UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പ്രതി’യും ‘അന്വേഷണ ഉദ്യോഗസ്ഥ’നും വേദി പങ്കിട്ടു; അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല; വേദിയില്‍ ബാലനും ശശിയും

ബാലനും ശശിക്കുമെതിരെ രാവിലെ തച്ചമ്പാറയിലും മണ്ണാര്‍ക്കാട് ടൗണിലും സമീപപ്രദേശമായ മണ്ണാര്‍ക്കാട് ടൗണിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്തു.

ഡിവൈഎഫ്‌ഐ വനിത നേതാവ് ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയും ശശിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എകെ ബാലനും വേദി പങ്കിട്ടു. പാലക്കാട് തച്ചമ്പാറയിലെ സിപിഎം പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. എകെ ബാലനും പികെ ശശിയും ഒരേ വേദിയില്‍ വരുന്നതിനെതിരെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശശി പരിപാടിയില്‍ പങ്കെടുത്തേക്കില്ല എന്നായിരുന്നു സൂചന. അതേസമയം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തില്ല.

വിവാദമുണ്ടാക്കാതിരിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് എകെ ബാലന്റെ വിശദീകരണം. സിപിഐ അടക്കമുള്ള ഇതര പാര്‍ട്ടികള്‍ വിട്ട് സിപിഎമ്മിലേയ്ക്ക് വന്നവര്‍ക്ക് നല്‍കിയ സ്വീകരണ യോഗമാണ് തച്ചമ്പാറയില്‍ നടന്നത്. ബാലനും ശശിക്കുമെതിരെ രാവിലെ തച്ചമ്പാറയിലും മണ്ണാര്‍ക്കാട് ടൗണിലും സമീപപ്രദേശമായ മണ്ണാര്‍ക്കാട് ടൗണിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്തു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നായിരുന്നു പോസ്റ്ററിലെ പരിഹാസം. ‘നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന’ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ട്. ശശിക്കെതിരായ എകെ ബാലന്റേയും പികെ ശ്രീമതിയുടേയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഇതുവരെ പരിഗണിച്ചിട്ടില്ല.  ശശിക്ക് പരിപാടികളില്‍ പാര്‍ട്ടി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബാലനുമായി ശശി വേദി പങ്കിട്ടതില്‍ തെറ്റൊന്നും ഇല്ലെന്നും പരിപാടിയില്‍ പങ്കെടുത്ത ജില്ല സെക്രട്ടറി സികെ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍