UPDATES

ട്രെന്‍ഡിങ്ങ്

മാരാമണ്‍ കണ്‍വന്‍ഷന്‍: സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഒഴിവാക്കാന്‍ രാത്രിയോഗം തന്നെ വേണ്ടെന്നു വച്ച് സഭ

ആറരയ്ക്ക് ആരംഭിച്ച് എട്ട് മണിക്ക് അവസാനിക്കുന്ന രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല.

മാരാമണ്‍ കണ്‍വന്‍ഷനില്‍ ആറരയ്ക്ക് ശേഷമുള്ള യോഗങ്ങള്‍ ഒഴിവാക്കി സര്‍ക്കുലര്‍. രാത്രികാലയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് രാത്രി യോഗം തന്നെ വേണ്ടെന്നുവച്ചുകൊണ്ടാണ് സഭ ‘പരിഹാരം’ കണ്ടെത്തിയിരിക്കുന്നത്. ആറരയ്ക്ക് ശേഷം നടത്തി വന്നിരുന്ന സായാഹ്ന യോഗങ്ങളുടെ സമയം പുനക്രമീകരിച്ചുകൊണ്ടാണ് നടപടി. ഇനി മുതല്‍ വൈകിട്ട് ആറരയ്ക്ക് യോഗം അവസാനിക്കും. ആ സമയം വരെയുള്ള യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആറരയ്ക്ക് ശേഷമുള്ള യോഗത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് പരിപാടികള്‍ പുനഃക്രമീകരിച്ചിരിക്കുന്നതെന്ന വിശദീകരണമാണ് സര്‍ക്കുലറിലൂടെ ജോസഫ് മാര്‍ത്തോമ മെത്രോപ്പോലീത്ത നല്‍കിയിരിക്കുന്നത്. ആറരയ്ക്ക് ആരംഭിച്ച് എട്ട് മണിക്ക് അവസാനിക്കുന്ന രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ യോഗത്തിന്റെ സമയം വൈകിട്ട് അഞ്ച് മുതല്‍ ആറര വരെ എന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കും.

ഏതാനും വര്‍ഷങ്ങളായി ആറരയ്ക്ക് ശേഷമുള്ള യോഗങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിനെതിരെ പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. ‘മാരാമണ്‍ കണ്‍വന്‍ഷനിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി കണ്‍വന്‍ഷന് മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പ്രതിഷേധക്കാര്‍ സത്യാഗ്രഹവും ഇരുന്നു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമേയാവതരണത്തിനും കണ്‍വന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ തന്നെ ശ്രമം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാത്രി യോഗത്തില്‍ സ്ത്രീപ്രവേശനം വേണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ആറരയ്ക്ക് ശേഷമുള്ള യോഗങ്ങളിലും സ്ത്രീകളെ പങ്കെടുപ്പിക്കണമെന്ന് ഒരു കൂട്ടം വിശ്വാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും സഭ അതിന് വഴങ്ങിയില്ല.

കണ്‍വന്‍ഷന്‍ ആരംഭകാലങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രിയിലുള്ള നിയന്ത്രണം നിലനിന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീയെ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചിരുന്നു. അതിന് പിന്നാലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് സഭ തീരുമാനിക്കുകയായിരുന്നു. താല്‍ക്കാലിക പ്രശ്‌നപരിഹാരം എന്ന നിലയില്‍ എടുത്ത തീരുമാനം വര്‍ഷങ്ങള്‍ക്ക് ശേഷവും തുടര്‍ന്ന് പോരുന്നതിലായിരുന്നു ഒരു കൂട്ടം വിശ്വാസികളുടെ പ്രതിഷേധം. അലിഖിത നിയമമായി മാറി പിന്നീട് ഇത് ഒരു ആചാരം പോലെ തുടര്‍ന്ന് പോരുകയാണെന്നും ഇത് സ്ത്രീകള്‍ക്കുള്ള നീതി നിഷേധമാണെന്നും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതിനെല്ലാം ഉള്ള മറുപടിയായാണ് സഭയുടെ പുതിയ തീരുമാനം. ഇതിന് പുറമെ മലങ്കര മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന് 100 വയസ്സ് തികയുന്ന സാഹചര്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് തലേദിവസം ഒരു ലക്ഷം സ്ത്രീകളുടെ സംഗമവും സംഘടിപ്പിക്കും. ഫെബ്രുവരി പത്തിനാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍