UPDATES

ട്രെന്‍ഡിങ്ങ്

തിരഞ്ഞെടുപ്പ് കഴിയും വരെ മോദി ഇനി വിദേശത്തേക്കില്ലെന്ന് സൂചന

2014ല്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ വിദേശയാത്രകള്‍ക്ക് രണ്ടായിരം കോടി രൂപയിലധികം ചിലവ് വന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുംവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനമൊന്നും നടത്തിയേക്കില്ലെന്ന് സൂചന. അടുത് നാല് മാസത്തേയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദിയുടെ തീരുമാനമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം 14 തവണയാണ് പ്രധാനമന്ത്രി മോദി വിദേശ സന്ദര്‍ശനം നടത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയും അധികാര നഷ്ടവും ബിജെപിയില്‍ മോദിയുടേയും അമിത് ഷായുടേയും അപ്രമാദിത്വത്തിന് നേരെ എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നുണ്ട്. നവംബറില്‍ ജി 20 ഉച്ചകോടിയ്ക്കായി അര്‍ജന്റീനയിലേയ്ക്കാണ് മോദി ഒടുവില്‍ നടത്തിയ വിദേശ സന്ദര്‍ശനം. 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ വിദേശയാത്രകള്‍ക്ക് രണ്ടായിരം കോടി രൂപയിലധികം ചിലവ് വന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

രാജസ്ഥാനില്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച ആഘാതമുണ്ടാകാതിരുന്നതില്‍ ആവസാനഘട്ടത്തില്‍ മോദി നടത്തിയ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് പങ്കുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഐക്യം മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് രൂപപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളിലും കര്‍ഷകരുടെ പ്രശന്ങ്ങളിലും തൊഴിലില്ലായ്മയിലും ഊന്നിയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. ഭരണനിര്‍വഹണം സംബന്ധിച്ച് വ്യാപകമായി അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലെല്ലാമാണ് വിദേശസന്ദര്‍ശനങ്ങള്‍ നാല് മാസത്തേയ്ക്ക് ഒഴിവാക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി ആലോചിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റ് പറയുന്നത് 2014 ജൂണ്‍ മുതല്‍ നരേന്ദ്ര മോദി 48 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയെന്നാണ്. ഒരു ദക്ഷിണേഷ്യന്‍ രാജ്യത്തേയ്ക്കുള്ള സന്ദര്‍ശനം പരിഗണനയിലുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 27നും 29നും ഇന്ത്യ സന്ദര്‍ശിക്കുന്ന ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടായ് ഷെറിങ് മോദിയെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കാന്‍ സാധ്യതയുണ്ട്. അയല്‍രാജ്യമായ ഭൂട്ടാനുമായി ഇന്ത്യക്കുള്ള പ്രത്യേകമായി അടുപ്പം മൂലം ക്ഷണിച്ചാല്‍ നിരസിക്കാനാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍