UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പോലീസുകാരന്‍ ലിഫ്റ്റില്‍ പീഡിപ്പിക്കാൻ ശ്രമിച്ചു; കേസ് ഒതുക്കിത്തീർക്കാൻ നീക്കം

സമ്മര്‍ദ്ദം ചെലുത്തി മൊഴിമാറ്റിക്കാന്‍ പോലീസ് ശ്രമമെന്നും ആരോപണം

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

എറണാകുളത്തെ സിവിൽ സർവീസ് കോച്ചിങ്ങ് സെൻററിൻറെ ലിഫ്റ്റിൽ വെച്ച് പ്ളസ് വൺ വിദ്യാര്‍ത്ഥിനിയെ എ.എസ്.ഐ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. ശനിയാഴ്ച രാവിലെ പുല്ലേപ്പടിയിലെ കോച്ചിങ്ങ് സെൻററിൽ വെച്ചാണ് സംഭവം. ഇതേ സെൻററിൽ മകന്‍റെ അഡിമിഷനുമായി ബന്ധപ്പെട്ട് എത്തിയ നാസർ പെൺകുട്ടിക്കൊപ്പം ലിഫ്റ്റിലേക്ക് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് ഇയാൾ. പെൺകുട്ടിയുടെ പരാതിയില്‍ തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ നാസറിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ലിഫ്റ്റിൽ കയറിയ ഉടനെ കയറിപ്പിടിച്ച ഇയാൾ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോൾ കഴുത്തിൽ പിടിച്ച് ചുവരിൽ ചേർത്ത് മർദ്ദിക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങി ഓടിയ പെൺകുട്ടി ഇയാൾ ഇറങ്ങിപ്പോകുന്നത് വരെ ക്ളാസിൽ ഒളിച്ചിരുന്നു. പെൺകുട്ടി വീട്ടിലെത്തിയ ശേഷവും വീടിന് സമീപത്ത് വരെ ഇയാൾ വന്നിരുന്നെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

രാത്രി കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ പീഡനവിവരം അറിഞ്ഞതോടെ പിറ്റേന്ന് ശിശുക്ഷേമസമിയിതിൽ പരാതി നൽകി. അവരുടെ നിർദ്ദേശ പ്രകാരം എറണാകുളം വനിതാ സ്റ്റേഷനില്‍ പരാതി നൽകാൻ ചെന്നെങ്കിലും ഏറെ നേരം പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഏറെ നേരം തർക്കിച്ചു നിന്ന പോലീസുകാർ സമീപത്തുണ്ടായിരുന്ന രാഷ്ട്രീയക്കാർ ഇടപെട്ടതോടെയാണ് പരാതി വാങ്ങിയതെന്നും ഇവർ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക് കുട്ടിയിൽ നിന്നും മജിസ്ട്രേറ്റ് മൊഴിയെടുത്തു. വൈദ്യപരിശോധനയിൽ കയ്യിലും ദേഹത്തും ക്ഷതങ്ങളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പോലീസ് സ്റ്റേഷനില്‍ ചെന്ന സമയത്തെല്ലാം കെട്ടിച്ചമച്ച കേസാണെന്ന് വരുത്തി തീർത്ത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടായതായി പെൺകുട്ടിയുടെ ബന്ധു അഴിമുഖത്തോട് പറഞ്ഞു. മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് പെൺകുട്ടിയെ സി.ഐ യുടെ മുറിയിലേക്ക് കൊണ്ടുപോയി സംസാരിച്ചത് ഇതിനാണെന്നും പറയുന്നു.
“കേസ് കെട്ടിച്ചമച്ചതാണോ എന്നും ആരുടെ നിർദ്ദേശ പ്രകാരമാണ് ഇങ്ങനെ പറയുന്നതെന്നും സി.ഏ തുടരെ ചോദിച്ചതോടെ പെൺകുട്ടി കരയാനാരംഭിച്ചു. അങ്ങനെയാണ് ചോദ്യം ചെയ്യൽ നിർത്തിയത്. അമ്മയെയും അച്ഛനേയും ഒപ്പം കടത്താനും സി.ഐ. സമ്മതിച്ചില്ല” എന്നും ഈ സമയങ്ങളിൽ കൂടെയുണ്ടായിരുന്ന ബന്ധു ആരോപിക്കുന്നു.

പ്രതിയായ പോലീസുകാരനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന ശ്രമം, അന്യായമായി തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ, പോക്സോ ആകട് പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അതേസമയം പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍