UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കെ സുരേന്ദ്രനോട് പൊലീസും സര്‍ക്കാരും നീതികേട് കാണിച്ചു, ഐപിഎസുകാര്‍ അടിമപ്പണിക്കാരായി”: മുന്‍ ഡിജിപി സെന്‍കുമാര്‍

നിലവിലെ ഭരണത്തിന് കീഴില്‍ ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമപ്പണി ചെയ്യുന്നവരുമായി മാറിയെന്നും ടിപി സെന്‍കുമാര്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ അടക്കം വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല.

ശബരിമല പ്രശ്‌നത്തില്‍ ബിജെപി നേതാവ് കെ സുരേന്ദ്രനെ കേസെടുത്ത് ജയിലിലിട്ടത് പൊലീസിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തി നിന്നുള്ള നീതികേടാണ് എന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമവിരുദ്ധമാണ് എന്നും അറസ്റ്റ് ചെയ്ത് കൊണ്ടുനടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടാണ് ടിപി സെന്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ കേസുകളുണ്ടെങ്കില്‍ ഒരുമിച്ചാണ് കോടതിയില്‍ ഹാജരാക്കേണ്ടത് എന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. നിലവിലെ ഭരണത്തിന് കീഴില്‍ ഐപിഎസുകാര്‍ നട്ടെല്ലില്ലാത്തവരും അടിമപ്പണി ചെയ്യുന്നവരുമായി മാറിയെന്നും ടിപി സെന്‍കുമാര്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ അടക്കം വാറണ്ടുള്ള പ്രമുഖര്‍ക്കെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥന് ശിക്ഷ ലഭിക്കാവുന്നതാണ് എന്നും സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയില്‍ ചിത്തിര ആട്ട പൂജ സമയത്ത് 52 കാരിയായ തൃശൂര്‍ സ്വദേശി ലതയേയും കുടുംബത്തേയും ആക്രമിച്ചെന്ന കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളിയിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞ കേസിലും 2014ല്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസിലും സുരേന്ദ്രന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ന്യൂഡല്‍ഹിയില്‍ സെന്‍ കുമാര്‍ കണ്ടിരുന്നു. തന്നെ ഗവര്‍ണറാക്കുമോ എന്ന് അറിയില്ല എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണം എന്ന് ആവശ്യപ്പെടാനാണ് താന്‍ അമിത് ഷായെ കണ്ടത് എന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ ക്ഷേത്രം അവിശ്വാസികള്‍ ഭരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ പുനക്രമീകരിക്കണം എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് സുപ്രീം കോടതി റദ്ദാക്കുകയും സെന്‍കുമാറുമായുള്ള സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയും ചെയ്ത സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സെന്‍കുമാറിന്റെ പോക്ക് ബിജെപി പാളയത്തിലേയ്ക്കാണ് എന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍