UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ക്ക് ഇനി ആറ് മണിക്കൂര്‍ പോലുമില്ല മറുപടി പറയാന്‍: റാഫേല്‍ ഇടപാടില്‍ ജയ്റ്റ്‌ലിയോട് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ഉന്നയിച്ച് ജയ്റ്റ്‌ലി തന്നെയാണ് സംവാദത്തിന് തുടക്കം കുറിച്ചത്.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാട് സംബന്ധിച്ച് പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) കൂടാമെന്ന നിര്‍ദ്ദേശം ജയ്റ്റ്‌ലിക്ക് മുന്നില്‍ രാഹുല്‍ വച്ചിരുന്നു. ജെപിസി രൂപീകരിക്കാന്‍ 24 മണിക്കൂര്‍ മതിയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് വീണ്ടും പുതിയ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നത് ഇതില്‍ ആറ് മണിക്കൂര്‍ പോലും സമയം ബാക്കിയില്ലെന്നാണ്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ഉന്നയിച്ച് ജയ്റ്റ്‌ലി തന്നെയാണ് സംവാദത്തിന് തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ് എന്ന് അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തിനെ സംരക്ഷിക്കുകയാണ് എന്നാണ് റിലൈന്‍സ് ഡിഫന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിയെ പേരെടുത്ത് പറയാതെ രാഹുല്‍ പറഞ്ഞിരുന്നു. മിസ്റ്റര്‍ ജയ്റ്റ്‌ലി, റാഫേല്‍ കൊള്ളയിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും ആകര്‍ഷിച്ചതിന് നന്ദി എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്.

ബോഫോഴ്‌സ് അഴിമതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയെ ന്യായീകരിക്കുകയായിരുന്നു അന്നത്തെ ജെപിഎസി എന്നും നിങ്ങളുടെ നുണകളെ തൃപ്തിപ്പെടുത്താന്‍ എന്തിനാണ് ജെപിസി എന്നുമാണ് ്ജയ്റ്റ്‌ലി ചോദിച്ചത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഇതിന് മറുപടി പറഞ്ഞത്. ജെപിഎസി എന്നാല്‍ ജൂത്തി പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ പറ്റിക്കാന്‍ നുണപറയുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. രാഹുലിന്റെ ബുദ്ധിയേക്കാള്‍ മികച്ചതാണ് രാജ്യത്തെ ജനങ്ങളുടെ ബുദ്ധിയെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

യുപിഎ കാലത്ത് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒപ്പിട്ട കരാര്‍ അതിലും വളരെ കൂടിയ വിലയ്ക്ക് കുറച്ച് വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ കമ്പനിയെ ഫ്രഞ്ച് കമ്പനിയുടെ കരാര്‍ പങ്കാളിയാക്കിയതിനും കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍