UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മേകുനു’ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്

ലക്ഷദ്വീപിന് പടിഞ്ഞാറും മാലദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദ്ദം ഒമാൻ, യമൻ തീരത്തു ഇന്ന് (മെയ് 23നു) ആഞ്ഞടിക്കും എന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

‘സാഗറി’നുപിന്നാലെ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റിന് ‘മേകുനു’ എന്നാണ് പേരിട്ടിരിക്കുന്നത്.

ലക്ഷദ്വീപിന് പടിഞ്ഞാറും മാലദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലാണ് ഇതിന്റെ സ്ഥാനം. ഇതിപ്പോള്‍ വടക്കുപടിഞ്ഞാറേക്കാണ് സഞ്ചരിക്കുന്നത്.

അറബിക്കടലിന്റെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകള്‍ പ്രക്ഷുബ്ധമായതിനാല്‍ 26 വരെ ഇവിടേക്കോ പരിസരത്തേക്കോ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തുള്ള സമുദ്രമേഖലയാണിത്. തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കും. 23 മുതല്‍ 26 വരെ മധ്യപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ധമാവും.

മെയ് മാസം ചുഴലിക്കാറ്റുകളുടെ മാസമെന്നാണ് അറിയപ്പെടുന്നത്. ഇക്കാലത്ത് അറബിക്കടലില്‍ നിരന്തരം ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കും. സാഗര്‍ ചുഴലിക്കാറ്റ് സജീവമായിരിക്കുമ്പോഴാണ് ഏതാണ്ട് അതേ മേഖലയില്‍ത്തന്നെ മറ്റൊരു ന്യൂനമര്‍ദവും കൂടി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം സൊമാലിയയിലേക്ക് കടന്ന സാഗര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിക്കഴിഞ്ഞു.

അറബിക്കടലിലെ ന്യൂനമര്‍ദം കാരണം കാറ്റിന്റെ ഗതിമാറുന്നതിനാല്‍ കേരളത്തില്‍ രണ്ടുദിവസം മഴ കുറയാനാണ് സാധ്യതയെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

ഈ ദിവസങ്ങളില്‍ അങ്ങിങ്ങായി മാത്രമേ മഴയുണ്ടാവൂ. എന്നാല്‍, 24 മുതല്‍ വീണ്ടും മഴകൂടും. കേരളത്തില്‍ ഇതുവരെ വേനല്‍മഴ 26 ശതമാനം അധികം കിട്ടിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നുനാലു ദിവസത്തിനുള്ളില്‍ ആന്‍ഡമാനില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 29-നാണ് കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

അതത് മേഖലകളിലെ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കല്‍ സെന്ററാണ് ചുഴലിക്കാറ്റിന് പേരിടുന്നത്. ആ മേഖലയിലെ വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ച പേരുകളുടെ പട്ടിക നേരത്തേ തയ്യാറാക്കും. ഇതിനുമുന്‍പുണ്ടായ കാറ്റിന് ഇന്ത്യ നിര്‍ദേശിച്ച ‘സാഗര്‍’ എന്ന പേരാണ് സ്വീകരിച്ചത്. അടുത്ത ഊഴമുള്ള മാലദ്വീപാണ് ‘മേകുനു’ എന്നപേര് നിര്‍ദേശിച്ചത്.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍