UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുത്തന്‍കുരിശ് പഴന്തോട്ടം പള്ളിയില്‍ ദു:ഖവെള്ളി ദിനത്തില്‍ സംഘര്‍ഷവും കത്തിക്കുത്തും

യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം

പുത്തന്‍കുരിശ് പഴന്തോട്ടം പള്ളിയില്‍ ദു:ഖവെള്ളി ദിനത്തില്‍ സംഘര്‍ഷവും കത്തിക്കുത്തും. യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരാലെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. പഴന്തോട്ടം സ്വദേശികളായ അജില്‍ എല്‍ദോ, ജെയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം കെട്ടിയിരുന്ന ഫ്ലക്‌സുകളും പോസ്റ്ററുകളും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ നശിപ്പിച്ചു എന്നാണ് യാക്കോബായ വിഭാഗക്കാരുടെ ആരോപണം. ഇത് ചോദ്യം ചെയ്യാനെത്തിയ രണ്ട് യാക്കോബായ വിഭാഗക്കാരായ യുവാക്കള്‍ക്കാണ് കുത്തേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാക്കോബായ വിശ്വാസികള്‍ രാത്രി ഏറെ വൈകിയും പള്ളിയില്‍ തടിച്ചുകൂടി. പോലീസ് നിയന്ത്രണത്തിലാണ് പള്ളിയും സമീപ പ്രദേശങ്ങളും. വൈദികസഭാ ട്രസ്റ്റികളും സംഭവ സ്ഥലത്തെത്തി.

ദു:ഖവെള്ളി ദിനത്തില്‍ സമാധാനപൂര്‍വം ഇരു വിഭാഗവും പ്രത്യേകം പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. രാവിലെ പത്ത് മണി മുതല്‍ യാക്കോബായ വിഭാഗക്കാരുടെ പ്രാര്‍ഥന നടന്നു. തുടര്‍ന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരുടെ പ്രാര്‍ഥനകളും തുടങ്ങി. എന്നാല്‍ പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഓര്‍ത്തഡോക്‌സ് വിഭാഗം യാതൊരു പ്രകോപനവുമില്ലാതെ പെരുന്നാള്‍ പോസ്റ്ററുകളും ഫ്ലാക്‍സുകളും നശിപ്പിക്കുകയായിരുന്നു എന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. കൊടിമരത്തിന്റെ കയറും കത്തികൊണ്ട് നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. കുത്തേറ്റ യുവാക്കളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന ആരാധനാകേന്ദ്രം കൂടിയാണ് പഴന്തോട്ടം പള്ളി. ജനുവരിയിലും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് ഞായറാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും മറ്റ് ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഏഴ് മണി വരെയുമാണ് ആരാധനാ സമയം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ജനുവരി 13ന് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്തി. ഇതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗക്കാര്‍ പള്ളിയിലേക്കെത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിക്ക് മുന്നില്‍ പ്രാര്‍ഥനാ യജ്ഞവും നടത്തിയിരുന്നു. നിരാഹാര സമരവും ആരംഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴേക്കും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളി പൂട്ടി പോയി. സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നെങ്കിലും അന്ന പോലീസിന്റെ ഇടപെടലോടെ സംഘര്‍ഷം ഇല്ലാതായി. എന്നാല്‍ ദു:ഖ വെള്ളി ദിനത്തിലെ പ്രാര്‍ഥനകള്‍ക്കിടെയുണ്ടായ സംഭവങ്ങള്‍ ഇരുവിഭാഗത്തേയും ഞെട്ടിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍