UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്കില്‍ അധിക്ഷേപ കുറിപ്പ്; ദേശാഭിമാനി ലേഖകനെതിരെ പി ഇ ഉഷ ഡിജിപിയ്ക്കും വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി

പരാമര്‍ശങ്ങളില്‍ രഘു മാട്ടുമ്മല്‍ ക്ഷമചോദിച്ചുകൊണ്ട് മറ്റൊരു കുറിപ്പ് ഫേസ്ബുക്കില്‍ ഇട്ടെങ്കിലും നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ തന്നെയാണ് പി ഇ ഉഷയുടെ തീരുമാനം.

സമൂഹമാധ്യമത്തില്‍ തന്നെ അധിക്ഷേപിക്കുന്ന തരത്തില്‍ കുറിപ്പിട്ട മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കി വനിതാ പ്രവര്‍ത്തക പി ഇ ഉഷ. ചെര്‍പ്പുളശേരി പീഡന പരാതിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ‘സമാനമായ മറ്റൊരു നുണയായിരുന്നു പി ഇ ഉഷ കേസ്’ എന്ന് ദേശാഭിമാനി പത്രപ്രവര്‍ത്തകനായ രഘു മാട്ടുമ്മല്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ രംഗത്ത് വന്നിരിക്കുകയാണ് പി ഇ ഉഷ. ‘ പി ഇ ഉഷ ഒരു നുണയല്ല’ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പരാതി ഡിജിപിയ്ക്കും വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കി. പരാമര്‍ശങ്ങളില്‍ രഘു മാട്ടുമ്മല്‍ ക്ഷമചോദിച്ചുകൊണ്ട് മറ്റൊരു കുറിപ്പ് ഫേസ്ബുക്കില്‍ ഇട്ടെങ്കിലും നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ തന്നെയാണ് പി ഇ ഉഷയുടെ തീരുമാനം.

കേരളത്തില്‍ ഒട്ടേറെ ചര്‍ച്ചയായ കേസാണ് പി ഇ ഉഷയുടേത്. ബസില്‍ തന്നെ ലൈംഗികമായി അതിക്രമിച്ചയാള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരികയും നീതിക്കായി പോരാടുകയും ചെയ്തയാളാണ് ഉഷ. ചെര്‍പ്പുളശേരി പീഡനവും, നാദാപുരം ബിനു-നബീസു കേസിനോടും താരതമ്യം ചെയ്തുകൊണ്ടാണ് രഘു മാട്ടുമ്മല്‍ പി ഇ ഉഷ കേസിനേയും വിമര്‍ശിച്ചത്. ‘ സമാനമായ മറ്റൊരു നുണയായിരുന്നു പി ഇ ഉഷ കേസ്. കലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരിയും പൊതു പ്രവര്‍ത്തകയുമായിരുന്ന ഉഷയെ രാച്രി ബസ് യാത്രക്കിടെ ഒരാള്‍ ശല്യം ചെയ്തു. കോഴിക്കോട് ആര്‍ഇസിയിലെ ഒരു താല്‍ക്കാലിക പ്ലംബര്‍ തൊഴിലാളിയായിരുന്നു പ്രതി. പ്രതിയെ കയ്യോടെ പിടികൂടി. പ്രതി ഉഷയ്‌ക്കെതിരെ നല്‍കിയ മൊഴിയിലെ ഒരു വിവരം അന്ന് രാഷ്ട്രദീപിക പത്രത്തില്‍ വന്നു. ഈ വാര്‍ത്ത ഉറക്കെ വായിച്ച് തന്നെ അപമാനിച്ചുവെന്ന് കാട്ടി സഹപ്രവര്‍ത്തകനെതിരെ ഉഷ വൈസിചാന്‍സലര്‍ക്ക് പരാതി നല്‍കി. ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കഥ മാറി. ഇടതുയൂണിയനില്‍ പെട്ട ഈ ജീവനക്കാരനാണ് ശല്യം ചെയ്തതെന്ന നിലയിലേക്ക് കഥ വളച്ചൊടിച്ചു. അതും ചിലര്‍ ബലാത്സംഗ കഥ വരെ എത്തിച്ചു. 2001ലെ തിരഞ്ഞെടുപ്പില്‍ കേരളമാകെ യുഡിഎഫ് അജണ്ട ഇത് രണ്ടുമായി..’ എന്നാണ് രഘുമാട്ടുമ്മല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പരാമര്‍ശത്തിനെതിരെയാണ് ഉഷയുടെ പരാതി. പരാതി ഇങ്ങനെ
‘രഘു മാട്ടുമ്മല്‍ എന്നൊരാള്‍ fb വഴി വസ്തുതകള്‍ക്കു വിരുദ്ധമായി എന്നെ അപമാനിക്കുന്ന തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതായി കണ്ടു. 1999 ല്‍ ബസ് ല്‍ നേരിടേണ്ടി വന്ന അതിക്രമത്തെ സംബന്ധിച്ച് ഞാന്‍ പരാതി നല്‍കി യിരുന്നു. പ്രതി പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അതു സംബന്ധിച്ച് എന്റെ തൊഴിലിടത്തില്‍ എന്നെ അപമാനിക്കുന്ന തരത്തില്‍ ഒരാള്‍ പ്രചരണം നടത്തി. അതു സംബന്ധിച്ച് ഞാന്‍ പരാതി നല്‍കി. അതില്‍ വനിതാ കമ്മീഷന്‍ നടപടി എടുത്തിട്ടുള്ളതാണ്.ആത്മാഭിമാനത്തോടെ തൊഴില്‍ എടുത്തു ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു നില്‍ക്കാന്‍ ഏറെ സമരം ചെയ്യേണ്ടി വന്ന ആളാണ് ഞാന്‍. എന്നാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി പ്രചരണം നടന്നതായി അദ്ദേഹം പ്രചരണം നടത്തുകയാണ്. ഇതെന്നെ സ്ത്രീ എന്ന രീതിയില്‍ അപമാനിക്കുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ നടപടി എടുക്കണം എന്നപേക്ഷിക്കുന്നു.’

എന്നാല്‍ ഉഷ പ്രതികരിച്ചതോടെ മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കിലൂടെ ക്ഷമചോദിച്ചു. ഉഷയ്ക്ക് ബസില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെയാണ് താന്‍ പോസ്റ്റില്‍ പരാമര്‍ശിച്ചതെന്നായിരുന്നു വിശദീകരണം. ഉഷയെ പോലുള്ള ഒരു പൊതുപ്രവര്‍ത്തകയ്ക്കുണ്ടായ ദുരനുഭവത്തെ പോലും സ്വാര്‍ഥ താത്പര്യത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും അത് തെരുവംപറമ്പ് ബലാത്സംഗ കഥവരെയെത്തിച്ചുവെന്നും ചൂണ്ടിക്കാട്ടാനാണ് താന്‍ ശ്രമിച്ചതെന്നും ഖേദപ്രകടന കുറിപ്പില്‍ പറയുന്നു.

എന്നാല്‍ മാപ്പപേക്ഷ കൊണ്ട് തനിക്കുണ്ടായ അധിക്ഷേപം ഇല്ലാതാവുന്നില്ലെന്ന് പി ഇ ഉഷ പ്രതികരിച്ചു. പി ഇ ഉഷയുടെ വാക്കുകളിലേക്ക്, ‘ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകന്‍ ഇട്ട കുറിപ്പിനെതിരെയാണ് എന്റെ പരാതി. ഡിജിപിയ്ക്ക് പരാതി മെയില്‍ അയച്ചു. പരാതി സ്വീകരിച്ചു, നടപടിയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് തിരികെ മെയില്‍ ലഭിച്ചു. വനിതാ കമ്മീഷനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാറ്റര്‍ ആയതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. അയാള്‍ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റിട്ടു. പക്ഷെ അത് നോക്കിയാല്‍ തന്നെ അത് രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് മനസ്സിലാവും. പി ഇ ഉഷ കേസ് ഒരു നുണയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അയാളുടെ കുറിപ്പ് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഞാന്‍ ഒരു നുണയല്ല എന്ന് പറഞ്ഞ് ഫേസ്ബുക്കിലും കുറിപ്പിട്ടത്. ഇത് എന്റെ വ്യക്തിപരമായ കാര്യം മാത്രമല്ലല്ലോ. എന്നുമാത്രമല്ല താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത രണ്ട് സംഭവങ്ങള്‍ ചേര്‍ത്തിട്ടാണ് ഇത് പറയുന്നത്. അത് പെട്ടെന്ന് തന്നെ ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. എന്റെ പോരാട്ടം രാഷ്ട്രീയപരമായല്ലായിരുന്നു. രണ്ട് കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാള്‍ നുണ പറയുകയാണെന്ന് പറയുമ്പോള്‍ അത് തെറ്റല്ലേ. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് എന്നെക്കുറിച്ച് ആരെങ്കിലും പറഞ്ഞു എന്ന് ഞാന്‍ കേട്ടിട്ടില്ല. അത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. 2001ല്‍ നടന്ന സംഭവം 2019ല്‍ ഡിസ്റ്റോര്‍ട്ട് ചെയ്ത് പറയുമ്പോള്‍ അതില്‍ വലിയ പ്രശ്‌നമുണ്ടല്ലോ. യുവതലമുറക്ക് പലര്‍ക്കും അതൊന്നും അറിയില്ല. അപ്പോള്‍ ഇത് കേള്‍ക്കുമ്പോള്‍ ആ കേസ് ഇങ്ങനെയാണെന്ന് വിചാരിക്കും. ഞാനിന്ന് ജീവിച്ചിരിക്കുന്നയാളാണല്ലോ? അതുകൊണ്ട് തീര്‍ച്ചയായും എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്റെ മകള്‍, അമ്മ, സഹോദരന്‍മാരെല്ലാം വളരെയധികം വിഷമത്തിലായി. എനിക്ക് ഇത് പറഞ്ഞയാളെ അറിയില്ല. അയാള്‍ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെയും പത്രത്തിന്റെയുമൊക്കെ ആളല്ലേ. അയാള്‍ ഒരു വലിയ അധികാരിയായിട്ടാണല്ലോ ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നേരിടണമെന്ന് ഞാന്‍ കരുതി.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍