UPDATES

വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ ബലാകോട്ട് പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനം: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്

മോദിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലാകോട്ട് വ്യോമാക്രമണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ചാണ് ഒസ്മാനാബാദ് ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കന്നിവോട്ടര്‍മാരോട് മോദി അഭ്യര്‍ത്ഥിച്ചത് പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനാണ്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ‘ധീര രക്തസാക്ഷി’കളായ സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശങ്ങള്‍ സായുധസേനകളെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കരുത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

ഒസ്മാനാബാദ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി മോദിയോട് ഇതാദ്യമായി കമ്മീഷന്‍ വിശദീകരണം തേടിയേക്കും. ഈയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സായുധ സേനകളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്നും ഇക്കാര്യം സംബന്ധിച്ച് നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കണം എന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 19ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. സൈനികരുടെ ഫോട്ടോ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വിലക്കി എല്ലാ പാര്‍ട്ടികള്‍ക്കും മാര്‍ച്ച് ഒമ്പതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍