UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥന് ബലാത്സംഗ കേസില്‍ 10 വര്‍ഷം തടവ്

അന്വേഷണ നടപടികളുടെ ഭാഗമായി ഇടയ്ക്കിടെ പരാതിക്കാരിയുടെ വിട്ടില്‍ പോയിക്കൊണ്ടിരുന്ന സാല്‍വീന്ദര്‍ സിംഗ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച ഭീകരര്‍ ആക്രണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ഗുര്‍ദാസ്പൂര്‍ മുന്‍ എസ് പി സാല്‍വീന്ദര്‍ സിംഗിന് ബലാത്സംഗ കേസില്‍ 10 വര്‍ഷം തടവ് ശിക്ഷ. ഗുര്‍ദാസ്പൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. ഇതിന് പുറമെ അഴിമതി കേസില്‍ അഞ്ച് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

ഭര്‍ത്താവിനെതിരെ ഭാര്യ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് അന്വേഷിച്ചിരുന്നത് സാല്‍വീന്ദര്‍ സിംഗ് ആയിരുന്നു. അന്വേഷണ നടപടികളുടെ ഭാഗമായി ഇടയ്ക്കിടെ പരാതിക്കാരിയുടെ വിട്ടില്‍ പോയിക്കൊണ്ടിരുന്ന സാല്‍വീന്ദര്‍ സിംഗ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭര്‍ത്താവിനെ കേസില്‍ നിന്ന് ഒഴിവാക്കുമെന്ന് പറഞ്ഞ് ഇവരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.

ഭര്‍ത്താവിനെതിരായ ക്രിമിനല്‍ നടപടികള്‍ക്ക് സാല്‍വീന്ദര്‍ സിംഗ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും സ്ത്രീ പരാതിപ്പെട്ടിട്ടുണ്ട്. സാല്‍വീന്ദര്‍ സിംഗിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. നിരന്തരം ഈ സ്ത്രീയുമായി സാല്‍വീന്ദര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. മാസങ്ങളോളം സാല്‍വീന്ദര്‍ സിംഗ് ഒളിവിലായിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. ഇരയായ സ്ത്രീയുടെ ഭര്‍ത്താവും സാല്‍വീന്ദര്‍ സിംഗിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. 2017 ഏപ്രിലില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങി.

സുരക്ഷാകാരണങ്ങള്‍ തൂണ്ടിക്കാട്ടി സാല്‍വീന്ദര്‍ സിംഗിനെ പാര്‍പ്പിക്കാന്‍ ഗുര്‍ദാസ്പൂര്‍ ജയില്‍ അധികൃതര്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അമൃത്സര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. പത്താന്‍കോട്ട് ആക്രമണത്തിന് എത്തിയ നാല് ഭീകരര്‍ സാല്‍വീന്ദര്‍ സിംഗ് സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് തട്ടിയെടുക്കുകയും സാല്‍വീന്ദറിനെ വഴിയിലിറക്കി വിടുകയുമായിരുന്നു. ഭീകരര്‍ക്ക് സാല്‍വീന്ദര്‍ സിംഗ് സഹായം നല്‍കിയതായി എന്‍ഐഎ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍