UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്നുകാലി വില്‍പ്പന നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലയാളിയായ സാബു സ്റ്റീഫന്‍, ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി നിലപാട് എടുത്തു. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിലെ 11 (3) (ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന പുതിയ ഉത്തരവ് റദ്ദാക്കണം. മേയ് 23-ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഖുറേഷിയുടെ ഹര്‍ജിയില്‍ പറയുന്നത്.

ഗോരക്ഷാസംഘങ്ങളും മറ്റും കര്‍ഷകരെ ഉപദ്രവിക്കുന്നതിലേക്കും ഇത് വഴിവെയ്ക്കുമെന്നും കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മതവിശ്വാസങ്ങള്‍ക്കെതിരാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28-ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍