UPDATES

ട്രെന്‍ഡിങ്ങ്

മോദിക്കും നിതീഷിനും വിജയതന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു

ജെഡിയുവുമായി ഒരു സഖ്യത്തിനുമില്ലെന്നും നിതീഷിന്റെ ‘ചതി’ ഒരിക്കലും മറക്കില്ലെന്നുമാണ് ആര്‍ജെഡി നേതാവ് തേജസ്വ യാദവിന്റെ ഉറച്ച നിലപാട്.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും 2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‌റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും വന്‍ വിജയമൊരുക്കുന്നതില്‍ പങ്ക് വഹിച്ച ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോര്‍ നിതീഷിന്റെ ജെഡിയുവില്‍ (ജനതാദള്‍ യൂണൈറ്റഡ്) ചേര്‍ന്നു. നിതീഷ് കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് പ്രശാന്ത് കിഷോര്‍ ജെഡിയു അംഗത്വം സ്വീകരിച്ചത്. ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. അയാളാണ് ഭാവിയുടെ നേതാവെന്ന് നിതീഷ് കുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

2014ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ ‘ചായ് പേ ചര്‍ച്ച’ അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തത് പ്രശാന്ത് കിഷോറാണ്. 2015ല്‍ ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യത്തിന് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി സഖ്യം വന്‍ വിജയം നേടി അധികാരത്തിലെത്തി. എന്നാല്‍ 2017ല്‍ സഖ്യം പൊളിയുകയും മുഖ്യമന്ത്രി സ്ഥാനം രാജി വച്ച നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രശാന്ത് കിഷോര്‍ വിജയതന്ത്രങ്ങളൊരുക്കി. ഇന്‍ഡിപെന്റന്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപിഎ) എന്ന കമ്പനി തുടങ്ങി.

ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യത്തെയാണ് ജെഡിയുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ബിഹാറില്‍ നേരിടാന്‍ പോകുന്നത്. സീറ്റ് വിഭന വിഷയത്തിലടക്കം ബിജെപിയുമായി കടുത്ത അസ്വാരസ്യത്തിലാണ് ജെഡിയു. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വരെ നിതീഷ് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍ജെഡിയുമായി ചേര്‍ന്ന് വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് നേരിടാന്‍ നിതീഷ് കുമാര്‍ താല്‍പര്യപ്പെടുന്നുണ്ട്. ബിജെപിക്കൊപ്പം നിന്നാല്‍ ദലിത് വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയം ജെഡിയുവിനുണ്ട്.

READ ALSO: ബിഹാറില്‍ ബിജെപിക്ക് വലിയ തിരിച്ചടി; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിതീഷ്

മറുഭാഗത്ത് ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ദലിത് പാര്‍ട്ടി അടക്കമുള്ളവയുണ്ട്. എസ് സി – എസ് ടി ആക്ട് ദുര്‍ബലപ്പെടുത്തുന്നത് എന്ന ആരോപണം നേരിട്ട സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ പൊലീസ് നടപടിയിലും നിതീഷിന്റെ മദ്യനയത്തിലും ദലിതര്‍ അതൃപ്തരാണ്. കൂടാതെ ബിജെപിക്കെതിരെ ശക്തമായ രോഷം ദലിത് വിഭാഗക്കാര്‍ക്കിടയിലുണ്ട്. എന്‍ഡിഎ ക്യാമ്പില്‍ നിന്ന് രണ്ട് കേന്ദ്ര മന്ത്രിമാരുടെ പാര്‍ട്ടികള്‍ ബിജെപിയുമായി കടുത്ത ഭിന്നതയിലാണ്. രാംവിലാസ് പാസ്വാന്റെ എല്‍ജെഎസ്പി (ലോക്ജനശക്തി പാര്‍ട്ടിയും) ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാം.

അതേസമയം ജെഡിയുവുമായി ഒരു സഖ്യത്തിനുമില്ലെന്നും നിതീഷിന്റെ ‘ചതി’ ഒരിക്കലും മറക്കില്ലെന്നുമാണ് ആര്‍ജെഡി നേതാവ് തേജസ്വ യാദവിന്റെ ഉറച്ച നിലപാട്. ലാലു പ്രസാദ് യാദവ് വഴങ്ങിയാല്‍പ്പോലും നിലവില്‍ പാര്‍ട്ടിയെ നയിക്കുന്ന തേജസ്വി വഴങ്ങുമോ എന്നത് സംശയമാണ്. കാലിത്തീറ്റ കേസില്‍ ലാലു ജയില്‍ശിക്ഷ അനുഭവിക്കുന്നതിനും അപമാനിക്കുന്നതിനും കാരണമായതില്‍ നിതീഷുമുണ്ടെന്ന് തേജസ്വി കരുതുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുത്ത് ജെഡിയു-ബിജെപി സഖ്യത്തെ തകര്‍ക്കാമെന്ന ആത്മവിശ്വാസം തേജസ്വിക്കും ആര്‍ജെഡിയ്ക്കുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍