UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ വിഎച്ച്പി, എബിവിപി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

അധികൃതരുടെ അനുമതിയില്ലാതെ നടത്തിയ ‘തിരംഗ് യാത്രയാണ്’ സംഘര്‍ഷത്തില്‍ കലാശിച്ചത്

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് മേഖലയില്‍ ഇരുസമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്തും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും അധികൃതരുടെ അനുമതിയില്ലാതെ നടത്തിയ ‘തിരംഗ് യാത്രയാണ്’ സംഘര്‍ഷത്തില്‍ കലാശിച്ചത്.

ജാഥയില്‍ പങ്കെടുത്തവര്‍ കാസഗഞ്ച് പട്ടണത്തിലുണ്ടായിരുന്ന മറ്റൊരു സംഘത്തോട് ചില മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മറുസംഘം അത് നിരസിച്ചതാണ് കലാപത്തില്‍ കലാശിച്ചതെന്നും ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് പരസ്പര വെടിവെപ്പിലേക്ക് വളരുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആഭ്യന്തര പ്രിന്‍സിപ്പള്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലാപം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരംഗ് യാത്രയില്‍ പങ്കെടുത്തവര്‍ ബാദു നഗറിലെ ഒരു സംഘത്തോട് ചില മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് കാസഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിപുദമന്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇതിന് വിസമ്മതിച്ച ഒരു യുവാവിന്റെ കരണത്ത് മറുസംഘത്തിലെ ഒരാള്‍ അടിച്ചതോടെ വാഗ്വാദം സംഘര്‍ഷത്തിലേക്ക് നീങ്ങി. എന്നാല്‍ തന്റെ പാര്‍ട്ടി സംഘര്‍ഷങ്ങളില്‍ ഇടപെട്ടുവെന്ന വാര്‍ത്ത ബിജെപിയുടെ കാസഗഞ്ച് ജില്ല തലവന്‍ പുരേന്ദ്ര പ്രതാപ് സിംഗ് നിഷേധിച്ചു. ബിജെപിയിലേയോ അതിന്റെ ഏതെങ്കിലും പോഷകസംഘടനകളിലെയോ അംഗമല്ല മരിച്ച ചന്ദന്‍ ഗുപ്തയെന്നും തിരംഗ് യാത്ര പ്രാദേശികവാസികള്‍ സംഘടിപ്പിച്ചതുമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

ഏതാനും ചിലരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരും പരാതി സമര്‍പ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ശാന്തിയും സമാധാനവും നിലനിറുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹം ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍