UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലവിലെ തിരഞ്ഞെടുപ്പ് സംവിധാനം മതിയോ? ബദല്‍ രീതികള്‍ സംബന്ധിച്ച് അന്വേഷണവുമായി പാര്‍ലമെന്ററി സമിതി

ഇന്ത്യയിലെ എഫ്പിടിപി സംവിധാനത്തെ ബ്രിട്ടന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളിലെ സംവാധനവുമായി താരതമ്യം ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു.

ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് രീതികള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശങ്ങള്‍ തേടി. നിലവിലെ എഫ് പി ടി പി (ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്) സംവിധാനത്തില്‍ മാറ്റം വരുത്തണോ എന്നത് സംബന്ധിച്ച പരിശോധനയാണ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് സമിതി അദ്ധ്യക്ഷന്‍. നിലവിലെ സംവിധാനം തൃപ്തികരമല്ലെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഉദാഹരണമാക്കി സമിതി വിലയിരുത്തിയതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ അഭിപ്രായം തേടി ആറ് പേജുള്ള ചോദ്യാവലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ്് കമ്മീഷനും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അയച്ചിട്ടുണ്ട്.

എഫ്പിടിപി സംവിധാനത്തില്‍ ഏറ്റവുമധികം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി ജയിക്കുന്നു. എതിരായി വന്ന ബാക്കി മുഴുവന്‍ വോട്ടുകളും അപ്രസക്തമാകുന്നു. യുപി തിരഞ്ഞെടുപ്പില്‍ 312 സീറ്റ് കിട്ടിയ പാര്‍ട്ടിക്ക് 39 ശതമാനം വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ. 22ഉം 21ഉം ശതമാനം വോട്ട് കിട്ടിയവര്‍ക്ക് 47, 19 സീറ്റുകളാണ് കിട്ടിയിരിക്കുന്നത്. പാര്‍ട്ടികളുടെ പേരെടുത്ത് പറയാതെയാണ് ഇക്കാര്യം പറയുന്നത്. 31 ശതമാനം വോട്ട് മാത്രം കിട്ടിയ ബിജെപി 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എഫ്പിടിപി സംവിധാനത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തണോ എന്നത് സംബന്ധിച്ച് ആലോചിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ഇന്ത്യയിലെ എഫ്പിടിപി സംവിധാനത്തെ ബ്രിട്ടന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളിലെ സംവാധനവുമായി താരതമ്യം ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്ഥാനാര്‍ത്ഥികളും മാധ്യമ സ്ഥാപനങ്ങളില്‍ നേരിട്ടോ അല്ലാതെയോ സ്വാധീനം ചെലുത്തുന്നതും എതിരാളികളെ വേട്ടയാടുന്നതും വ്യക്തിഹത്യ നടത്തുന്നതും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മാധ്യമസ്ഥാപനങ്ങളില്‍ ഓഹരി പങ്കാളിത്തമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ തിരഞ്ഞെടുപ്പില്‍ ചെലുത്തുന്ന സ്വാധീനം, ഈ സ്വാധീനം നിയന്ത്രിക്കാനുള്ള വഴികള്‍, പണത്തിന്റെ സ്വാധീനം നിയന്ത്രിക്കല്‍ തുടങ്ങിയവ സംബന്ധിച്ചും ചോദ്യാവലി അഭിപ്രായങ്ങള്‍ തേടുന്നു. കോണ്‍ഗ്രസ്, ബി എസ് പി, സിപിഎം, എന്‍സിപി, സിപിഐ, ലോക് ജനശക്തി പാര്‍ട്ടി എന്നിവ ചോദ്യാവലിയോട് പ്രതികരിച്ചിട്ടുണ്ട്. ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍