UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യോമാക്രമണത്തില്‍ ജയ്ഷ് ഇ മുഹമ്മദിന് എത്രമാത്രം നാശമുണ്ടാക്കി? എത്ര പേര്‍ കൊല്ലപ്പെട്ടു? സര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതി

ഇത്തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനാകും.

ഫെബ്രുവരി 25ന് പുലര്‍ച്ചെ പാകിസ്താന്‍ നിയന്ത്രണരേഖ കടന്ന് ജയ്ഷ് ഇ മുഹമ്മദിന്റെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണത്തില്‍ എത്ര ഭീകരരെ വധിക്കാന്‍ കഴിഞ്ഞു, എത്രമാത്രം നാശനഷ്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നെല്ലാം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ തീരുമാനിക്കാനിടയായ സാഹചര്യം അന്താരാഷ്ട്രസമൂഹത്തോട് ഇന്ത്യ വിശദീകരിക്കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഹാജരായിരുന്നു. ഫെബ്രുവരി 14ന്റെ പുല്‍വാമ ഭീകരാക്രമണം മുതലുള്ള സാഹചര്യങ്ങളും പാകിസ്താനുമായി സംഘര്‍ഷം മൂര്‍ച്ഛിക്കാനിടയുണ്ടായ സാഹചര്യവും വിശദീകരിക്കണമെന്ന് കമ്മിറ്റി പറയുന്നു.

ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച വസ്തുതകള്‍ വിശദീകരിച്ചാല്‍ പിന്നെ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഇതിന്റെ വസ്തുനിഷ്ഠത ചോദ്യം ചെയ്യാനാകില്ല എന്ന് വിജയ് ഗോഖലെയോട് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനാകും. അതേസമയം ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ തനിക്ക് അവകാശമില്ലെന്ന് ഗോഖലെ പറഞ്ഞു. ദേശീയസുരക്ഷയുമായി ബന്ധ്‌പെട്ട അതീവഗൗരവമുള്ള വിഷയങ്ങളാണ് ഇവയെന്ന് വിജയ് ഗോഖലെ പറഞ്ഞു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഗോഖലെയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് നിയന്ത്രരേഖ ലംഘിച്ച് പാകിസ്താന്‍ വ്യോമസേന നടത്തിയ ആക്രമണവും പ്രധാനമന്ത്രി സ്ഥാനത്ത് ഇമ്രാന്‍ ഖാന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയും സംഘവും പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചു.

കോണ്‍ഗ്രസ് എംപി ശശി തരൂരാണ് കമ്മിറ്റി ചെയര്‍മാന്‍. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും അംഗമാണ്. സിപിഎമ്മിലെ മുഹമ്മദ് സലീം, കോണ്‍ഗ്രസിലെ കുമാര്‍ കേട്കര്‍, പ്രദീപ് ഭട്ടാചാര്യ, ബിജെപിയിലെ ജഗദാംബിക പാല്‍, ചുനിബായ് കെ ഗോഹല്‍, സ്വപന്‍ദാസ് ഗുപ്ത, റിച്ചാര്‍ഡ് ഹേ, സംഭാജി ഛത്രപതി, ടിഡിപിയിലെ മഗണ്ടി വെങ്കിടേശ്വര റാവു, ബിജു ജനതാദളിലെ അര്‍ക കേശാരി ഡിയോ എന്നിവരാണ് മറ്റ് അംഗങ്ങള്‍. അതേസമയം രാഹുല്‍ ഗാന്ധി മീറ്റിംഗില്‍ പങ്കെടുത്തില്ല. വ്യോമസേനയെ കമ്മിറ്റിം അംഗങ്ങള്‍ അഭിനന്ദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍