UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി നോമിനേഷന്‍ സമര്‍പ്പിച്ചു: കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഉടന്‍

തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടായിട്ടും കഴിഞ്ഞില്ലെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റാരും പത്രിക സമര്‍പ്പിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടാകും. അഞ്ച് വര്‍ഷമായി പാര്‍ട്ടി ഉപാദ്ധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ ആദ്യമായി ഉപാദ്ധ്യക്ഷനാകുന്ന നേതാവാണ് രാഹുല്‍. ന്യൂഡല്‍ഹി 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്താണ് രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

നിലവിലെ പാര്‍ട്ടി അദ്ധ്യക്ഷയും രാഹുലിന്റെ അമ്മയുമായ സോണിയ ഗാന്ധിയാണ് പേര് നിര്‍ദ്ദേശിച്ചത്. 1998 മുതല്‍ തുടര്‍ച്ചയായ 19 വര്‍ഷം പാര്‍ട്ടി പ്രസിഡന്റായിരുന്നു സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം പ്രസിഡന്റായിരുന്ന വ്യക്തിയാണ സോണിയ. ഇന്ത്യന്‍ ദേശീയ പാര്‍ട്ടികളുടെ ചരിത്രത്തിലും ഇത്രയും കാലം പ്രധാന നേതാവിന്റെ പദവി വഹിച്ച മറ്റൊരാളില്ല.

89 നോമിനേഷനുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുലിന് വേണ്ടി ഫയല്‍ ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും കണ്ട ശേഷമാണ് അദ്ദേഹം നോമിനേഷന്‍ സമര്‍പ്പിച്ചത്. പാര്‍ട്ടി ഭരണഘടനയും ചട്ടങ്ങളും അനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ് എന്ന് നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആരും മുന്നോട്ട് വന്നില്ല.

കോണ്‍ഗ്രസില്‍ ‘ഔറംഗസേബ് രാജെ’ന്ന് നരേന്ദ്ര മോദി

അതേസമയം തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടായിട്ടും കഴിഞ്ഞില്ലെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച് ടിവി ഡിബേറ്റില്‍ തന്നോട് മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് പൂനാവാല രാഹുലിനെ വെല്ലുവിളിച്ചു. കുടുംബപ്പേര് കൊണ്ടല്ല നേതാവാകേണ്ടതെന്നും മികവ് കൊണ്ടാണെന്നും പൂനാവാല പറഞ്ഞു. പൂനാവാലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഔറംഗസേബ് രാജ് (കുടുംബവാഴ്ച) ആണ് നടക്കുന്നത് എന്ന് മോദി പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍