UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ദീര്‍ഘവീക്ഷണമില്ലാത്ത ഇടുങ്ങിയ ചിന്താഗതിക്കാര്‍”: ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയ്‌ക്കെതിരെ ഇമ്രാന്‍ ഖാന്‍

എന്റെ ജീവിതത്തില്‍ ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത അധികാരികളെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് – ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദീര്‍ഘവീക്ഷണമില്ലാത്ത ഇടുങ്ങിയ ചിന്താഗതിക്കാരാണ് ഇന്ത്യന്‍ നേതാക്കളെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. എന്റെ അഭ്യര്‍ത്ഥന പ്രകാരം ധാരണയിലെത്തിയ സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ, ധാര്‍ഷ്ട്യം നിറഞ്ഞ ഇന്ത്യയുടെ നടപടിയില്‍ നിരാശയുണ്ട്. എന്റെ ജീവിതത്തില്‍ ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത അധികാരികളെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് – ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയത്. അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ വധിച്ച ശേഷം കഴുത്തറുത്ത് സംഭവത്തിലും ഇന്ത്യ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്മനാണ് ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. 2016 ജനുവരിയില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ നിര്‍ത്തിവച്ച ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാനായിരുന്നു ധാരണ. എന്നാല്‍ കാശ്മീരിലെ സംഭവം ചൂണ്ടിക്കാട്ടി ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യ, ഇമ്രാന്‍ ഖാന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടതായി ആരോപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ അനുസ്മരിച്ച് കാശ്മീരിന് ഐക്യദാര്‍ഢ്യം എന്ന് പറഞ്ഞുകൊണ്ട് പാകിസ്താന്‍ 20 പ്രത്യേക സ്റ്റാമ്പുകള്‍ ഇറക്കിയിരുന്നു. ഇതിനെയു ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യ ഗവണ്‍മെന്റ് സമ്മര്‍ദ്ദത്തില്‍ എടുത്ത തീരുമാനമാണിതെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ തീരുമാനത്തില്‍ യാതൊരു നീതികരണവുമില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍