UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു; ആക്രമണം ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയായിരുന്നു പെരിയാര്‍ പ്രതിമ തകര്‍ക്കാനുള്ള ആഹ്വാനം

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ പെരിയാറിന്റെ പ്രതിമയും തകര്‍ക്കണമെന്ന തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ ആഹ്വാനം പുറത്തുവന്നതിനു മണിക്കൂറുകള്‍ക്കകമാണ് പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടത്. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൊരാളും ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുത്തവരില്‍ പ്രധാനിയുമായ പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടേയും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജി സൂര്യയുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ആക്രമണം. വെല്ലൂര്‍ ജില്ലയിലെ തിരുപട്ടൂരിലുള്ള പ്രതിമയാണ് ഇന്നലെ രാത്രി 9.15-ന് ആക്രമിക്കപ്പെട്ടത്. ചില്ലുകള്‍ തകര്‍ക്കുകയും പ്രതിമയുടെ മൂക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ആക്രമണത്തില്‍ തകരുകയും ചെയ്തു. മുത്തുരാമന്‍ എന്ന ബിജെപി പ്രവര്‍ത്തകനും ഫ്രാന്‍സിസ് എന്ന സിപിഐ പ്രവര്‍ത്തകനും അറസ്റ്റിലായെന്നും ഇരുവരും മദ്യത്തിന്റെ പിടിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്ത പോലെ പെരിയാര്‍ ഇവി രാമസ്വാമിയുടേയും പ്രതിമ തകര്‍ക്കണമെന്നായിരുന്നു എച്ച് രാജ ഫേസ്ബുക്കില്‍ കുറിച്ചത്. ഇനി തകര്‍ക്കേണ്ടത് ജാതിവാദിയായ പെരിയാറിന്റെ പ്രതിമയാണെന്ന് എച്ച് രാജ പറഞ്ഞു. ആരാണീ ലെനിന്‍, ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം, കമ്മ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം, ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതികള്‍ തകര്‍ക്കും – എച്ച് രാജ പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.

പെരിയാറിന്റെ പ്രതിമയില്‍ തൊടാന്‍ ആരും ധൈര്യപ്പെടില്ലെന്നും കലാപമുണ്ടാക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. അയാള്‍ നിരന്തരം ഇങ്ങനെ പറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അയാളെ അറസ്റ്റ് ചെയ്യണം. ഗുണ്ടാനിയമം ചുമത്തണം – സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അതേസമയം പെരിയാറിന്റെ പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടി എറിയുമെന്ന് എംഡിഎംകെ നേതാവ് വൈകോ മുന്നറിയിപ്പ് നല്‍കി. പെരിയാര്‍ ജീവിച്ചിരുന്ന കാലത്ത് അവസരമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരുപ്പൂരി അടിക്കുമായിരുന്നു എന്ന് രാജ നേരത്തെ പറഞ്ഞിരുന്നു. പെരിയാറിനെതിരെ നേരത്തെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഒരു കേസും എച്ച് രാജയുടെ പേരിലുണ്ട്.

മുത്തുരാമന്‍ സഞ്ചരിച്ച ബൈക്ക്, ചിത്രം കടപ്പാട്: newsminutes.com

രാജയ്ക്ക് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്റ് എസ്.ജി സൂര്യയും സമാന പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ വിജയകരമായി തകര്‍ത്തു. അടുത്തത് തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമകളാണ് എന്നായിരുന്നു സൂര്യയുടെ പോസ്റ്റ്‌. അതേസമയം എച്ച് രാജയെ പിന്തുണച്ച് ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി രംഗത്തെത്തി. തമിഴ്‌നാട്ടില്‍ 99.9 ശതമാനത്തിലധികം ആളുകളും മത, ദൈവ വിശ്വാസികളാണ്. പെരിയാറിന്റെ പ്രതിമയിലെ സന്ദേശം ദൈവത്തെ ആരാധിക്കുന്നവനും വിശ്വസിക്കുന്നവനും പ്രാകൃതനും മൃഢനുമാണെന്നാണ്. ഇത്തരം സന്ദേശമുള്ള പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ഹിന്ദു സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ട് വരുകയാണെന്നും എന്നാല്‍ നടപടിയുണ്ടാകുന്നില്ലെന്നും നാരായണന്‍ പറയുന്നു. എച്ച് രാജയുടെ വാക്കുകള്‍ കടുത്തുപോയിട്ടുണ്ടാവാമെങ്കിലും ഭൂരിപക്ഷം പേരുടേയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും നാരായണന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയെക്കുറിച്ച് ലെനിന്‍ 1908ല്‍; വര്‍ഗബോധമുള്ള യൂറോപ്യന്‍ തൊഴിലാളിക്ക് ഏഷ്യയിലും സഖാക്കളുണ്ടായിരിക്കുന്നു

ത്രിപുരയില്‍ ബിജെപി – സംഘപരിവാര്‍ അക്രമം വ്യാപകം; ലെനിന്‍ പ്രതിമ ജെസിബി വച്ച് പൊളിച്ചുമാറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍