UPDATES

ട്രെന്‍ഡിങ്ങ്

റാഫേലില്‍ വിധി തിരഞ്ഞെടുപ്പിന് ശേഷം: പുന:പരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

റാഫേല്‍ കേസ് അന്വേഷണ ആവശ്യം തള്ളിയ ഡിസംബര്‍ 14ലെ സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്നതാണ് ബഞ്ച്. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും റാഫേല്‍ പുനപരിശോധന ഹര്‍ജിയും വ്യത്യസ്തമായി പരിഗണിച്ചതില്‍ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ സത്യവാങ്മൂലം നല്‍കിയത്.

മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. എഎപി എംപി സഞ്ജയ് സിംഗിന്റെ വാദം കേൾക്കാൻ കോടതി വിസമ്മതിച്ചു. കോടതിയെ അപമാനിക്കുന്ന പരാമർശം നടത്തിയതിനാണ് നടപടി. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയുടെ വാദം കേള്‍ക്കാനും കോടതി തയ്യാറായില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ കക്ഷികള്‍ക്കും വാദങ്ങള്‍ എഴുതി നല്‍കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രശാന്ത് ഭൂഷന്റെ വാദങ്ങള്‍

റാഫേല്‍ കേസ് വിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍. മുഴുവൻ വിവരങ്ങളും സർക്കാർ കോടതിയിൽ നൽകിയില്ല. മറച്ചുവച്ച വിവരങ്ങൾ സുപ്രധാനമാണ്. കരാര്‍ റദ്ദാക്കണം എന്നല്ല, ക്രിമിനല്‍ കേസെടുത്തുള്ള അന്വേഷണം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് പ്രശാന്ത് ഭൂഷണ്‍. അസ്വാഭികമായി അഴിമതി വിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കിയതിന് എതിരെ ക്രിമിനൽ അന്വേഷണം തന്നെ വേണം. ലളിതാ കുമാരി കേസ് വിധി പ്രകാരം പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തണം.

വില വിവരങ്ങൾ മുൻപ് ഒരിക്കലും സിഎജി റിപ്പോർട്ടിൽ നിന്ന് മറച്ചുവച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കരാറിന് വേണ്ടി കൂടിയാലോചന നടത്തിയവർ നിശ്ചയിച്ച ബെഞ്ച് മാർക്ക് വിലയേക്കാളും ഉയർന്ന തുകയ്ക്ക് ആണ് റാഫേൽ യുദ്ധ വിമാനം വാങ്ങിയത്. വിലപേശൽ സംഘത്തിൽ ഏഴു അംഗങ്ങളിൽ മൂന്ന് പേർ തന്നെ വിലയോട് വിയോജിച്ചിരുന്നു. അടിസ്ഥാന വില അഞ്ച് ബില്യൻ യൂറോ (ഏതാണ്ട് 3,91,89,89,84,850 ഇന്ത്യന്‍ രൂപ) ആയിരുന്നു. എന്നാൽ അന്തിമ വില 55.6%വരെ ഉയർന്നു.

കരാർ ഒപ്പുവയ്ക്കുന്നതിന് മുൻപ് മന്ത്രി സഭാ സമിതി യോഗം ചേർന്നു. 2016 ആഗസ്റ്റിലാണ് ആണ് അവസാന മന്ത്രിസഭാ സമിതി യോഗം ചേർന്നത് എന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ സെപ്റ്റംബറിലും യോഗം ചേർന്നു. പ്രതിരോധ കരാറുകൾക്ക് ഉള്ള ചട്ടങ്ങളിലെ സുപ്രധാന വ്യവസ്ഥകൾ ഒഴിവാക്കി. അഴിമതി വിരുദ്ധ വ്യവസ്ഥകൾ അടക്കം 8 വ്യവസ്ഥകൾ ഒഴിവാക്കിയത് കോടതിയിൽ നിന്ന് മറച്ചുവച്ചു.

സി എ ജി റിപ്പോർട്ടിലെ കണ്ടെത്തൽ എങ്ങനെ ആണ് സർക്കാർ റിപ്പോർട്ട് തയ്യാർ ആകുന്നതിനു മുമ്പ് അറിഞ്ഞത്? ഇത് ഒരിക്കലും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നവംബറിൽ ആണ് സി എ ജി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ കോടതിക്ക് കൈമാറിയത്. എന്നാൽ സി എ ജി റിപ്പോർട്ട് പാർലമെന്റിൽ വച്ചത് ഫെബ്രുവരിയിൽ ആണ്. സർക്കാരിന് ഈ റിപ്പോർട്ടിനെ കുറിച്ച് എങ്ങനെ മുൻ‌കൂർ വിവരം ലഭിച്ചു?

വ്യവസ്ഥകൾ ഒഴിവാക്കിയത് എന്ത് കൊണ്ട് കോടതിയെ അറിയിച്ചില്ല? അഴിമതി തടയാൻ ഉള്ള വ്യവസ്ഥകൾ ഒഴിവാക്കിയത് തന്നെ കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണത്തിന് മതി ആയ കാരണം ആണ്.

റഫാൽ കരാറിന് ഫ്രാൻസിന്റെ സോവറീൻ ഗ്യാരണ്ടി ഇല്ല, ഉറപ്പ് നൽകിയുള്ള കത്ത് മാത്രമാണ് ഉള്ളത്. ബാങ്ക് ഗ്യാരന്റി ഇല്ലാതെ വിമാനം വാങ്ങാൻ നിശ്ചയിച്ച വിലയും ബാങ്ക് ഗ്യാരന്റിയോട് വിമാനം വാങ്ങാൻ തീരുമാനിച്ച വിലയും തമ്മിൽ വലിയ വ്യത്യാസം ഇല്ല. ബാങ്ക് ഗ്യാരന്റി ഒഴിവാക്കി നൽകിയത് വഴി ഡസോൾട്ടിന് വലിയ സാമ്പത്തിക ലാഭമുണ്ടായി.
റഷ്യൻ കമ്പനികളിൽ നിന്ന് ഇന്ത്യ ഗ്യാരന്റി ആവശ്യപ്പെടാറില്ല. കാരണം റഷ്യൻ കമ്പനികൾ ഗവണ്‍മെന്റ്‌ കമ്പനികൾ ആണ്. എന്നാൽ ഡസോൾട്ട് സ്വകാര്യ കമ്പനി ആണ്.

അടിയന്തരമായി വിമാനങ്ങൾ ലഭ്യമാക്കണം എന്നതാണ് കരാറിന് കാരണമായി പറഞ്ഞത്, എന്നാൽ വിമാനങ്ങൾ ലഭ്യമാക്കുന്നത് വൈകാൻ ആണ് ഇപ്പോഴത്തെ കരാറിലൂടെ വഴിയൊരുങ്ങിയത്. റാഫേൽ വിമാനങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്തിനുള്ള സമയം നീട്ടി നൽകി. ആദ്യ കരാർ പ്രകാരം 18 വിമാനങ്ങൾ ഒഴികെ ഉള്ളവ ഇന്ത്യയിൽ HAL (Hindustan Aeronautics Ltd) നിർമ്മിക്കേണ്ടത് ആയിരുന്നു. ആദ്യ കരാർ പ്രകാരം സാങ്കേതിക വിദ്യ കൂടി ഇന്ത്യക്ക് കിട്ടുമായിരുന്നു.

അനിൽ അംബാനിയും ഫ്രാൻസിലെ പ്രതിരോധ മന്ത്രിയും തമ്മിൽ ചർച്ച നടത്തി. ഇത് സമാന്തര ചർച്ച ആയിരുന്നു. ദേശിയ സുരക്ഷ ഉപദേഷ്ടാവും സമാന്തര ചർച്ച നടത്തി. സമാന്തര ചർച്ചകൾ പ്രതിരോധ മന്ത്രാലയം നടത്തിയ വില നിർണ്ണയ ചർച്ചകളെ ദുർബലം ആക്കി. അനിൽ അംബാനി ഫ്രഞ്ച് മന്ത്രിയുടെ ഭാര്യയുടെ സിനിമ നിര്മിക്കാമെന്നു ഏറ്റിരുന്നു. കൊടുക്കൽ വാങ്ങൽ ആണ് ഇടപാടിലൂടെ നടന്നത്. ഇതെല്ലാം അന്വേഷിക്കണം
ഇടപാടും ആയി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിഗണിക്കണം.

അരുൺ ഷൂരി

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വിവരങ്ങൾ മറച്ചു വച്ചതിനും സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്ന് അരുൺ ഷൂരി. പുതിയ രേഖകൾ കോടതി കാണണമെന്നാണ് ഞങ്ങൾ ഉദേശിച്ചത്.

യഥാർത്ഥ രേഖകൾ ഹാജരാക്കിയാൽ കോടതിയെ ഏതറ്റം വരെയാണ് തെറ്റിദ്ധരിപ്പിച്ചത് എന്നു മനസിലാകും. വൻ തട്ടിപ്പ് ആണ് നടന്നിരിക്കുന്നത്.

സർക്കാർ പല രേഖകളും രഹസ്യം ആണെന്ന് പറയുന്നു. എന്നാൽ പലതും പൊതു മണ്ഡലത്തിൽ ലഭ്യമാണ്.

കോടതി സർക്കാരിനെ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം സർക്കാർ ദുരുപയോഗിച്ചു. കോടതിയെ തെറ്റ് ധരിപ്പിച്ചവർക്ക് എതിരെ നടപടി വേണം.

അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍

ഹര്‍ജി തള്ളണം എന്ന് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍.

വില വിവരങ്ങൾ ഇന്ത്യ ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള 2008ലെ കരാറിന്റെ ഭാഗമാണ്. അതുകൊണ്ട് വില വിവരങ്ങൾ പരസ്യപ്പെടുത്താൻ ആകില്ല.

റിട്ട് ഹർജിയിലെ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് ഹർജിക്കാർ.

വില നിർണ്ണയം സംബന്ധിച്ച എല്ലാ രേഖകളും കോടതി പരിശോധിക്കണം എന്ന ആവശ്യം പ്രായോഗികം അല്ല. യുദ്ധ വിമാനം ഇന്ത്യയ്ക്ക് അനിവാര്യമാണ്. അത് യാഥാര്ഥ്യമാണ്. റാഫേൽ വിമാനങ്ങൾ അലങ്കാരത്തിന് വാങ്ങിയതല്ല. ദേശീയ സുരക്ഷയാണ് ലക്ഷ്യം. ഇത്തരം വാദങ്ങളുടെ പേരിൽ ഒരു കോടതിയും പ്രതിരോധ ഇടപെടലുകൾ പരിശോധിക്കില്ല.

ലളിത കുമാരി കേസ് വിധി പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടത് അല്ലേ? ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചപ്പോൾ എജിയുടെ മറുപടി: ലളിത കുമാരി വിധി ഈ കേസിന് ബാധകം ആകില്ല. രണ്ടും രണ്ട് സാഹചര്യം ആണ്.

വില വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നില്ല, നടപടിക്രമങ്ങൾ മാത്രമാണ് ചോദിച്ചത്. അത് ഹാജരാക്കി. അതിൽ ചെറിയ പിഴവ് ഉണ്ടെകിൽ പോലും വിധി പുനപരിശോധിക്കാൻ അത് തക്കതായ കാരണം അല്ല.

നടപടിക്രമങ്ങൾ കോടതി അംഗീകരിച്ചതാണ്. വീണ്ടും രേഖകൾ ഹാജരാക്കേണ്ട ആവശ്യമില്ല. കുറഞ്ഞ നിരക്കിലാണ് വിമാനങ്ങൾ വാങ്ങുന്നതെന്ന് സിഎജി റിപ്പോർട്ട് തന്നെ കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതി വില കണക്ക് കൂട്ടാൻ പോവുകയാണോ? അങ്ങനെയെങ്കിൽ കോടതി വിമാമങ്ങളുടെ വില നിശ്ചയിക്കുമോ എന്നും അറ്റോർണി ജനറൽ ചോദിച്ചു.

സോവറീൻ ഗ്യാരന്റി ഇല്ലാതെ നേരത്തെയും കരാറുകൾ ഒപ്പിട്ടുണ്ട്. റഷ്യയും അമേരിക്കയും ആയി ഉള്ള കരാറുകളിൽ സോവറീൻ ഗ്യാരന്റി ഇല്ലായിരുന്നു. റഫാൽ ഇടപാടിന് ഫ്രഞ്ച് സർക്കാരിന്റെ ലെറ്റർ ഓഫ് കംഫർട്ട് ഉണ്ട്.

ഇപ്പോഴത്തെ റാഫേൽ കരാറിൽ മുൻ കരാറിലേത് പോലെ സാങ്കേതിക വിദ്യ കൈമാറ്റം ഇല്ലാത്തതിനെ എങ്ങനെ വിശദീകരിക്കാൻ ആകുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചോദിച്ചു.
സാങ്കേതിക വശം തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് എജി പറഞ്ഞു. എച്ച്.എ.എൽ ഉൾപ്പെട്ട കരാർ പാളുമെന്ന് തെളിയിക്കാൻ ആകുമെന്ന് എജി അവകാശപ്പെട്ടു. ഇത് റോഡോ പാലമോ നിർമിക്കാൻ ഉള്ള കരാർ അല്ല. പ്രതിരോധ കരാറിൽ പല പരിഗണനകളും വിഷയങ്ങളും വരും.

ഡിസംബര്‍ 14നാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയത്. ഇതിനെതിരായാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.

മോഷണം നടത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുനപരിശോധന ഹര്‍ജി നല്‍കിയതെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. റാഫേല്‍ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാല് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടന്ന തെളിയിക്കുന്ന രേഖകള്‍ ദി ഹിന്ദു പത്രം നേരത്തെ പുറത്തുവിട്ടിരുന്നു.

രാജീവ് മാത്രമല്ല, സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസും സഹായിച്ചു; നാനാ ദേശ് മുഖിന്റെ രേഖകളില്‍ തെളിയുന്ന സംഘ്പരിവാര്‍ ബന്ധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍