UPDATES

വൈറല്‍

കേരളത്തിലെ ജനങ്ങളാണ് പൊരുതി ജയിച്ചത്, സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നു: ആര്‍മി ഉദ്യോഗസ്ഥന്‍ പറയുന്നു

കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ് ഇതെന്ന് ആര്‍മി ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്ന സര്‍ക്കാരിനെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ടി ജനങ്ങള്‍ എല്ലായിടത്തും കാത്തുനിന്നില്ല എന്നതാണ് വസ്തുത.

കേരളത്തെ ബാധിച്ച വലിയ പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ രാജീവ് ത്യാഗി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുണ്ടായിരുന്ന ഒരു ആര്‍മി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് രാജീവ് ത്യാഗി ഇക്കാര്യം പറയുന്നത്.

ആര്‍മി ഉദ്യോഗസ്ഥന്‍ പറയുന്നു:

ആര്‍മി അടക്കമുള്ള സൈനിക വിഭാഗങ്ങള്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. എന്നാല്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ് ഇതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ജനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പം നിന്ന സര്‍ക്കാരിനെയാണ് താന്‍ ആദ്യം അഭിനന്ദിക്കുക. അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. പൊതുജനങ്ങളുടെ ഈ ഊര്‍ജ്ജിതമായ ഇടപെടല്‍ ശ്രീനഗറിലോ ചെന്നൈയിലോ ഉത്തരാഖണ്ഡിലോ മുംബൈയിലോ ഇത്രയധികം കണ്ടിട്ടില്ല.

സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കഴിഞ്ഞാല്‍ രണ്ടാമത് എടുത്ത് പറയേണ്ടത് സംസ്ഥാനത്തെ യുവാക്കളെയാണ്. വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവര്‍ സംഘടിപ്പിച്ചു. ഐടി കമ്പനിക്കടക്കം അവരുടെ ജീവനക്കാര്‍ക്ക് അവധി നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകാന്‍ അവസരമൊരുക്കി, ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും രക്ഷാപ്രവര്‍ത്തനത്തേയും സഹായിക്കാനുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ അവരുടെ കയ്യിലുണ്ടായിരുന്നു. ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാ സഹായവും ഇവര്‍ ചെയ്യുന്നു. എന്റെ ഫ്‌ളാറ്റ് കോംപ്ലക്‌സിലെ യുവതികള്‍ മൂന്ന് ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് സമാഹരിച്ചത്. ഇവര്‍ പാക്ക്ഡ് ഫുഡ് കാമ്പുകളിലെത്തിച്ചിരുന്നു.

മൂന്നാമതായി പറയേണ്ടത് തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചാണ്. പലരും തങ്ങളുടേതായ ചെറിയ സംരംഭങ്ങളും കൂട്ടായ്മകളുമുണ്ടായിരുന്നു.

കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ടി എല്ലായിടത്തും കാത്തുനിന്നില്ല എന്നതാണ് വസ്തുത. പ്രാദേശികമായി നാട്ടുകാര്‍ സജീവമായി ഇടപെട്ടു. ജാതി, മതി, രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായുള്ള വലിയ കൂട്ടായ്മയും ഐക്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അരിയും മറ്റുമായി ഒരു ക്രിസ്ത്യന്‍ പള്ളിയിലേയ്ക്ക് ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ ഞങ്ങളെ ഒരു ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് പറഞ്ഞുവിട്ടു. അവിടെയാണ് ആവശ്യക്കാര്‍ കൂടുതലുണ്ടായിരുന്നത്. എല്ലാവരും ഈ മനോഭാവം പുലര്‍ത്തിയാല്‍ നമ്മുടെ രാജ്യത്തിന് നല്ലൊരു ഭാവിയുണ്ട് – ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍