UPDATES

മോദിയുടെ മനസ് ഇപ്പോഴും ആ പഴയ കാക്കി നിക്കറുകാരന്റേത്; പ്രധാനമന്ത്രിയുടെ കേരള വിമര്‍ശനത്തിനെതിരെ പിണറായി

ആര്‍എസ്എസിന്റേയോ സംഘപരിവാറിന്റേയും വക്താവായല്ല പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടത്.

ആര്‍എസ്എസുകാരന്റെ ആ പഴയ കാക്കി നിക്കറും ഷര്‍ട്ടും ചേര്‍ന്ന യൂണിഫോമിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ് ഇപ്പോളും ഉല്ലസിച്ചകൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരക് സഭയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കാള്‍ വലുതായി മോദി കാണുന്നത് – പിണറായി കുറ്റപ്പെടുത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിഷയം സംബന്ധിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി പദവിയോട് മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്റെ അനുയായികള്‍ കാണിച്ച കോപ്രായങ്ങള്‍ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നതെന്ന് പിണറായി പറഞ്ഞു.

ആര്‍എസ്എസിന്റേയോ സംഘപരിവാറിന്റേയും വക്താവായല്ല പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്. വിവേചനമില്ലാതെ ഈ തുല്യത ഉറപ്പുവരുത്തുന്നതാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതാണ് ചെയ്യുന്നതും. സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഈ അക്രമങ്ങളെ അപലപിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ടായിരുന്നു – പിണറായി പറഞ്ഞു.

പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

ഭരിക്കുന്ന പാർടി കേരളത്തിന്റെ സാംസ‌്കാരിക പൈതൃകം തകർക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്കു ചേർന്നതല്ല. രാജ്യത്തിന്റെ സംസ‌്കാരിക പൈതൃകത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക‌് എല്ലാവിധ സംരക്ഷണവും നൽകുന്ന ആളാണ‌് കേരളത്തെക്കുറിച്ച‌് ഇങ്ങിനെ പറഞ്ഞത‌്. കമ്യൂണിസ്റ്റ‌്കാരല്ല, പകരം മോഡിയുടെ അനുയായികളായ സംഘപരിവാറുകാരാണ‌് കേരളത്തിന്റെ പൈതൃകത്തിനുനേരെ അക്രമണം അഴിച്ചുവിടുന്നത്.

രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കി ഏകതാരൂപത്തിലാക്കാൻ ശ്രമിക്കുന്നത‌് സംഘപരിവാർ ശക്തികളാണ‌്. ഇതിന‌് എല്ലാ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത‌് കേന്ദ്രസർക്കാരും. ഇത്തരക്കാർക്ക‌് കേരളത്തെ നോക്കുമ്പോൾ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത‌് സ്വാഭാവികമാണ‌്. കാരണം കേരളം ബഹുസ്വരത നിലനിർത്തുന്ന സംസ്ഥാനമാണ‌്. കമ്യുണിസ്റ്റ‌് പ്രസ്ഥാനമാണ‌് കേരളത്തെ ഇന്നത്തെ നിലയിലേക്കുയർത്തിയത‌്. ഇക്കാര്യം ഒന്നും മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത‌് പ്രധാനമന്ത്രിയുടെ പദവിക്കു ചേർന്നതല്ല.

ബഹുസ്വരതയുടെ ആധാരശില മതനിരപേക്ഷതയാണ‌്. ഇതിനെതിരെയാണ‌് സംഘപരിവാറിന്റെ പ്രധാന അക്രമണം. മതനിരപേക്ഷത ഉറക്കെ പ്രഖ്യാപിക്കുന്ന ഭരണഘടന രാജ്യത്തിന‌് ആപത്താണെന്ന‌് അവർ പാർലമെന്റിൽ അക്രോശിക്കുന്നു. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാർ മതനിരപേക്ഷതക്കെതിരെ സംസാരിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതിനെതിരെ പ്രതികരിക്കുന്നില്ല. പകരം എല്ലാത്തിനും പിന്തുണ നൽകുന്നു. പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം പലപ്പോഴും മറന്നുപോകുന്നു. പണ്ട‌് അണിഞ്ഞ കാക്കി നിക്കറിന്റെ ഓർമയിലാണ‌് അദ്ദേഹം ജീവിക്കുന്നത‌്. പ്രധാനമന്ത്രി പദമല്ല മോഡിക്ക‌് വലുത‌്. പകരം ആർഎസ‌്എസ‌് പ്രചാരകന്റെ സ്ഥാനത്തെയാണ‌് വലുതായി കാണുന്നത‌്. ആർഎസ‌്എസ‌് ആഹ്വാനം ചെയ്യുന്ന കാര്യങ്ങളല്ല പ്രധാനമന്ത്രി നടപ്പാക്കേണ്ടത‌്. പകരം ഭരണഘടയെ ഉയർത്തിപ്പിടിക്കുകയാണ‌് രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യേണ്ടത‌്.

കേരളത്തിന്റ സംസ‌്കാരിക പൈതൃകത്തെക്കുറിച്ച‌് വാതോരാതെ സംസാരിക്കുമ്പോൾ സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോ എന്ന‌് പ്രധാനമന്ത്രി ചിന്തിക്കണം. ക്രൈസ‌്തവ, മുസ്ലീം വിഭാഗങ്ങൾക്കെതിരെ അക്രമം നടന്നപ്പോൾ മോഡി മൗനം പാലിച്ചു. ഭക്ഷണത്തിന്റെയും പശുവിന്റെയും പേരിൽ കൊലപാതകങ്ങൾ നടന്നപ്പോഴും മിണ്ടിയില്ല. മതന്യുനപക്ഷമായാൽ അക്രമിച്ചുകൊല്ലാം എന്ന മാനസികാവസ്ഥയിലേക്കു ഒരുവിഭാഗം എത്തിച്ചേർന്നത‌് ഈ കുറ്റകരമായ മൗനമാണ‌്.

എന്നിട്ടാണ‌് കേരളത്തിലെ സംസ‌്കാരിക പൈതൃകത്തെക്കുറിച്ച‌് സംസാരിക്കുന്നത‌്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഘപരിവാർ അഴിച്ചുവിടുന്ന അക്രമണങ്ങൾ കേരളത്തിൽ നടക്കില്ല. കാരണം കേരളത്തിന്റെ സംസ‌്കാരിക പൈതൃകം അത്ര ശക്തമാണ‌്. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക‌് ശക്തമായ പിന്തുടർച്ച ഉണ്ടായ സ്ഥലമാണിത‌്. ദേശീയ, കർഷക, തൊഴിലാളി, കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനങ്ങളാണ‌് ഈ പിന്തുടർച്ചയുടെ പതാകാവാഹകർ. ഇതിൽ ഏറ്റവും പ്രസക‌്തമായത‌് കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ ഇടപെടലാണ‌്. യാഥാസ്ഥിതിക വിഭാഗങ്ങൾ ശക്തമായ എതിർപ്പുയർത്തിയെങ്കിലും ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ കേരളം ശക്തമായി മുന്നോട്ടു തന്നെ പോയി. അങ്ങിനെയാണ‌് നമ്മുടെ നാടിന‌് രാജ്യവും ലോകവും അംഗീകരിക്കുന്ന സംസ‌്കാരിക രൂപമുണ്ടായത‌്.

ഇത‌് സംഘപരിവാറിന‌് അംഗീകരിക്കാനാകില്ല. കാരണം അവർക്ക‌് ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും വ്യത്യസ്ത അറകളിലാക്കി അടുക്കിവെക്കുന്ന സമൂഹമാണ‌് ആവശ്യം. പക്ഷെ ഇവിടെ അത‌് നടക്കില്ല. കാരണം മതനിരപേക്ഷതയ‌്ക്ക‌് കേരളത്തിൽ ശക്തമായ അടിത്തറയുണ്ട‌്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ‌് തകർക്കാൻ സംഘപരിവാർ തുടർച്ചയായി ശ്രമിക്കുന്നുണ്ട‌്. പക്ഷെ അതൊരിക്കലും ഇവിടെ വിലപ്പോകില്ല.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിവിധി നടപ്പാക്കുക മാത്രമാണ‌് ചെയ‌്തത‌്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത‌് ദുസ്സൂചന നിറഞ്ഞ പരാമർശമായിരുന്നു. ശബരിമലയുടെ പേരിൽ സ്വന്തം അനുയായികൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ തെറ്റാണെന്ന‌് തുറന്നു പറയാനുള്ള ആർജവും അദ്ദേഹം കാണിക്കണമായിരുന്നു. കേരളത്തിന്റെ സംസ‌്കാരം തകർക്കാൻ ശ്രമിച്ചത‌് ആർഎസ‌്എസായിരുന്നു. സന്നിധാനത്ത‌് അക്രമം അഴിച്ചുവിട്ടതും ആചാരം ലംഘിച്ചതും മറ്റാരുമായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍