UPDATES

വായിച്ചോ‌

ഗുഡ് ബൈ ‘പ്ലേ ബോയ്’….

ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള കാര്യമെന്ത് എന്ന ചോദ്യത്തിന് “സെക്‌സിനോടുള്ള മനോഭാവം മാറ്റിയത്” എന്നായിരുന്നു ഹെഫ്‌നറുടെ മറുപടി.

ലോകപ്രശസ്ത അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ മാഗസിന്‍ പ്ലേ ബോയ് യുടെ സ്ഥാപക എഡിറ്റര്‍ ഹഫ് ഹെഫ്‌നര്‍ അന്തരിച്ചു. ലോസ് ഏഞ്ചലസിലെ പ്ലേബോയ് മാന്‍ഷന്‍ എന്ന വസതിയിലാണ് 91കാരനായ അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ കൂപ്പ് ഹെഫ്‌നറും പ്ലേ ബോയ് എന്റര്‍പ്രൈസസ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ചേര്‍ന്ന് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പിതാവ് മാധ്യമരംഗത്തും സാംസ്‌കാരിക രംഗത്തും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടുള്ളയാളാണെന്നും കൂപ്പ് ഹെഫ്‌നര്‍ അഭിപ്രായപ്പെട്ടു. നടി കിം കര്‍ദാഷിയന്‍ അടക്കമുള്ള പ്രമുഖര്‍ ഹെഫ്‌നറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പൂര്‍ണനഗ്നരായ മോഡലുകളുടെ ഫോട്ടോകളിലൂടെയും പോണ്‍ സമാനമായ ഉള്ളടക്കത്തിലൂടെയും ലോകവ്യാപകമായി വലിയ ജനപ്രീതി പ്ലേ ബോയ് നേടിയിരുന്നു. ENTERTAINMENT FOR MEN എന്ന ടാഗ് ലൈനിലൂടെ ഇത് പുരുഷന്മാരെ ഉദ്ദേശിച്ചുള്ള മാഗസിനാണെന്ന് തുടക്കം മുതല്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ ടാഗ് ലൈന്‍ ഇപ്പോഴും തുടരുന്നു.

1926ല്‍ ചിക്കാഗോയിലാണ് ഹഫ് ഹെഫ്‌നറുടെ ജനനം. മാതാപിതാക്കള്‍ രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇലിനോയ്‌സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഇതിന് ശേഷം എസ്‌ക്വയര്‍ മാഗസിനില്‍ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1953ലാണ് പ്ലേ ബോയ് മാഗസിന്‍ തുടങ്ങുന്നത്. വളരെ മുമ്പ് പകര്‍ത്തിയ, വിഖ്യാത നടി മെര്‍ലിന്‍ മണ്‍റോയുടെ നഗ്ന ഫോട്ടോയുമായാണ് ആദ്യ ലക്കം പുറത്തിറങ്ങിയത്. ഹെഫ്‌നറുടെ അടുക്കളയില്‍ നിന്നാണ് ആദ്യ ലക്കം പുറത്തിറക്കിയത്. 8000 ഡോളര്‍ നിക്ഷേപത്തിലാണ് തുടക്കം. ആദ്യ ലക്കത്തിന്റെ 50,000 കോപ്പികള്‍ വിറ്റുപോയി.

ലൈംഗിക അതിപ്രസരമുള്ള ഉള്ളടക്കത്തിലൂടെ മാഗസിന്‍ വലിയ ജനപ്രീതി നേടി. അതേസമയം ഗൗരവമുള്ള അഭിമുഖങ്ങളും ലേഖനങ്ങളും പ്ലേ ബോയ് പ്രസിദ്ധീകരിച്ചിരുന്നു. റേ ബ്രാഡ്ബറി, ഇയാന്‍ ഫ്‌ളെമിംഗ്, ജോസഫ് ഹെല്ലര്‍, ജാക്ക് കെറോക്, മാര്‍ഗരറ്റ് ആറ്റ്‌വുഡ് എന്നീ എഴുത്തുകാരെല്ലാം പ്ലേ ബോയ്ക്ക് വേണ്ടി എഴുതി. മൈല്‍സ് ഡേവിസിനെയാണ് മാഗസിന്‍ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത്. പിന്നീട് ഫിദല്‍ കാസ്‌ട്രോ, ഫ്രാങ്ക് സിനാത്ര, മാര്‍ലന്‍ ബ്രാന്‍ഡോ, ജിമ്മി കാര്‍ട്ടര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ പിന്നീട് വന്നു. താന്‍ ഉള്ളില്‍ വ്യഭിചാരത്തിനുള്ള മോഹം കൊണ്ടുനടക്കുന്നയാളാണെന്ന് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞു. ആ അഭിമുഖം നല്‍കുന്ന സമയത്ത് ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. 1980ല്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ജോണ്‍ ലെനന്‍ പ്ലേ ബോയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. മൈല്‍സ് ഡേവിസ് സംസാരിച്ചത് ജാസ് സംഗീതത്തെക്കുറിച്ച് മാത്രമായിരുന്നില്ല. കറുത്തവര്‍ഗക്കാരനായ ഒരു സംഗീതജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവങ്ങളും നിലപാടുകളും പങ്കുവച്ചു. ഹൈസ്‌കൂളിലെ ട്രംപറ്റ് വാദ്യഘോഷത്തില്‍ താനായിരുന്നു ഏറ്റവും മികവ് പുലര്‍ത്തിയിരുന്നതെങ്കിലും സമ്മാനങ്ങള്‍ നീലക്കണ്ണുകളും വെളുത്ത തൊലിയുമുള്ള കുട്ടികള്‍ക്കായിരുന്നു. വെള്ളക്കാരായ എല്ലാവരേയും പിന്തള്ളമെന്ന് അന്ന് മനസില്‍ ഉറപ്പിച്ചിരുന്നതായി ഡേവിസ് പറഞ്ഞു. 1960കളില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഇങ്ങനെ സംസാരിക്കാനാവുമായിരുന്നില്ല. ഇന്റര്‍വ്യൂ നടത്തിയ യുവ മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് ഹാലിയെ ഒരിക്കല്‍ കൂടി ഹെഫ്‌നര്‍, ഡേവിസനടുത്തേയ്ക്ക് അയച്ചു. ഡേവിസ് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. തിമോത്തി ലീറി, മുഹമ്മദ് അലി, സ്റ്റാന്‍ലി കൂബ്രിക്, സ്റ്റീവ് ജോബ്‌സ് തുടങ്ങിയവരുടെയെല്ലാം അഭിമുഖം പ്ലേബോയ് പ്രസിദ്ധീകരിച്ചു.

ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ കാര്യങ്ങള്‍ അഭിമുഖത്തിന്റെ രീതിയില്‍ പ്ലേ ബോയ് കൊടുത്തിരുന്നു. എന്നാല്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി. നെഹ്രുവിന്റെ പൊതുപ്രസ്താവനകളാണ് പ്ലേ ബോയ് അഭിമുഖമെന്ന പേരില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ പ്ലേ ബോയ് നിരോധിക്കപ്പെട്ടിരുന്നു. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരം പിടിച്ചെടുക്കുന്ന വിദേശ നിര്‍മ്മിത വസ്തുക്കളില്‍ പ്ലേ ബോയ് മാഗസിനും ഉള്‍പ്പെട്ടിരുന്നു. തനിക്ക് പോസ്റ്റലായി വന്നിരുന്ന പ്ലേ ബോയ് മാഗസിന്‍ കോപ്പികള്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നതായി എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗ് പറഞ്ഞിരുന്നു. എല്ലാ നിരോധനങ്ങളേയും മറികടന്ന് പ്ലേ ബോയ് ഇന്തയില്‍ എത്തിക്കൊണ്ടിരുന്നു. ഏതായാലും ഇത്തരത്തില്‍ പിടിച്ചുവയ്ക്കപ്പെടുന്ന പ്ലേ ബോയ് കോപ്പികള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമുക്കറിയില്ല എന്നത് മറ്റൊരു തമാശ. അഭിമുഖങ്ങളാണ് വായിക്കാനാണ് ഞാന്‍ പ്ലേ ബോയ് നോക്കുന്നത് എന്നത് അക്കാലത്ത് വലിയ തമാശയായി ചിരി പടര്‍ത്തിയിരുന്നു.

(പ്ലേ ബോയ്‌ മാഗസിന്‍റെ ആദ്യ ലക്കം – കവര്‍ ഫോട്ടോ – മര്‍ലിന്‍ മണ്‍റോ)

ലൈംഗികതയോട് പുലര്‍ത്തുന്ന വളരെ സ്വതന്ത്രമായ സമീപനം ഏറെ വിവാദങ്ങളുണ്ടാക്കി. പ്ലേ ബ്രാന്‍ഡ് വളര്‍ന്നു. പസിദ്ധീകരണം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ സര്‍ക്കുലേഷന്‍ രണ്ട് ലക്ഷത്തിലധികം നേടി. 1970കളില്‍ അത് 70 ലക്ഷം കവിഞ്ഞു. സിനിമ, മാധ്യമങ്ങള്‍, വസ്ത്ര വിപണി, ജ്വല്ലറി തുടങ്ങിയവയിലേക്കെല്ലാം പ്ലേ ബോയിയുടെ ലോഗോ പടര്‍ന്നു. നിലവില്‍ 20ലധികം രാജ്യങ്ങളില്‍ പ്ലേ ബോയ് മാഗസിന്‍ പ്രസിദ്ധികരിക്കുന്നു. പ്ലേബോയ് എന്റര്‍പ്രൈസിന്റെ മൊത്തം വിറ്റുവരവ് 100 കോടി ഡോളര്‍ വരുന്നുണ്ട്.

പ്ലേ ബോയ് മാഗസിനും ഹെഫ്‌നറുടെ ജീവിതശൈലിയും ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തി. 1960ല്‍ വിവിധ ലോകരാജ്യങ്ങളില്‍ ഹഫ് ഹഫ്‌നര്‍ പ്ലേ ബോയ്‌ ക്ലബുകള്‍ തുടങ്ങിയിരുന്നു. കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളെ പരിചാരകരാക്കി നിര്‍ത്തി. ഫെമിനിസ്റ്റുകളും യാഥാസ്ഥിതികരുമെല്ലാം ഹെഫ്‌നര്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. അതേസമയം പ്ലേ ബോയ് മാഗസിനെ പിന്തുണച്ച ഫെമിനിസ്റ്റ് എഴുത്തുകാരും ഉണ്ടായിരുന്നു. 1963ല്‍ പ്ലേ ബോയ് ക്ലബിന്റെ പരിപാടിക്ക് വേണ്ടി ഫെമിനിസ്റ്റ് എഴുത്തുകാരി ഗ്ലോറിയ സ്റ്റീനം വേഷം മാറി രഹസ്യമായി എത്തി. ഇത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ആ വര്‍ഷം ജെയ്ന്‍ മാന്‍സ്ഫീല്‍ഡിന്റെ നഗ്നചിത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹെഫ്‌നര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിടക്കുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ കുറ്റങ്ങള്‍ ഒഴിവാക്കപ്പെട്ടു.

1949ലായിരുന്നു ഹെഫ്‌നറുടെ ആദ്യ വിവാഹം. ആദ്യ ഭാര്യ മില്‍ഡ്രഡ് വില്യംസില്‍ രണ്ട് മക്കള്‍. 1959ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഹെഫ്‌നര്‍ കൂടുതല്‍ ആഡംബരങ്ങളിലേക്ക് നീങ്ങി. ചിക്കോഗോയില്‍ കൂടുതല്‍ വലിയ ആഡംബര വീട്ടിലേയ്ക്ക് അദ്ദേഹം താമസം മാറ്റി. പിന്നീട് ലോസ് എഞ്ചലസിലെ പ്ലേ ബോയ് മാന്‍ഷനിലേയ്ക്ക്. മൂന്ന് തവണ വിവാഹിതനായി. ഏറ്റവുമൊടുവില്‍ ജീവിത പങ്കാളിയായ ക്രിസ്റ്റല്‍, ഹെഫ്‌നറുടെ കളിക്കൂട്ടുകാരിയാണ്. നാല് മക്കളാണ് ഈ ബന്ധത്തിലുള്ളത്. ഒരു മകന്‍ ക്രിസ്റ്റി, 20 വര്‍ഷത്തോളം പ്ലേ ഹോയ് എന്റര്‍പ്രൈസസിന്റെ സിഇഒ ആയിരുന്നു. 1992ല്‍ ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള കാര്യമെന്ത് എന്ന ചോദ്യത്തിന് “സെക്‌സിനോടുള്ള മനോഭാവം മാറ്റിയത്” എന്നായിരുന്നു ഹെഫ്‌നറുടെ മറുപടി. വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളെ സംബന്ധിച്ചുള്ള മോശം ധാരണകള്‍ തിരുത്താന്‍ കഴിഞ്ഞതായും അത് തനിക്ക് വലിയ സംതൃപ്തി നല്‍കിയതായും ഹെഫ്‌നര്‍ പറഞ്ഞു. തന്‍റെ അരാജക ലൈംഗികജീവിതം ഹഫ് ഹെഫ്‌നര്‍ മടിയില്ലാതെ തുറന്ന് പറഞ്ഞിരുന്നു. ആയിരത്തിലധികം സ്ത്രീകളുമായി ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി ഹെഫ്‌നര്‍ പറഞ്ഞിരുന്നു. മാഗസിന്റെ കവര്‍ മോഡലായിട്ടുള്ള സ്ത്രീകളില്‍ പലരും പ്ലേ ബോയ് മാന്‍ഷനില്‍ ഹെഫ്‌നര്‍ക്കൊപ്പം താമസിച്ചിട്ടുണ്ട്.

 

1988ല്‍ ഹെഫ്‌നര്‍ പ്ലേ ബോയ് ക്ലബുകള്‍ അടച്ചുപൂട്ടി. പിന്നീട് 2006ല്‍ ചെറിയ തോതില്‍ പ്ലേബോയ് ക്ലബുകള്‍ പുനരാരംഭിച്ചിരുന്നു. തങ്ങള്‍ പൂര്‍ണനഗ്ന ചിത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് 2015ല്‍ പ്ലേ ബോയ് പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റില്‍ ഇത്തരം ഫോട്ടോകള്‍ സര്‍വസാധാരണമായതുകൊണ്ടാണ് തീരുമാനമെന്നാണ് പ്ലേ ബോയ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ 2017ല്‍ വീണ്ടും ഇത്തരം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വീണ്ടും ഞങ്ങളാവുകയാണെന്ന് ഹെഫ്‌നര്‍ പറഞ്ഞുവച്ചു.

വായനയ്ക്ക്: https://goo.gl/RuJhhh, https://goo.gl/Kp957c

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍