UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട് പി ജയരാജന്‍ സന്ദര്‍ശിച്ചു

ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് പി ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട് പി ജയരാജന്‍ സന്ദര്‍ശിച്ചു. സിപിഎം അനുഭാവി കൂടിയായ പ്രവാസി സംരംഭകന്‍റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും തലവേദനയായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്റെ സന്ദര്‍ശനം. കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി ജയരാജൻ പ്രശ്നത്തിൽ ഇടപെടുകയും അദ്ദേഹം മുൻകൈ എടുത്ത്‌ ജില്ലാ ടൌൺ പ്ലാനിങ് വിഭാഗവുമായി ചേർന്ന് ഒരു സംയുക്ത പരിശോധനക്ക് വേദിയൊരുക്കുകയും ചെയ്തുവെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്നത്തെ പരിശോധനയിൽ അനധികൃത നിർമാണം നടന്നിട്ടില്ലെന്ന് ജില്ലാ ടൌൺ പ്ലാനിങ് വിഭാഗം സർട്ടിഫൈ ചെയ്‌തെങ്കിലും നഗരസഭ വീണ്ടും കടുംപിടുത്തം തുടർന്നുവെന്നും ഇതാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം.

നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് ഈ ഓഡിറ്റോറിയത്തിനായി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭാ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു.

സ്വാഭാവിക നടപടിക്കായി സമയമെടുത്തെന്നും അനുമതി വൈകിച്ചില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം.എല്ലാ കൌണ്‍സിലിലും സി പി എം വിജയിച്ച നഗരസഭയാണ് ആന്തൂര്‍. മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭാ അധ്യക്ഷ പി കെ ശ്യാമള.

Read More: പി ജയരാജനോട് ആര്‍ക്കാണിത്ര വിരോധം? കണ്ണൂര്‍ സി പി എമ്മില്‍ സംഭവിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍