UPDATES

രാജ്യത്ത് ഏറ്റവും വിശ്വാസ്യതയില്ലാത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെന്ന് സര്‍വെ; ബീഫ് കഴിക്കുന്നവരെ ശിക്ഷിക്കണമെന്ന് വടക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് സര്‍വെ നടത്തിയത്.

വിശ്വാസ്യതയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍ രാഷ്ട്രീയ പാര്‍ട്ടികളെന്ന് സര്‍വെ. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെയിലാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം മറ്റ് സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണെന്ന് കണ്ടെത്തിയത്. അസീം പ്രേംജി സര്‍വകലാശാല, ലോക്‌നീതിയുമായി ചേര്‍ന്നാണ് സര്‍വെ നടത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള വിശ്വാസ്യത നെഗറ്റീവ് 55 ആണെന്ന് സര്‍വെ വിലയിരുത്തുന്നു. സൈന്യത്തിനാണ് ഏറ്റവും വിശ്വാസ്യത, സുപ്രീം കോടതിയ്ക്കാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ വിശ്വാസ്യതയില്‍ രണ്ടാം സ്ഥാനം. രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസമില്ലെങ്കിലും പാര്‍ലമെന്റിന് സ്വീകാര്യതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനം ഉണ്ട്. രാഷ്ടീയ പാര്‍ട്ടികള്‍ തൊട്ടുമുന്നിലാണ് വിശ്വാസ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്.

88 ശതമാനമാണ് സൈന്യത്തിനുള്ള വിശ്വാസ്യത. സുപ്രീം കോടതി, ഹൈക്കോടതി എന്നിവ ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത 60 ശതമാനമാണെന്നും സര്‍വെ വ്യക്തമാക്കുന്നു. കേരളത്തിന് പുറമെ, അസം, ജമ്മു കാശ്മീര്‍, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, തമിഴ്‌നാട്, തൃപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ ഡല്‍ഹി എന്നിവിടങ്ങളിലെ 24000 പേരില്‍നിന്നാണ് വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ തേടിയത്. ഓരോ സംസ്ഥാന്ങ്ങളില്‍നിന്നും 2000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

ജനാധിപത്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തെരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ചാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനം എന്നത് തെരഞ്ഞെടുപ്പിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്നതെന്ന തോന്നലാണ് ഇതുമൂലം ഉണ്ടാക്കപ്പെട്ടതെന്നും സര്‍വെ പുറത്തുവിട്ടുകൊണ്ട് പൊളിറ്റിക്കല്‍ സയന്റിസ്റ്റ് സോയ ഹസന്‍ പറഞ്ഞു. ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവിധ സ്ഥാപനങ്ങളോടുള്ള നിലപാടാണ് സര്‍വെയിലൂടെ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്താണെന്ന ചോദ്യത്തിന് തൊഴിലില്ലായ്മ എന്നായിരുന്നു ഏറെ പേരും നല്‍കിയ മറുപടി. ബീഫ് കഴിക്കുന്നവരെയും മതം മാറുന്നവരെയും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവരെയും ശിക്ഷിക്കണമോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്. ഇത്തരക്കാരെ ശിക്ഷിക്കണമെന്ന നിലപാടാണ് ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സ്വീകരിച്ചത്. ബീഫ് കഴിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് നാഗാലാന്റില്‍നിന്നും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണെന്ന് സര്‍വെ വ്യക്തമാക്കുന്നത്. ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍