കോടി ഈ ബാങ്ക് അക്കൗണ്ടുകളിലാണ്. ട്രഷറി അക്കൗണ്ടിൽ ജീവനക്കാരിൽ നിന്നും പിടിച്ച 117 കോടി മാത്രമാണുള്ളത്. ഇവ ഒന്നും ദൈനംദിന ഭരണ ചെലവുകൾക്ക് തൊടാനുമാകില്ല.

CMDRF വഴിയുള്ള സഹായം LDF സര്‍ക്കാര്‍ ഏറെ സുതാര്യമാക്കുകയാണ് ചെയ്തത്. അതിന്‍റെ അപേക്ഷ സ്വീകരിക്കല്‍ മുതല്‍ സഹായ വിതരണം വരെ ആര്‍ക്കും തിരഞ്ഞു അറിയാന്‍ പാകത്തിലുള്ള വെബ്‌ അധിഷ്ട്ടിത സംവിധാനമാക്കി മാറ്റുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഈ ഫണ്ടില്‍ നിന്നുമുള്ള ചെലവ് യഥാര്‍ത്ഥ ദുരിത നിവാരണ, പുനര്‍ നിര്‍മ്മാണ പ്രവര്തികള്‍ക്കെ ഉപയോഗിക്കൂ എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാധാരണ ബജറ്റ് വഴിയുള്ള സര്‍ക്കാര്‍ ചെലവുകള്‍ക്ക്‌ പ്രളയ ദുരിതാശ്വാസ നിധിയിലെ പണം എടുക്കാന്‍ കഴിയുകയുമില്ല അതിന് സര്‍ക്കാര്‍ തുനിയുകയുമില്ല. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ജാഗ്രതയാണ് ജനാധിപത്യ ഭരണ ക്രമത്തില്‍ സുതാര്യതയും കാര്യ ക്ഷമതയും ഉയര്‍ത്തുന്നത്. ജാഗ്രതപ്പെടുത്തലുകളെ സര്‍ക്കാര്‍ ആ ഗൌരവത്തില്‍ തന്നെയാണ് വീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ മലയാളികളും കേരളത്തെ അതിരറ്റു സ്നേഹിക്കുന്ന എല്ലാവരും നല്‍കുന്ന പ്രളയ ദുരിതാശ്വാസ സഹായം അതേ കാര്യത്തിനു മാത്രം ഏറ്റവും കാര്യ ക്ഷമമായി വിനിയോഗിക്കാന്‍ എല്ലാ ശ്രദ്ധയും സര്‍ക്കാര്‍ പുലര്‍ത്തും. അസാധാരണമായ പ്രളയം തീര്‍ത്ത ദുരിതത്തിന്‍റെ കെടുതികളില്‍ നിന്നും കേരളത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ എല്ലാവരും കൈകോര്‍ക്കുമെന്നു സര്‍ക്കാരിന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സന്ബന്ധിച്ചു അവ്യക്തതകള്‍ ഉണ്ട് എന്ന് വാസ്തവ വിരുദ്ധമായി നടത്തുന്ന പ്രചാരണത്തില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍