UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ ബോര്‍ഡിന്റേയും ഹൈക്കോടതിയുടേയും അനുമതിയോടെ ഇനി ദയാവധം ആകാം

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രഖ്യാപിച്ചത്

ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അംഗീകാരം. നിഷ്‌ക്രിയ ദയാവധം (പാസിവ് യുത്തസേനിയ) നിയമപരമെന്ന് സുപ്രീംകോടതി വിധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് അതിപ്രധാനമായ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ ദയാവധം അനുവദിക്കുന്നതിന് കോടതി ചില ഉപാധികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെല്ലാം സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് ദയാവധം അനുവദിക്കാമെന്നതിന് കോടതി മാര്‍ഗരേഖയും തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേയും ഹൈക്കോടതിയുടേയും അനുമതി ഇതിന് ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു. ഒരു രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം അനുവദിക്കാവൂ എന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവസ്ഥയുണ്ടായാല്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവക്കാമെന്നും ഇത്തരം മരണപത്രമനുസരിച്ച് ജീവന്‍ രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാം.

ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം. കോമണ്‍കോസ് എന്ന സംഘടന 2005ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. ഒരാളുടെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് അയാള്‍ പറയുകയാണെങ്കില്‍ അതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും എന്ന ചോദ്യമാണ് ഹര്‍ജിയിലൂടെ കോമണ്‍കോസ് ഉന്നയിച്ചത്. അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നത് പോലെ അന്തസോടെ മരിക്കാനും അവകാശമുണ്ട്. ജീവന്‍ രക്ഷാ സഹായികളിലൂടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാനാവുമെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു. മുമ്പ് ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ മരണ താത്പര്യപത്രം ഉപാധികളോടെ അനുവദിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഒരു വ്യക്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ മരിക്കാന്‍ അനുവദിക്കാവൂ എന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മരണതാത്പര്യ പത്രം അനുവദിച്ചാല്‍ പ്രായമായവരുടെ കാര്യത്തില്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. 2005ല്‍ നല്‍കിയ ഹര്‍ജി 2014ലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബഞ്ച് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍