UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ പ്രധാനമന്ത്രി എന്നത് സ്റ്റാലിന്റെ അഭിപ്രായം, സിപിഎമ്മിന്റേതല്ല; ശശി തിരിച്ചെത്തുക ബ്രാഞ്ച് അംഗമായി: യെച്ചൂരി

ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല. പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ നടപടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള പുറത്താക്കലാണ്.

രാഹുല്‍ പ്രധാനമന്ത്രി എന്നത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ അഭിപ്രായം മാത്രമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന് ഇങ്ങനെയൊരു അഭിപ്രായമില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സര്‍ക്കാരിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനാകൂ എന്നതാണ് സിപിഎമ്മിന്റെ നിലപാട്. 2004ല്‍ യുപിഎ ഉണ്ടായത് ഇത്തരത്തിലാണ്. ബിജെപിയെ പരാജയപ്പെടുത്താനായി ഓരോ സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുന്ന മതേതര കക്ഷികള്‍ തമ്മിലുള്ള ധാരണയാണ് ഇത്തരമൊരു ബദല്‍ സര്‍ക്കാരിന്റെ രൂപീകരണത്തിലേയ്ക്ക് നയിക്കുക. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പികെ ശശി എംഎല്‍എ പാര്‍ട്ടിയില്‍ ആറ് മാസത്തത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയില്‍ തിരിച്ചെത്തുകയാണെങ്കില്‍ ബ്രാഞ്ച് അംഗമായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് യെച്ചൂരി വ്യക്തമാക്കി. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല. പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ നടപടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള പുറത്താക്കലാണ്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാള്‍ക്ക് സസ്‌പെന്‍ഷന്‍ കാലത്ത് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഎമ്മിന്റെ സംഘടനാസംവിധാനം അനുസരിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന മേല്‍ഘടകത്തിലേയ്ക്ക് തിരിച്ചുവരാനാകില്ല. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരാളെ സസ്‌പെന്‍ഡ് ചെയ്താല്‍ ആ വ്യക്തി പ്രാഥമിക അംഗമായാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുക. ശശിയെ എംഎല്‍എയായി തിരഞ്ഞെടുത്തത് പാര്‍ട്ടിയല്ല, ജനങ്ങളാണ്.

കേരളത്തില്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയത പടര്‍ത്തുന്നതായും ശബരിമലയില്‍ ദക്ഷിണേന്ത്യന്‍ അയോധ്യയുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ നടത്തുന്ന പ്രചരണ പരിപാടികളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിനെ ശിക്ഷിച്ച വിധി സ്വാഗതാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ശേഖരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും മതേതര സര്‍ക്കാരിനെ ആര് നയിക്കുമെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തും. ബിജെപി സര്‍ക്കാരുകള്‍ക്ക് എതിരായ ജനവികാരമാണ് തെരഞ്ഞടുപ്പ് ഫലങ്ങള്‍. റാഫേല്‍ ഇടപാടിനെ കുറിച്ച് ജെപിസി അന്വേഷിക്കണമെന്നും യെച്ചൂരി പറഞ്ഞു. മതേതര ബദലായി സിപിഐ എം പ്രവര്‍ത്തിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍