UPDATES

ഇനി കുടുംബശ്രീ ക്വാറികളും; നീക്കം ലൈഫ്, തൊഴിലുറപ്പ് പദ്ധതികള്‍ സുഗമമാക്കാന്‍; ആശങ്കയോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍

ക്വാറികള്‍ പൊതുമേഖലയില്‍ തുടങ്ങുന്നത് ആശ്വാസകരമാണെന്ന ഒരു പക്ഷവുമുണ്ട്, എന്നാല്‍ മറ്റ് ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാതെ കുടുംബശ്രീക്കും ക്വാറി അനുവദിക്കുന്നതിലാണ് എതിര്‍പ്പ്.

സംസ്ഥാനത്ത് ക്വാറികള്‍ തുടങ്ങാന്‍ കുടുംബശ്രീയും. എല്ലാ ജില്ലകളിലും ക്വാറികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതനുസരിച്ച് കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍മാര്‍ സ്ഥലം കണ്ടെത്തുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ലൈഫ് മിഷന്‍ പദ്ധതിക്കായും, തൊഴിലുറപ്പ് പദ്ധതി പോലുള്ള ഇന്റഗ്രേറ്റഡ് പദ്ധതികള്‍ക്കായും കല്ല് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ പാറ പൊട്ടിക്കലിലേക്ക് കടക്കുന്നത്.

മിക്ക ജില്ലകളിലും ക്വാറി തുടങ്ങുന്നതിനായുള്ള സ്ഥലം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും പല കാരണങ്ങളാല്‍ മറ്റ് നടപടികളിലേക്ക് കടക്കാനായിട്ടില്ല. ക്വാറികള്‍ ഏറ്റവുമധികം ദുരന്തമുണ്ടാക്കിയ തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളും ഇതില്‍ ഉള്‍പ്പെടും. അതിതീവ്ര മഴയോടനുബന്ധിച്ച് നൂറിലധികം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമാണ് ഈ മൂന്ന് ജില്ലകളിലുമുണ്ടായത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ പാറഖനനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരും കുടുംബശ്രീയും.

തൃശൂര്‍ ജില്ലയില്‍ കടങ്ങോടാണ് ക്വാറിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അംഗീകാരത്തോടെ രണ്ട് ക്രഷര്‍ യൂണിറ്റുകളും അനധികൃതമായി പത്തോളം ക്വാറികളും പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് കടങ്ങോട്. നിലവിലെ ക്വാറികള്‍ കൊണ്ട് തന്നെ മടുത്ത് സമരത്തിനും പ്രതിഷേധത്തിനുമിറങ്ങുന്ന കടങ്ങോട്ടുകാര്‍ക്ക് പുതിയ പ്രതിസന്ധിയായാണ് കുടുംബശ്രീ ക്വാറി വരുന്നത്. കടങ്ങോട് സ്വദേശിയായ സാദിഖ് അബ്ദുള്ള പറയുന്നു ‘അനുമതിയില്ലാതെ പത്തോളം ക്വാറികളും അനുമതിയോടെ രണ്ട് ക്രഷര്‍ യൂണിറ്റുകളുമാണ് കടങ്ങോട് എന്ന കൊച്ചു സ്ഥലത്തുള്ളത്. പല ക്വാറികളും നടക്കുന്നത് റവന്യൂ പുറമ്പോക്കിലും, വനഭൂമി കയ്യേറിയെടുത്ത സ്ഥലത്തുമാണ്. പല സ്ഥലങ്ങള്‍ക്കും പട്ടയം പോലുമില്ല. ഇതില്‍ വിജിലന്‍സ് കേസ് ഉള്‍പ്പെടെയുള്ളതാണ്. സ്റ്റോപ് മെമ്മോ നല്‍കിയ ക്വാറികള്‍ പോലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരായ ഞങ്ങള്‍ ചിലര്‍ മാത്രമാണ് ഇതിനെതിരെ എതിര്‍പ്പുമായി എത്തിയിട്ടുള്ളത്. കുടുംബശ്രീ അപേക്ഷ സമര്‍പ്പിച്ചാലും ഇവിടെ പാരിസ്ഥിതികാനുമതി ലഭിക്കാൻ സാധ്യതയില്ല എന്നുള്ളതാണ് ആകെ ഒരു ആശ്വാസം. കാരണം ക്വാറി അത്രമാത്രം തകര്‍ത്ത ഒരു നാടാണിത്. ഈ ചെറിയ സ്ഥലത്ത് ഇനിയൊരു ക്വാറി കൂടി വരാനുള്ള ഇടമില്ല. ഇവിടെ പ്രതിഷേധങ്ങളൊന്നും വിലപ്പോവില്ല. ലൈസന്‍ലില്ലാത്ത ഏതെങ്കിലും ക്വാറിക്ക് ലൈസന്‍സ് ഒപ്പിക്കാനുള്ള വഴിയാണോ കുടുംബശ്രീയുടെ ക്വാറിയെന്നും സംശയമുണ്ട്.’

എന്നാല്‍ കടങ്ങോട് ക്വാറിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്നും സ്ഥലം കണ്ടെത്തുക മാത്രമാണ് ചെയ്തതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പറഞ്ഞു. ‘ അയ്യായിരത്തിലധികം വീടുകളാണ് ലൈഫ് മിഷന്റെ ഭാഗമായിത്തന്നെ ജില്ലയില്‍ നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഇതിന് മെറ്റീരിയല്‍ ലഭിക്കാത്ത പ്രശ്‌നമുണ്ട്. ഈ ക്ഷാമം പരിഹരിക്കാനായാണ് എത്രയും വേഗം ക്വാറി തുടങ്ങാനുള്ള നടപടികള്‍ നീക്കുന്നത്. സ്വകാര്യവ്യക്തികള്‍ ക്വാറി നടത്തുന്നത് പോലെയായിരിക്കില്ല. കുടുംബശ്രീ ആവുമ്പോള്‍ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ട് പോവുക. ഒരു ജില്ലയില്‍ ഒരു ക്വാറിയെങ്കിലും തുടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്.’

വയനാട് ജില്ലയില്‍ അമ്പലവയല്‍ പഞ്ചായത്തിലാണ് ക്വാറിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ക്വാറി നടത്തിപ്പുകാരനില്‍ നിന്ന് ക്വാറി കുടുംബശ്രീ ഏറ്റെടുക്കാമെന്നാണ് ആലോചന. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ ലഭിക്കാത്തത് പദ്ധതിക്ക് തടസ്സമായി നില്‍ക്കുകയാണെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സജിത പറഞ്ഞു’ അമ്പലവയല്‍ പഞ്ചായത്തിലെ ഒരു സ്വകാര്യ ക്വാറി നടത്തുന്നയാള്‍ അയാളുടെ ലൈസന്‍സുകളും തൊഴിലാളികളേയും എല്ലാം വിട്ടുതരാം എന്ന് പറഞ്ഞതാണ്. പക്ഷെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പാരിസ്ഥിതിക ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലം. അതുകൊണ്ട് അനുമതി നല്‍കാനുള്ള തടസ്സങ്ങളാണ് പലയിടത്തുനിന്നും പറയുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വന്ന സ്ഥലം കൂടിയാണ്. അപ്പോള്‍ മണ്ണ് സോഫ്റ്റ് ആയിട്ടുള്ളതിനാല്‍ ക്വാറി അനുവദിക്കാന്‍ പറ്റില്ലെന്നും പറയുന്നു. അനുമതി കിട്ടാതെ ഞങ്ങള്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.’

അമ്പലവയല്‍ ഉള്‍പ്പെടുന്ന പ്രദേശം ക്വാറി നിരോധിത മേഖലയായി മുമ്പ് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 177 ക്വാറികളുണ്ടായിരുന്ന വയനാട്ടില്‍ ഇപ്പോള്‍ എട്ട് ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് അവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ രണ്ട് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മറ്റ് ആറ് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതിയും നല്‍കി. എന്നാല്‍ ഇനി വയനാട്ടില്‍ ഒരു പുതിയ ക്വാറി ഒരു കാരണവശാലും അനുവദിക്കാനാവില്ല എന്ന് പാറഖനനത്തിനെതിരെ വര്‍ഷങ്ങളായി പോരാടുന്ന ധര്‍മ്മരാജന്‍ പറയുന്നു ‘ അമ്പലവയല്‍ പഞ്ചായത്തില്‍ ഒരു കാരണവശാലും ക്വാറി തുടങ്ങാനാവില്ല. അതിന് നിയന്ത്രണമേര്‍പ്പെടുത്തിയതാണ്. ഞങ്ങള്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന പ്രദേശങ്ങളിലൊന്നുമാണ് അത്. ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യം ഈ കഴിഞ്ഞ അതിതീവ്ര മഴയോടെ വയനാട്ടില്‍ ഇല്ലാതായി. മുഴുവന്‍ വിണ്ട് നില്‍ക്കുകയാണ്. എന്നിട്ടും കുടുംബശ്രീയുടെ പേരില്‍ പുതിയ ക്വാറി തുടങ്ങുന്നത് വലിയ വിപത്താണുണ്ടാക്കുക. പൊതുമേഖലയില്‍ നിന്നുള്ള ക്വാറികളാകുമ്പോൾ ജനകീയ സമരം പോലും അപ്രസക്തമാവും. എതിര്‍ക്കാനും കഴിയില്ല. എത്രകാലം വേണമെങ്കിലും തുടരുകയും ചെയ്യാം.സ്വകാര്യ വ്യക്തികളുടെ ക്വാറിയാവുമ്പോള്‍ ശക്തമായ സമരം നടത്തി അത് പൂട്ടിക്കുകയെങ്കിലും ചെയ്യാം.’

പത്തനംതിട്ടയില്‍ കോഴിപ്പുറം പഞ്ചായത്തിലാണ് കുടുംബശ്രീ ക്വാറിക്കായി സ്ഥലം കണ്ടെത്തിയതെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസൈന്‍ പറയുന്നു. നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്. പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനായിട്ടില്ല. എന്നാല്‍ വേണ്ട നടപടികള്‍ ചെയ്ത് നല്‍കണമെന്ന് ജില്ലാ കളക്ടറോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാറഖനനം പോലുള്ള മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് അഭിനന്ദനീയമാണെങ്കിലും കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ക്വാറികള്‍ തുടങ്ങാനുള്ള നീക്കം അപകടം ചെയ്യുമെന്നാണ് വിമര്‍ശകരുടെ പക്ഷം. ക്വാറികള്‍ പൊതുമേഖലയില്‍ തുടങ്ങുന്നത് ആശ്വാസകരമാണെന്ന ഒരു പക്ഷവുമുണ്ട്. എന്നാല്‍ മറ്റ് ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാതെ കുടുംബശ്രീക്കും ക്വാറി അനുവദിക്കുന്നതിലാണ് എതിര്‍പ്പ്. സമ്പൂര്‍ണ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുത്തതിന്റെ ഭാഗമായാണ് ക്വാറി മേഖലയിലേക്കുള്ള കാല്‍വയ്പും.

വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറുന്ന പദ്ധതിക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. ലൈഫ് മിഷന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുള്‍പ്പെടെ കുടുംബശ്രീയെ ഏല്‍പ്പിക്കുക, കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവർത്തനങ്ങൾക്കുള്ള കല്ല് ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പദ്ധതികള്‍ക്ക് ബില്ല് പാസ്സാവുന്നതിന് കാലതാമസമെടുക്കും. അഞ്ചും ആറും മാസം കഴിഞ്ഞേ പണം ലഭിക്കു എന്നതിനാല്‍ ക്വാറി ഉടമകള്‍ പദ്ധതിക്കായി കല്ല് നല്‍കാന്‍ പലപ്പോഴും വിസമ്മതിക്കാറാണ്. ഈ പ്രശ്‌നവും കുടുംബശ്രീ ക്വാറികളിലൂടെ പരിഹരിക്കപ്പെടും എന്നതാണ് അധികൃതരുടെ പ്രതീക്ഷ.

കല്യാശ്ശേരിയില്‍ നിന്നും ആലുവയിലെത്തിയ 2000 ചൂലുകള്‍; പ്രളയക്കെടുതിയില്‍ കുടുംബശ്രീ താങ്ങാവുന്നത് ഇങ്ങനെയും കൂടിയാണ്

എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍

അദാനി കണ്ണുവെച്ച കൂടലിലെ ക്വാറിക്കെതിരെ സമരം തുടങ്ങിയത് 1994ല്‍ നിത്യ ചൈതന്യ യതി; ഇപ്പോള്‍ ഇവിടെ 9 ക്വാറികളും 5 ക്രഷറുകളും

ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍