UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ പാകിസ്താന്‍ സാര്‍ക്ക് ഉച്ചകോടിക്ക് ക്ഷണിക്കും

ഇന്ത്യ ഒരു ചുവട് മുന്നോട്ടുപോയാല്‍ പാകിസ്താന്‍ രണ്ട് ചുവട് മുന്നോട്ട് പോകുമെന്ന് ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞ കാര്യം പാക് വിദേശകാര്യ വക്താവ് ഓര്‍മ്മിപ്പിച്ചു.

ഈ വര്‍ഷം ഇസ്ലാമബാദില്‍ നടത്താനുദ്ദേശിക്കുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താന്‍. പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യ ഒരു ചുവട് മുന്നോട്ടുപോയാല്‍ പാകിസ്താന്‍ രണ്ട് ചുവട് മുന്നോട്ട് പോകുമെന്ന് ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച്, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞ കാര്യം പാക് വിദേശകാര്യ വക്താവ് ഓര്‍മ്മിപ്പിച്ചു. അതേസമയം ഇന്ത്യയുമായി തങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടിട്ടുള്ള നിലയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

2016ല്‍ ഇസ്ലാമബാദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പിന്നാലെ മറ്റ് അംഗരാജ്യങ്ങളായ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്താനും പിന്മാറിയിരുന്നു. തുടര്‍ന്ന് ഉച്ചകോടി റദ്ദാക്കുകയായിരുന്നു. ശ്രീലങ്കയും മാല്‍ദീവ്‌സുമാണ് സാര്‍ക്കിലെ മറ്റ് അംഗരാജ്യങ്ങള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഉച്ചകോടിയുടെ വേദി നിര്‍ണയിക്കുന്നത് അംഗരാജ്യങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്. 2014ലെ സാര്‍ക്ക് ഉച്ചകോടി നടന്നത് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു. ഇതില്‍ മോദി പങ്കെടുത്തിരുന്നു.

പാകിസ്താനിലെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് വരുന്ന സിഖ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ വിസ അനുവദിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോര്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് 21ാം നൂറ്റാണ്ടിലെ വിദേശനയം പലപ്പോളും രൂപപ്പെടുന്നത് എന്ന് മുഹമ്മദ് ഫൈസല്‍ അഭിപ്രായപ്പെട്ടു. പാകിസ്താനിലെ പഞ്ചാബില്‍ രവി നദിക്ക് സമീപമുള്ള കര്‍താപൂര്‍ സാഹിബ് ഗുരുദ്വാരയിലേയ്ക്ക് ഇന്ത്യയിലെ പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ജില്ലയിലുള്ള ദേര ബാബ നാനാക് ഗുരുദ്വാരയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. 1522ല്‍ ഗുരുനാനാക് സ്ഥാപിച്ചതാണ് ഈ ദേവാലയം. ആദ്യത്തെ ഗുരുദ്വാരയായാണ് കര്‍താര്‍പൂര്‍ സാഹിബ് അറിയപ്പെടുന്നത്. ഗുരു നാനാകിന്റെ സമാധി ഇവിടെയാണുള്ളത്. ദേര ബാബയേയും കര്‍താര്‍പൂര്‍ സാഹിബിനേയും ബന്ധിപ്പിച്ചുള്ള കോറിഡോര്‍ നിര്‍മ്മാണത്തിന് ഇന്ത്യയും പാകിസ്താനും ധാരണയിലെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍