UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ കര്‍ഷകരെ വെടി വച്ച് കൊന്നതില്‍ പ്രതിഷേധം ശക്തം: കളക്ടര്‍ക്ക് മര്‍ദ്ദനം

കളക്ടറേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ച ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിട്ടു.

മദ്ധ്യപ്രദേശിലെ മാന്ദ്‌സോറില്‍ അഞ്ച് കര്‍ഷകരെ വെടി വച്ച് കൊന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ ജില്ലാ കളക്ടര്‍ക്ക് മര്‍ദ്ദനം. കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ മൃതദേഹം വഹിച്ച് പ്രകടനം നടത്തുകയായിരുന്നു സ്വന്ത്ര സിംഗ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കളക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. കളക്ടറേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ച ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അക്രമം അഴിച്ചുവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, പടിഞ്ഞാറന്‍ മദ്ധ്യപ്രദേശില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എംഎല്‍എമാരുടെ സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ ഇവിടെ സന്ദര്‍ശനം നടത്തും.

കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ് നടത്താന്‍ യാതൊരു ഉത്തരവും ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ് തന്നെ നടത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കര്‍ഷകരുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ശിവരാജ് സിംഗ് സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. അവകാശങ്ങള്‍ ചോദിക്കുന്ന കര്‍ഷകര്‍ക്ക് ബുള്ളറ്റുകളാണ് കിട്ടുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്നും കൃഷിക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കമല്‍നാഥും രംഗത്തെത്തി. അതേസമയം ശിവരാജ് സിംഗ് ചൗഹാന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയും ഇക്കാര്യം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍