UPDATES

വിശ്വാസികളെ സംരക്ഷിക്കും, യുഡിഎഫും എല്‍ഡിഎഫും അഴിമതിക്കാര്‍, കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും: മോദി കോഴിക്കോട്‌

വിശ്വാസികളെ ലാത്തി കൊണ്ട് അടിച്ചൊതുക്കാനുള്ള നീക്കം ബിജെപി അനുവദിക്കില്ല.

പതിറ്റാണ്ടുകളായി കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് എല്‍ഡിഎഫും വര്‍ഗീയ യുഡിഎഫും കേരളത്തെ ദുരിതത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബിജെപി റാലിയിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി ഇരു മുന്നണികളും അഴിമതിക്കാരാണ്. പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. യുഡിഎഫിന്റെ നിഘണ്ടു തന്നെ അഴിമതി നിറഞ്ഞതാണ്. ഇടതുപക്ഷം ഒട്ടും പിന്നിലല്ല.

2016 മേയ് മുതല്‍ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപവനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു. വ്യവസായ വികസനത്തിന് ആവശ്യമായ യാതൊരു കാഴ്ചപ്പാടും ഭരിക്കുന്നവര്‍ക്കില്ല. ഇരു മുന്നണികളും ഭൂമി കയ്യേറ്റക്കാരാണ്. കോഴിക്കോട് കോംട്രസ്റ്റിലെ തൊഴിലാളികളുടെ ദുരിതം ഇവര്‍ കാണുന്നില്ല. ദേശസ്‌നേഹികളായ ആര്‍എസ്എസുകാരെ ആക്രമിക്കുകയും കൊല്ലുകയുമാണ് കേരളത്തില്‍. ഇതില്‍ ഏത് മുണിയെ ജയിപ്പിച്ചാലും അത് അഴിമതിക്കുള്ള ലൈസന്‍സ് ആകും. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ്കാരേയും കോണ്‍ഗ്രസുകാരേയും നിങ്ങള്‍ ജയിപ്പിക്കുന്നത് എന്തിനാണ്?

രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന്റെ അഴിമതിയാണ്. മധ്യപ്രദേശില്‍ നിന്ന് നോട്ടുകെട്ടുകളുടെ ചാക്കൂകളാണ് കണ്ടെത്തിയത്. ഇതിന്റെ ബന്ധം ഡല്‍ഹിയിലെ തുഗ്ലക് റോഡില്‍ താമസിക്കുന്ന ഉന്നത നേതാവുമായാണ്. അതാരാണ് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? – രാഹുല്‍ ഗാന്ധിയുടെ പേര് പറയാതെ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരക്കാര്‍ നിങ്ങളുടെ നാട്ടിലേയ്ക്ക് വരുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരത്തെ പരിഹസിച്ച് മോദി പറഞ്ഞു.

സന്നദ്ധ സംഘടനകളെന്ന് പേരില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ജെഎന്‍യു പോലുള്ള ഇടങ്ങളില്‍ രാജ്യത്തെ വിഭജിക്കുന്ന ടുക്‌ഡെ ടുക്‌ഡെ ഗാംഗുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ നേതാക്കന്മാര്‍ പാകിസ്താനില്‍ വീരനായകരാണ്. ഇവരെല്ലാം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണ്.

ത്രിപുരയിലും കമ്മ്യൂണിസ്റ്റുകാര്‍ എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അവിടെ ഒരു സ്വാധീനവുമില്ലാതിരുന്ന ബിജെപി വന്‍ വിജയം നേടി അധികാരത്തിലെത്തി. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് സൗജന്യ പാസ് കൊടുക്കുകയാണ്. ഇവരെ വോട്ടിലൂടെ പാഠം പഠിപ്പിക്കണം. മുത്തലാഖ് പോലുള്ള കാര്യങ്ങളെ ഇവര്‍ ന്യായീകരിക്കുന്നു. ഇവര്‍ക്ക് സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണുള്ളത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സോളാര്‍ അഴിമതിയിലും ഉള്‍പ്പെട്ടവരാണ് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നത്.

ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിനൊപ്പമാണ്. സുപ്രീം കോടതി വിധിയുടെ പേര് പറഞ്ഞ് സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുകയാണ് ചിലര്‍. വിശ്വാസികളെ ലാത്തി കൊണ്ട് അടിച്ചൊതുക്കാനുള്ള നീക്കം ബിജെപി അനുവദിക്കില്ല. ശബരിമല നേരിട്ട് പരാമര്‍ശിക്കാതെയാണ് മോദി ഇക്കാര്യം പറഞ്ഞത്. അതേസമയം ശബരിമല പ്രചാരണ വിഷയമാക്കുമെന്നും ഇതാര്‍ക്കും തടയാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍