UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജയിലിലായ മണിപ്പുരി മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്‌

ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യയെ തന്നെ അട്ടിമറിക്കാനും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന എല്ലാവരേയും ആക്രമിക്കാനുമാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനേയും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനേയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി, കുടുംബത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കത്ത്. ദേശീയ സുരക്ഷാനിയമപ്രകാരമുള്ള കേസില്‍ തടവിലാക്കപ്പെട്ട കിഷോര്‍ചന്ദ്ര വാങ്‌ഖെമിനാണ് രാഹുല്‍ കത്തയച്ചത്. കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കത്തില്‍ രാഹുല്‍ പറയുന്നു. മണിപ്പൂരിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത, ഒരു ബന്ധവുമില്ലാത്ത ഝാന്‍സി റാണിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചു എന്ന് പറഞ്ഞ് സര്‍ക്കാരിനേയും മുഖ്യമന്ത്രി ബീരേന്‍ സിംഗിനേയും വിമര്‍ശിച്ചുകൊണ്ട് കിഷോര്‍ചന്ദ്ര ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിര അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു എന്നാണ് ആരോപണം.

എന്‍എസ്എ പ്രകാരം നവംബര്‍ 27നാണ് കിഷോര്‍ചന്ദ്രയെ അറസ്റ്റ് ചെയ്തത്. സിജെഎം കോടതി ജാമ്യം അനുവദിച്ചതിന്റെ പിറ്റേ ദിവസമാണ് കിഷോര്‍ ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനത്തിനും രാജ്യസുരക്ഷയ്ക്കും കിഷോര്‍ചന്ദ്ര ഭീഷണിയാണ് എന്ന് പറഞ്ഞാണ് വെസ്റ്റ് ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍എസ്എ ഉത്തരവ് പുറപ്പെടുവിച്ചത്. കിഷോര്‍ചന്ദ്രയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.

അധികാരം ഉപയോഗിച്ച് എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന നടപടിയാണ് ഉണ്ടാകുന്നത് എന്ന് കത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. മണിപ്പൂര്‍ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിക്കാാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിലോമശക്തികള്‍ അക്രമമഴിച്ചുവിടുമ്പോള്‍ സാധാരണക്കാരെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യയെ തന്നെ അട്ടിമറിക്കാനും തങ്ങളുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന എല്ലാവരേയും ആക്രമിക്കാനുമാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കിഷോര്‍ചന്ദ്രയുടെ വിടുതല്‍ ഹര്‍ജി ഫെബ്രുവരി ഒന്നിന് മണിപ്പൂര്‍ ഹൈക്കോടതി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍