UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുറന്നുകാട്ടി; മോദി സര്‍ക്കാരിന്റെ പീഡനങ്ങള്‍ക്കൊടുവില്‍ രജനീഷ് റായ് ഐപിഎസ് രാജി വച്ചു

നിലവില്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറായ രജനീഷ്, അസമിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല തുറന്നുകാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതായാണ് അഹമ്മദാബാദ് മിറര്‍ പറയുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഡിജി വന്‍സാര അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് സര്‍വീസില്‍ നിന്ന് രാജി വച്ചു. നിലവില്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍  ജനറലായ രജനീഷ്, അസമിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല തുറന്നുകാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതായാണ് അഹമ്മദാബാദ് മിറര്‍ പറയുന്നത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ബിജെപി നേതൃത്വത്തിന് കണ്ണിലെ കരട് പോലെയാണ്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കേസിലും തുള്‍സിറാം പ്രജാപതി കേസിലും മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടേയും വിശ്വസ്ത ഉദ്യോഗസ്ഥരായിരുന്ന ഡിജി വന്‍സാര, പിസി പാണ്ഡെ, ഒപി മാഥുര്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരുടെ അറസ്റ്റിലേയ്ക്ക് നയിച്ചത് രജനീഷ് ആണ്. 2017 മാര്‍ച്ച് 30ന് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകരെന്ന് കരുതുന്ന രണ്ട് പേരെയാണ് വെടിവച്ച് കൊന്നത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി 2017 ഏപ്രിലില്‍ രജനീഷ് റായ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അസമിലെ ചിരാംഗ് ജില്ലയിലുള്ള സിമാല്‍ഗുരി ഗ്രാമത്തിലാണ് വ്യാജ ഏറ്റമുട്ടല്‍ കൊലയെന്ന് കരുതുന്ന സംഭവം നടന്നത്. ലൂക്കാസ് നാര്‍സാരി അഥവാ എന്‍ ലാഗ്ഫ, ഡേവിഡ് ഇസ്ലാരി അഥവാ ദയൂദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

രജനീഷ് റായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ധനകാര്യ സെക്രട്ടറി ഇഎഎസ് ശര്‍മ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പൊലീസും അസമില്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ചായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് മറുപടി തേടി. പ്രതിരോധ മന്ത്രാലയത്തോടും അസം സര്‍ക്കാരിനോടും സിആര്‍പിഎഫിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഏതെങ്കിലുമൊരു താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ കൊലയല്ല ഇതെന്നും രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ കൂട്ടായി തീരുമാനിച്ച് നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണിതെന്നും രജനീഷ് റായ് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെ സംബന്ധിച്ച് വളരെ അപകടകരമായ രീതിയാണ്. സുരക്ഷാ സേനകള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും രജനീഷ് റായ് ചൂണ്ടിക്കാട്ടി. ക്രൈം സിഐഡി ഡിഐജി ആയിരിക്കെയാണ് 2007ല്‍ വന്‍സാര അടക്കം ഒരു ഡസന്‍ പൊലീസ് ഉദ്യോഗസ്ഥരെ രജനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുന്നത്. 2017ല്‍ വന്‍സാര അടക്കമുള്ളവര്‍ ജയില്‍ മോചിതനായി.

ഝാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ യുസിഐഎല്ലില്‍ ചീഫ് വിജിലന്‍സ് ഓഫീസറായിരിക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് രജനീഷ് റായ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപിയുടേയും മോദി സര്‍ക്കാരിന്റേയും പ്രതികാര നടപടിക്ക് സഞ്ജീവ് ഭട്ടിനെ പോലെ തന്നെ ഇരയായ മറ്റൊരു ഐപിഎസുകാരനാണ് രജനീഷ് റായ്. മോശം പെരുമാറ്റത്തിന് അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അന്വേഷണം സ്റ്റേ ചെയ്തു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ രജനീഷ് റായിയെ കേന്ദ്ര സര്‍ക്കാര്‍ ഷില്ലോംഗിലേയ്ക്ക് സ്ഥലംമാറ്റി. ഈ വര്‍ഷം ജൂണില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിലേയ്ക്ക് വീണ്ടും സ്ഥലംമാറ്റം – സിആര്‍പിഎഫിന്റെ സിയാറ്റ് (കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്‍ഡ് ആന്റി ടെററിസം) സ്‌കൂളിലേയ്ക്ക്. പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍