UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ കേസ് ദേശീയ സുരക്ഷാ പ്രശ്നം: വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി ഉത്തരവ് പാകിസ്ഥാന്‍ തള്ളി

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിച്ചതിലൂടെ യഥാര്‍ഥ മുഖം ഒളിച്ചുവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉത്തരവിനെ തള്ളി പാകിസ്ഥാന്‍ രംഗത്ത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. കുല്‍ഭൂഷണിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിച്ചതിലൂടെ യഥാര്‍ഥ മുഖം ഒളിച്ചുവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. താന്‍ ചെയ്ത വിധ്വംസക പ്രവര്‍ത്തനങ്ങള്‍ രണ്ട് തവണ കുല്‍ഭൂഷണ്‍ ജാദവ് ഏറ്റുപറഞ്ഞതാണെന്നും നഫീസ് സഖറിയ ചൂണ്ടിക്കാട്ടി. അതേസമയം, കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും നഫീസ് അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭീകരബന്ധം മറച്ചുവച്ച് കേസിനെ മനുഷ്യാവകാശ വിഷയമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നഫീസ് നേരത്തെ ആരോപിച്ചിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയെ ന്യായീകരിച്ചും അന്താരാഷ്ട്ര കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുമുള്ള പാകിസ്ഥാന്റെ വാദങ്ങള്‍ ഐസിജെ തള്ളിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും നിയമപരവും നയതന്ത്രപരവുമായ സൗകര്യങ്ങള്‍ കുല്‍ഭൂഷണ്് ലഭിക്കണമെന്നും ഐസിജെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. പാകിസ്ഥാനിലെ സ്വതന്ത്ര കോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്നും അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയും ചെയ്തു. കുല്‍ഭൂഷണ്‍ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി നിരാകരിച്ചതിനെയും കോടതി വിമര്‍ശിച്ചു. കുല്‍ഭൂഷണ്‍ ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന പാകിസ്ഥാന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ മുന്‍വിധിയോടെയുള്ള സമീപനമാണ് പാകിസ്ഥാന്റേതെന്നും കുല്‍ഭൂഷണെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ തന്നെ തര്‍ക്കം തുടരുകയാണെന്നുമാണ് കോടതി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍