UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫെബ്രുവരി 15ന് രാഹുല്‍ ഗാന്ധി വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ കാണും

കോണ്‍ഗ്രസിന്റെ വിദേശനയം സംബന്ധിച്ച് അറിയാന്‍ വിദേശ പ്രതിനിധികള്‍ക്ക് താല്‍പര്യമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും താല്‍പര്യം കാണിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും ഹൈക്കമ്മീഷണര്‍മാരും അടക്കമുള്ള വിദേശ നയതന്ത്ര പ്രതിനിധികളെ ഫെബ്രുവരി 15ന് ന്യൂഡല്‍ഹിയില്‍ കാണും. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശനയതന്ത്ര പ്രതിനിധികളെ ഉച്ചഭക്ഷണത്തിനാണ് രാഹുല്‍ ക്ഷണിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചര്‍ച്ചയ്‌ക്കെത്തും. കഴിഞ്ഞ വര്‍ഷം 40 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് രാഹുല്‍ ഗാന്ധി അത്താഴവിരുന്നൊരുക്കിയിരുന്നു.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ രാഹുലിനെ കാണുന്നതിന് താല്‍പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള കത്തുകള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വരുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ വിദേശനയം എന്നത് സംബന്ധിച്ച് അറിയാന്‍ വിദേശ പ്രതിനിധികള്‍ക്ക് താല്‍പര്യമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും താല്‍പര്യം കാണിക്കുന്നു. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിദേശ നയതന്ത്ര പ്രതിനിധികള്‍ പ്രതിപക്ഷ കക്ഷി നേതാക്കളെ കണ്ട് സംസാരിക്കുന്നതും ഇത്തരത്തിലുള്ള മീറ്റിംഗുകളും പുതിയ കാര്യമല്ല. 2013ല്‍ ജര്‍മ്മന്‍ പ്രതിനിധികള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ന്യൂഡല്‍ഹി ചാണക്യപുരിയിലെ ജര്‍മ്മന്‍ അംബാസഡറുടെ വസതിലായിരുന്നു ഇത്. ചൈനയുമായുള്ള ഡോക്ലാം അതിര്‍ത്തി സംഘര്‍ഷ പ്രശ്‌നം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നു. ചൈനീസ് പ്രതിനിധി ലുവോ സാഹുയിയുമായി 2017ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യരും പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സൊഹൈയ്ല്‍ മെഹമൂദുമായി കൂടിക്കാഴ്ച നടത്തിയത് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി പ്രചാരണവിഷയമാക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍