UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചതായി പാകിസ്താന്‍; പുല്‍വാമയ്ക്ക് പിന്നാലെ അതിര്‍ത്തിയിലെ സംഘര്‍ഷം കനക്കുന്നു

നേരത്തെ ജമ്മു കാശ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി ഇന്ത്യ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചതായി പാകിസ്താന്‍. പാക് വ്യോമസേന ഉടന്‍ ഈ ശ്രമം തടഞ്ഞതായും ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചുപോയതായും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പാക് സായുധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. മുസഫറാബാദ് സെക്ടറിലാണ് ഇന്ത്യന്‍ സേന നിയന്ത്രണ രേഖ ലംഘിച്ചത് എന്നാണ് പാകിസ്താന്‍ പറയുന്നത്. പാകിസ്താന്‍ തക്ക സമയത്ത് തന്നെ തിരിച്ചടിച്ചെന്നും തിരിച്ച് രക്ഷപ്പെടുന്ന തിരക്കില്‍ ഇന്ത്യന്‍ സേന ആയുധങ്ങള്‍ (പേ ലോഡ്സ്) ബലാകോട്ടിന് സമീപം നഷ്ടപ്പെടുത്തിയതായും പാക് സൈനിക വക്താവ് പറയുന്നു. ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാക് സൈനിക വക്താവ് പറയുന്നത്.

നേരത്തെ ജമ്മു കാശ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യ സൈനിക പോസ്റ്റുകള്‍ക്ക് നേരെ രാത്രിയില്‍ പാക് ഭാഗത്ത് നിന്ന് വെടിവയ്പുണ്ടായി.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജയ്ഷ് ഇ മുഹമ്മദ് ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്താനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ഇന്ത്യയുടെ ആരോപണം. പാകിസ്താനുള്ള സൗഹൃദ രാഷ്ട്ര പദവി (Most Favoured Nation) ഇന്ത്യ പിന്‍വലിച്ചിരുന്നു. കിഴക്കന്‍ നദികളിലെ (രവി, ബിയാസ്, സത്‌ലജ്) വെള്ളം പാകിസ്താനിലേയ്ക്ക് ഒഴുകുന്നത് തടഞ്ഞ് പഞ്ചാബിലേയ്ക്കും കാശ്മീരിലേയ്ക്കും തിരിച്ചുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞെങ്കിലും തങ്ങള്‍ക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്നാണ് പാകിസ്താന്‍ പ്രതികരിച്ചത്.

ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ ബഹവല്‍പൂരിലെ ജയ്ഷ് കാമ്പസ് നിയന്ത്രണം ഏറ്റെടുക്കുകയും ജമാ അത് ഉദ് ദവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ജമ്മു കാശ്മീരില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് ഇന്ത്യയില്‍ പാകിസ്താനെതിരെ യുദ്ധകാഹളം മുഴങ്ങുന്നത് എന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.

അതേസമയം ഇമ്രാന്‍ ഖാന്‍ സമാധാനപ്രക്രിയയില്‍ നിന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കുമെന്ന ഉറപ്പില്‍ നിന്ന് പിന്‍വാങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയപ്പോള്‍ സമാധാന പുനസ്ഥാപനത്തിന് അവസരം തരൂ എന്നാണ് ഇന്ത്യയോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍