UPDATES

ഇന്ത്യ

നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയത് സ്വയരക്ഷയ്ക്ക് എന്ന് പാകിസ്താന്‍; ഇന്ത്യ നിര്‍ബന്ധിച്ചാല്‍ യുദ്ധത്തിന് മടിക്കില്ലെന്നും ഭീഷണി

രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടി വച്ചിട്ടു എന്നും പൈലറ്റിനെ അറസ്റ്റ് ചെയ്തു എന്നുമുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞു.

ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമാക്രമണം നടത്തിയതായി പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചു. തങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല എന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യയിലെ സൈനിക ഇതര സാധാരണക്കാരെ ഒഴിവാക്കിയാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് പാകിസ്താന്റെ അവകാശവാദം. ഇത് ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ല എന്നും അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നും ഇത് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണെന്നും പാകിസ്താന്‍ പറയുന്നു. അതേസമയം തങ്ങളെ അതിന് നിര്‍ബന്ധിച്ചാല്‍ അതിന് മടിക്കില്ലെന്നും പാകിസ്താന്‍ സൈന്യം പറയുന്നു.

തങ്ങള്‍ പകല്‍ വെളിച്ചത്തിലാണ് ആക്രമണം നടത്തിയത് എന്ന് പാകിസ്താന്‍ പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു. വ്യക്തമായ തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണത്തിന് ശ്രമിച്ചത് പാക് സൈന്യം ആരോപിച്ചു. ഇതിന് തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവകാശപ്പെടുന്നു. ഭീകരപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമല്ല പാകിസ്താനും അവകാശമുണ്ട്. പാകിസ്താനിലെ ഭീകരപ്രവര്‍ത്തനത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അതിര്‍ത്തി ലംഘിച്ചുള്ള ആക്രമണത്തിന് പാകിസ്താന്‍ മുതിര്‍ന്നിട്ടില്ലെന്നും പാക് സൈന്യം പറയുന്നു.

ആക്രമണ സാധ്യത കണക്കിലെടുത്ത് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നാദിയാന്‍, ലാം, ഝാംഗര്‍ എന്നീ മൂന്ന് ഗ്രാമങ്ങള്‍ ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചിരുന്നു. ഇവിടെയായിരിക്കാം ആക്രമണം നടത്തിയത് എന്ന് ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടി വച്ചിട്ടതായി പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. ഒരു ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റിനെ അറസ്റ്റ് ചെയ്തതായും പാകിസ്താന്‍ അവകാശപ്പെട്ടു. ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍