സ്ഫോടനത്തിന് മുമ്പ് പാകിസ്താനി ദമ്പതികള്‍ രണ്ട് പേരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇവരാണ് സ്ഫോടനം നടത്തിയതായി സംശയിക്കപ്പെടുന്നത്.
സംഝോത എക്സ്പ്രസ് ട്രെയിനിന് 2007ല്‍ ബോംബ് വച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പാകിസ്താന് ദമ്പതികള്‍. എന്‍ഐഎ കോടതിയില്‍ ഹാജരായി മൊഴി നല്കാന് തയ്യാറാണെന്ന് റാണ ഷൗക്കത്ത് അലിയും ഭാര്യ രുക്സാനയും പറഞ്ഞതായി അഭിഭാഷകന് മൊമിന്‍ മാലിക് ദ ഹിന്ദുവിനോട് പറഞ്ഞു. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശികളാണ് ഇവര്‍. ഇവരുടെ അഞ്ച് കുട്ടികളാണ് സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. പഞ്ചാബിലെ അമൃത്സറില് നിന്ന് പാകിസ്താനിലെ ലാഹോറിലേയ്ക്കും തിരിച്ചുമാണ് സംഝോത എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.
സ്ഫോടനത്തിന് മുമ്പ് പാകിസ്താനി ദമ്പതികള്‍ രണ്ട് പേരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇവരാണ് സ്ഫോടനം നടത്തിയതായി സംശയിക്കപ്പെടുന്നത്. അവര്‍ക്ക് ഇന്ത്യയില്‍ വന്ന് കോടതിയില്‍ ബോംബ് വച്ചവരെക്കുറിച്ച് പറയാന്‍ താല്പര്യമുണ്ട്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഹരിയാന പൊലീസ് കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ സ്കെച്ച് തയ്യാറാക്കിയത്. എന്നാല്‍ ഇന്ത്യയോ പാകിസ്താനോ ഇവരെ സഹായിക്കുന്നില്ല എന്ന് അഭിഭാഷകന് പറയുന്നു.
മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ് പ്രധാന പ്രതിയായ കേസാണിത്. 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിന് സമീപമാണ് സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ബോംബര്‍മാര്‍ പാകിസ്താനി ദമ്പതികളുടെ അടുത്ത് വന്നിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. യുവതികളായ പെണ്‍കുട്ടികളുടെ സൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഒരു സൂട്ട് കേസ് സീറ്റില്‍ വച്ചാണ് ഇവര്‍ പോയത്. അവരാണ് ബോംബ് വച്ചത്. അവരുടെ മൊഴിയെടുക്കണം – മൊമിന്‍ മാലിക് ആവശ്യപ്പെട്ടു.
സ്ഫോടനത്തിലെ മറ്റൊരു പാകിസ്താനി ഇര മുഹമ്മദ് വാകീലിന്റെ മകള്‍ റാഹില വാകീല്‍, മൊമിന്‍ മാലിക് വഴി കോടതിക്ക് ഒരു ഇ മെയില്‍ അയച്ചിരുന്നു. സാക്ഷിയാകാന്‍ തയ്യാറാണ് എന്നാണ് ഇവര്‍ അറിയിച്ചത്. കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഫോണില്‍ വിളിച്ച പിതാവ് സംശയം തോന്നുന്ന ചിലരെക്കുറിച്ച് പിതാവ് പറഞ്ഞിരുന്നതായി റാഹില പറയുന്നു.
ഹരിയാനയിലെ പഞ്ച്കുളയിലുള്ള എന്‍ഐഎ കോടതി മാര്‍ച്ച് 18ന് വിധി പറയാനിരിക്കുകയാണ്. വിധി നീട്ടാനായി വാദി ഭാഗം ശ്രമിക്കുകയാണ് എന്ന് അസീമാനന്ദിന്റെ അഭിഭാഷകന് മുകേഷ് ഗാര്‍ഗ് ആരോപിച്ചു. കേസ് ആദ്യം അന്വേഷിച്ചത് റെയില്‍വേ പൊലീസും പിന്നീട് ഹരിയാന പൊലീസും എന്ഐയുമാണ്. 2010 ജൂലൈയിലാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്.