UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ ഇടതുപക്ഷത്തിന് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി; സമയം വൈകി പത്രിക കൊടുത്തതിനാല്‍ തള്ളിയേക്കും

ആറ് സീറ്റുകളില്‍ അഞ്ചെണ്ണവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉറപ്പാണ്. അവശേഷിക്കുന്ന സീറ്റിലേക്കാണ് കൊല്‍ക്കത്ത മുന്‍ മേയര്‍ ബികാശ് രഞ്ജന്‍ ഭട്ടാചാര്യയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളപ്പെടാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് സീറ്റുകളില്‍ അഞ്ചെണ്ണവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉറപ്പാണ്. അവശേഷിക്കുന്ന സീറ്റിലേക്കാണ് കൊല്‍ക്കത്ത മുന്‍ മേയര്‍ ബികാശ് രഞ്ജന്‍ ഭട്ടാചാര്യയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചത്. എന്നാല്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായായിരുന്ന വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് അധികസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഭട്ടാചാര്യയ്ക്ക് സാധിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്.

നേരത്തെ ഈ സീറ്റിലേക്ക് എംപിയായ പ്രദീപ് ഭട്ടാചാര്യയുടെ പേര് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുകയും അദ്ദേഹം കൃത്യസമയത്ത് പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിക്ക് ശേഷമാണ് ഇടത് സ്ഥാനാര്‍ത്ഥി അധിക സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും അതിനാല്‍ സ്വീകരിക്കാനാവില്ലെന്നും നിയമസഭ സെക്രട്ടറി ജയന്ത് കോലെ അറിയിച്ചു. എന്നാല്‍ എല്ലാ ഫോമുകളും സത്യവാങ്മൂലവും നിശ്ചിത സമയത്തിന് മുമ്പ് തന്നെ സമര്‍പ്പിച്ചതായി ഇടതുപക്ഷം അവകാശപ്പെടുന്നു. പിന്നീട് രാജ്യസഭ തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കോലെയെ സിപിഎം നിയമകക്ഷി നേതാവ് സുജന്‍ ചക്രബര്‍ത്തിയും മുതിര്‍ന്ന സിപിഎം നേതാവ് റാബിന്‍ ദേബും സന്ദര്‍ശിച്ചിരുന്നു. അധിക സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അവസാന നിമിഷം മാത്രമാണ് വിവരം ലഭിച്ചതെന്നും 2.58ന് തന്നെ ഇത് സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ഇവരുടെ വിശദീകരണം.

ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ മാത്രമേ പത്രിക തള്ളുമോ എന്ന് അറിയാന്‍ സാധിക്കൂ എന്നാണ് ചക്രബര്‍ത്തി പറഞ്ഞത്. പത്രിക തള്ളിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി ഇടതുപക്ഷത്തിന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് ഒരു ‘സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ’ പ്രഖ്യാപിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും ബോസ് പറയുന്നു. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകവും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു.

വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. അഞ്ച് സീറ്റുകള്‍ ജയിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ട്. ശേഷിച്ച സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മമത വ്യക്തമാക്കി. സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും മമത ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പിന്തുണയ്ക്കാം എന്ന് പറഞ്ഞപ്പോള്‍ അതിനനുസരിച്ച് ഇടതുപക്ഷം പെരുമാറണമായിരുന്നുവെന്നും ഇപ്പോള്‍ അവരെടുത്തിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയേയാണ് ഇടതുപക്ഷം ആഗ്രഹിച്ചിരുന്നതെങ്കില്‍ എന്തിനാണ് അവര്‍ മുന്‍ മേയറെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മമത ചോദിച്ചു.

ചിട്ടി ഫണ്ട് കുംഭകോണത്തില്‍ പ്രതിപക്ഷ സമരത്തെ ഏകോപിപ്പിച്ച ആളാണ് മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തന്നെ തന്റെ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് ഭട്ടാചാര്യ ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിന്റെ പിന്തുണ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് താല്‍പര്യം കാണിച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഥിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് തിരഞ്ഞെടുപ്പ്. ഒഴിവ് വന്ന ആറ് സീറ്റുകളില്‍ നാലെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഓരോന്ന് വീതം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍