UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

കാസര്‍കോട് നിന്നും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട അഷ്ഫാഖ് മജീദാണ് മുര്‍ഷിദിന്റെയും മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

കാസര്‍കോട് പടന്നയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതായി സന്ദേശമെത്തി. പടന്ന വടക്കേപ്പുറത്ത് ടികെ മുര്‍ഷിദ് മുഹമ്മദ് (23) മരിച്ചതായാണ് ഇന്നലെ സന്ദേശമെത്തിയത്. മുര്‍ഷിദിന്റെ പിതാവിനും ഒരു സാമൂഹ്യ പ്രവര്‍ത്തകനുമാണ് സന്ദേശമെത്തിയത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്നലെ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് മുര്‍ഷിദ് കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയെന്ന് സംശയിച്ചിരുന്ന ഹഫീസുദ്ദീന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുകയും ചെയ്്തു. കേരളത്തില്‍ നിന്നും ഐഎസ് ക്യാമ്പില്‍ എത്തിയതായി സംശയിക്കുന്ന 21 പേരില്‍ രണ്ടാമത്തെയാളാണ് ഇപ്പോള്‍ മരിച്ചതായി സന്ദേശം വന്നിരിക്കുന്നത്. കാസര്‍കോട് നിന്നും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട അഷ്ഫാഖ് മജീദാണ് മുര്‍ഷിദിന്റെയും മരണവിവരം ബന്ധുക്കളെ അറിയിച്ചത്. ടെലഗ്രാം വഴി ഹഫിസുദ്ദീന്റെ മരണവും മറ്റ് വിവരങ്ങളും നേരത്തെ അറിയിച്ചിരുന്നത് അഷ്ഫാഖ് തന്നെയാണ്. 2016 ജൂണ്‍ മൂന്നിനാണ് അബുദാബിയില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി മുംബൈയില്‍ നിന്നാണ് മുര്‍ഷിദിനെ കാണാതായത്. ദുബായില്‍ നിന്നും നാട്ടിലേക്ക് തരിച്ച സുഹൃത്ത് കെ മുഹമ്മദ് സാജിദിനെയും ഇയാള്‍ക്കൊപ്പം കാണാതായിരുന്നു.

2016 ജൂലൈ മുതല്‍ കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സ്ത്രീകളും ആറ് കുട്ടികളും അടക്കം 21പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇതില്‍ കുറച്ച് പേര്‍ മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയെന്ന് എന്‍ഐഎ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന തരത്തിലുളള വാര്‍ത്തകളും പരന്നിരുന്നു. പിന്നീട് ഇവരുടെ കൂട്ടത്തില്‍ നിന്നുമുളള അഷ്ഫാഖ് നാട്ടിലേക്ക് വിളിക്കുകയും അമ്മ ആയിഷയോട് സംസാരിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ സലഫിസത്തിന്റെ പാതയിലാണെന്നും ഇന്ത്യയിലേക്ക് ഒരിക്കലും തിരിച്ച് വരില്ലെന്നും അഷ്ഫാഖ് പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ അമ്മ ആയിഷ എന്‍ഐഎ സംഘത്തെ അറിയിച്ചിരുന്നതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം അഞ്ച് മിനുട്ടോളം നീണ്ട് നിന്ന സംഭാഷണത്തില്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും, തങ്ങള്‍ ഐഎസ് അടക്കമുളള ഒരു ഭീകര സംഘടനകളിലും ചേര്‍ന്നിട്ടില്ലെന്നും അഷ്ഫാഖ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഇവര്‍ 21പേരും താമസിക്കുന്നത്. അവിടെ മൊബൈലിന് റേഞ്ച് ലഭിക്കുകയില്ല. ഫോണ്‍ വിളിക്കുന്നത് ടൗണില്‍ എത്തിയാണ്. കാസര്‍ഗോഡ് നിന്നും ഭാര്യയും കുട്ടിയുമായി അഫ്ഗാനിസ്ഥാനിലെത്തിയ ഡോക്ടര്‍ ഇജാസുമായി ചേര്‍ന്ന് ഒരു മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയ കാര്യവും അഷ്ഫാഖ് അമ്മയോട് ഫോണില്‍ വിശദമാക്കിയിരുന്നു. എല്ലാവരും ഇവിടെ സുരക്ഷിതരാണെന്നും ശരിയായ ഇസ്ലാമിന്റെ പാതയിലാണ് തങ്ങളെന്നും പറഞ്ഞിരുന്നു. ഈ അഷ്ഫാഖാണ് രണ്ട് മരണവിവരങ്ങളും കേരളത്തിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.

മാര്‍ച്ച് 28ന് ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷും പികെ ശ്രീമതിയും അടക്കമുള്ള എംപിമാര്‍ കേരളത്തില്‍ നിന്നും മറ്റുമുള്ള ഐഎസ് റിക്രൂട്ടിംഗുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ മറുപടി നല്‍കിയിരുന്നു. ഷഹീര്‍ അബ്ദുള്ള എന്നയാളാണ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഐഎസ് റിക്രൂട്ടിംഗിന് നേതൃത്വം നല്‍കിയത് ഷജീര്‍ മംഗലശേരി അഥവാ ഷജീര്‍ അബ്ദുള്ളയാണെന്ന് മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളത്തെ എന്‍ഐഎ കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യുഎഇയിലല്‍ നിന്നാണ് 2016 ജൂണില്‍ ഇയാള്‍ അഫ്ഗാനിസ്ഥാനിലെത്തിയതെന്നും പറയുന്നു. ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 11 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ കേരളത്തില്‍ നിന്ന്് കാണാതായ 22 പേരെ സംബന്ധിച്ചാണെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍