UPDATES

ട്രെന്‍ഡിങ്ങ്

ആദ്യം വേണ്ടത് ബുള്ളറ്റ് ട്രെയിനല്ല, ശ്വാസം മുട്ടി മരിക്കേണ്ടി വരാത്ത മേല്‍പ്പാലങ്ങളാണ്: മുംബയ് ദുരന്തം പറയുന്നത്

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നൂറിലധികം ട്വീറ്റുകള്‍ ഇത് സംബന്ധിച്ച് വന്നിരുന്നു.

മുംബൈയില്‍ ബുള്ളറ്റ് ട്രെയിനൊക്കെ വരാന്‍ പോവുകയാണ്. എന്നാല്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയാത്ത റെയില്‍വെ മേല്‍പ്പാലങ്ങള്‍ ഇപ്പോഴും നഗരത്തിലുണ്ട്. അതാണ് ഇന്നലെ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ സ്‌റ്റേഷന് സമീപം കണ്ടത്. 24 പേരാണ് ഇന്നലത്തെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. തിരക്കേറിയ എല്‍ഫിന്‍സ്റ്റണ്‍ റോഡ് – പരേല്‍ റെയില്‍വെ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഈ മേല്‍പ്പാലത്തിലൂടെ ആളുകള്‍ എല്ലായ്‌പ്പോഴും തിക്കിതിരക്കിയാണ് പോകുന്നത്. ഒരു ദുരന്തത്തിനുള്ള സാധ്യതയെക്കുറിച്ച് വര്‍ഷങ്ങളായി യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. പലരും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയ വഴി ആശങ്കകള്‍ അറിയിച്ചിരുന്നു. പലരും റെയില്‍വെ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തായിരുന്നു പലരും ട്വീറ്റ് ചെയ്തത്. കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ അടക്കമുള്ളവര്‍ തിരക്ക് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒന്നുകില്‍ തിരക്കില്‍ പെട്ടിട്ടുണ്ടാകുന്ന ദുരന്തം അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഈ പാലം അമിതഭാരം മൂലം തകര്‍ന്നുവീഴാനുള്ള സാദ്ധ്യത – ഇത്തരത്തില്‍ ഒരു ദുരന്തത്തിനുള്ള സാധ്യത പ്രദേശവാസികള്‍ ഭയപ്പെട്ടിരുന്നു. നാല് ട്രെയിനുകള്‍ ഏതാണ്ട് ഒരേ സമയത്ത് എത്തുകയും വലിയതോതില്‍ ആളുകള്‍ പാലത്തിലൂടെ ഇരുവശത്തേക്കും പോവുകയുമായിരുന്നു. കനത്തി മഴ മൂലം നിരവധി പേര്‍ കയറി നിന്നത് കാരണം അതിന് മുമ്പ് തന്നെ പാലത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുകയായിരുന്നു. പാലം തകര്‍ന്ന് വീഴാന്‍ പോകുന്നു എന്നൊരു പ്രചാരണവും ഇതിനിടയില്‍ പടര്‍ന്നത് കൂടുതല്‍ പരിഭ്രാന്തിയുണ്ടാക്കി. പുതിയ പാലം നിര്‍മ്മിക്കുമെന്ന്, ദുരന്തം നടന്ന് മണിക്കൂറുകള്‍ക്കകം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ പുതിയ പാലത്തിന് പണം വകയിരുത്തിയിരുന്നു എന്നാണ് പറയുന്നത്.

“ജനങ്ങള്‍ക്ക് വേണ്ടത് കോടികള്‍ ചിലവഴിച്ചുള്ള ബുള്ളറ്റ് ട്രെയിനല്ല, എല്ലാ ദിവസവും ഞങ്ങള്‍ ഉപയോഗിക്കുന്ന ഈ പാലം ആദ്യം നന്നാക്കൂ – ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടത് കോടികള്‍ ചിലവഴിച്ചുള്ള ബുള്ളറ്റ് ട്രെയിനല്ല, എല്ലാ ദിവസവും ഞങ്ങള്‍ ഉപയോഗിക്കുന്ന ഈ പാലം ആദ്യം നന്നാക്കൂ” – ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറയുന്നു. “നിങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിനിന് ചിലവാക്കാന്‍ കാശുണ്ട്, മേല്‍പ്പാലമുണ്ടാക്കാന്‍ കാശില്ല, സാധാരണക്കാരായ യാത്രക്കാരെ മരിക്കാന്‍ വിടുകയാണ്” – ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ വക്താവ് സഞ്ജയ് റാവത്ത് ഇങ്ങനെ പ്രതികരിച്ചു. ഇതൊരു പൊതുജന കൂട്ടക്കൊലയാണെന്നും ശിവസേന നേതാവ് അഭിപ്രായപ്പെട്ടു.

ശിവസേന എംപി അരവിന്ദ് സാവന്ത് ഈ പാലത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം റെയില്‍വെ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിന് കത്ത് നല്‍കിയിരുന്നു. 2016 ഫെബ്രുവരിയില്‍ നല്‍കിയ മറുപടിയില്‍ പാലം പുതുക്കിപ്പണിയുമെന്ന് സുരേഷ് പ്രഭു, അരവിന്ദ് സാവന്തിന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഒന്നര വര്‍ഷമായിട്ടും ഇതുവരെ യാതൊരു നടപടിയും പാലത്തിന്റെ അറ്റകുറ്റപ്പണിയുമായോ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടോ ഉണ്ടായിട്ടില്ല. ഇതിനെ അവഗണന എന്ന് വിളിച്ചാല്‍ മതിയാവില്ലെന്നും ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി. മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ തിരക്ക് മൂലമുണ്ടാകുന്ന മരണങ്ങള്‍ തുടരുകയാണ്. ഒരു ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 1600നടുത്ത് പേരാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ മുംബൈയില്‍ മരിച്ചത്. അതേസമയം പാലത്തിന്റെ ഘടനയാണ് അപകടത്തിന് കാരണമായതെന്ന് പറയാനാവില്ലെന്ന് റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍