UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിക്കറ്റ് സര്‍വ്വകലാശാല സ്വാശ്രയകോളേജുകളിലെ 410 കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് പിന്‍വലിച്ചു

അഴിമുഖം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും കണ്ട് പരാതി ബോധിപ്പിച്ചിരുന്നു

കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന മലബാറിലെ അഞ്ച് ജില്ലകളിലുളള സ്വാശ്രയ കോളേജുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് പിന്‍വലിച്ചു. വിഷയത്തെ കുറിച്ച് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 31നകം ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു തിരുമാനം. ജനുവരിയില്‍ സിന്‍ഡിക്കേറ്റ് എടുത്ത തിരുമാനത്തില്‍ ശനിയാഴ്ച്ച വിസി ഒപ്പ് വെയ്ക്കുകയായിരുന്നു.

11 ബിഎഡ് സ്വാശ്രയ കോളേജുകളിലെ 89 ജീവനക്കാരടക്കം 500 ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു നടപടി. സംസ്ഥാന ധനവകുപ്പ് ഇറക്കിയ ഉത്തരവ് അട്ടിമറിച്ച് കോഴ വാങ്ങുന്നതിനുവേണ്ടി സിന്‍ഡിക്കേറ്റ് നടത്തിയ നീക്കമായിരുന്നു ഇതിനു പിന്നിലെന്ന് തെളിയുകയായിരുന്നു. അഴിമുഖം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവ് സ്വാശ്രയ ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ വെച്ച് ജീവനക്കാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും ചര്‍ച്ച നടത്തി. ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് പിന്‍വലിച്ചതായി പ്രൊ വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കുകയായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാര്‍ അധ്യാപകരെയടക്കം കൂട്ടത്തോടെ പിരിച്ചു വിടുന്നു; 410 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

500 ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കുക വഴി രാഷ്ട്രീയക്കാര്‍ വന്‍ കോഴ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. കോഴ വാങ്ങാനായി സര്‍ക്കാര്‍ ഉത്തരവ് സിന്‍ഡിക്കേറ്റ് മറയാക്കുകയായിരുന്നുവെന്ന് അഴിമുഖത്തിന് അന്വേഷണത്തില്‍ കണ്ടെത്താനായി. ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ ഗ്രാന്‍റുള്ള സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഉത്തരവ് ബാധകമെന്ന് അതിലുണ്ട്. ഉത്തരവ് സ്വാശ്രയ മേഖലയെ ബാധിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഒടുവില്‍ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍വ്വകലാശാല തയ്യാറായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍